കോഴിക്കോട് സ്വദേശി ഐ.സി.എഫിന്റെ ഇടപെടൽ മൂലം നാടണഞ്ഞു
text_fieldsയാംബു: യാംബു ജനറൽ ആശുപത്രിയിൽ ഒരു മാസക്കാലമായി ഗുരുതരമായ രോഗം കാരണം ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിയെ ഐ.സി.എഫ് യാംബു വെൽഫെയർ സമിതിയുടെ ഇടപെടൽ മൂലം നാട്ടിലെത്തിച്ചു.
സ്വദേശിയുടെ ഈത്തപ്പഴക്കടയിൽ ജോലി ചെയ്യുകയായിരുന്ന ബാലുശ്ശേരി സ്വദേശിയായ അബ്ദുല്ല പാണായി (60) യെയാണ് നാട്ടിലെത്തിച്ചത്.
ഹൃദയസംബന്ധമായ രോഗവും കിഡ്നിയിലെ കല്ലും നിമിത്തം ഏറെ പ്രയാസപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ വിവരം ശ്രദ്ധയിൽപെട്ട ഐ.സി.എഫ് സന്നദ്ധ പ്രവർത്തകർ ഇടപെടുകയായിരുന്നു.
ഈത്തപ്പഴക്കടയിൽ ചെറിയ ശമ്പളത്തിന് ജോലി ചെയ്തിരുന്ന അബ്ദുല്ലക്ക് രോഗം കാരണം ഏറെ പ്രതിസന്ധി ഉണ്ടായപ്പോൾ അദ്ദേഹത്തിന് ആവശ്യമായ ഭക്ഷണവും ചികിത്സയും പരിചരണവും നൽകി. സ്പോൺസറുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നൽകാനും നാട്ടിലെത്തിക്കാനും വേണ്ട നടപടികൾ ചെയ്യാൻ ഐ.സി.എഫ് പ്രവർത്തകർ രംഗത്തുവരുകയായിരിന്നു.
തുടർചികിത്സക്കുള്ള സാമ്പത്തിക സഹായവും ഐ.സി.എഫ് വെൽഫെയർ സമിതി നൽകി. തനിക്കുവേണ്ടി വിവിധ രീതിയിൽ സഹായ ഹസ്തങ്ങൾ ചെയ്ത സന്നദ്ധ പ്രവർത്തകർക്ക് നന്ദി പറഞ്ഞാണ് അബ്ദുല്ല കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത്. ഐ.സി.എഫ് വെൽഫെയർ സമിതി അംഗങ്ങളായ അബ്ദുൽ ഗഫൂർ ചെറുവണ്ണൂർ, ഫിറോസ് ചെട്ടിപ്പടി, യൂസുഫ് മുക്കം, അലി കളിയാട്ടുമുക്ക്, അലി വയനാട്, മുഹമ്മദ് മാസ്റ്റർ വെള്ളയൂർ, സിറാജ് പരപ്പനങ്ങാടി എന്നിവർ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.