ഒ.ഐ.സി.സി സംഘടനാ സംവിധാനം ശക്തമാക്കുമെന്ന് കെ.പി.സി.സി സെക്രട്ടറിമാർ
text_fieldsഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൻ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'മീറ്റ് വിത്ത് ലീഡേഴ്സ്' പരിപാടിയിൽ കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. പഴകുളം മധുവും അഡ്വ. പി.എ സലിമും. സമീപം ഹക്കീം പാറക്കൽ എന്നിവർ
ജിദ്ദ: സൗദിയിലെ ഒ.ഐ.സി.സി സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധുവും അഡ്വ. പി.എ സലീമും ജിദ്ദയിലെത്തി. സൗദിയിലെ ഒ.ഐ.സി.സി മൂന്ന് റീജനൽ കമ്മിറ്റി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ഭാഗമായി ജിദ്ദ വെസ്റ്റേൻ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'മീറ്റ് വിത്ത് ലീഡേഴ്സ്' പരിപാടിയിൽ ഇരുവരും പങ്കെടുത്തു.
പ്രവർത്തകരുടെ അഭിപ്രായങ്ങൾ ആരായുകയും, സംഘടനാ സംവിധാനം ശക്തമാക്കുന്നതിന് വ്യക്തമായ മാർഗനിർദേശങ്ങൾക്ക് കെ.പി.സി.സി രൂപം നൽകുമെന്ന് നേതാക്കൾ അറിയിച്ചു. ജിദ്ദ റീജനൽ കമ്മിറ്റി ഭാരവാഹികളും ഗ്ലോബൽ, നാഷനൽ, ജില്ല, ഏരിയാ കമ്മിറ്റി ഭാരവാഹികളും, ജിദ്ദ വെസ്റ്റേൻ റീജനൽ കമ്മിറ്റി പരിധിയിൽപ്പെട്ട ഏരിയാ കമ്മിറ്റികളായ മക്ക, മദീന കമ്മിറ്റി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
നാടിനോടും സഹജീവികളോടുമുള്ള പ്രവാസി സമൂഹത്തിെൻറ ആത്മാർഥമായ സേവനങ്ങൾ കെ.പി.സി.സി നേതാക്കൾ എടുത്തുപറഞ്ഞു. സംഘടന ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ഭാരവാഹികൾ ഉന്നയിച്ച ആവശ്യങ്ങൾ കെ.പി.സി.സി പ്രസിഡൻറുമായി കൂടിയാലോചിച്ച് മുന്നോട്ടുപോകുമെന്നും, വിഭാഗീയ പ്രവർത്തനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നേതാക്കൾ അറിയിച്ചു. ജിദ്ദ റീജനൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് കെ.പി.സി.സി പൂർണ പിന്തുണ നൽകുമെന്നും നേതാക്കൾ പറഞ്ഞു.
കെ.പി.സി.സിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് പ്രവാസലോകത്ത് ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി സൗദിയിൽ റീജനൽ കൗൺസിൽ രൂപീകരിക്കുകയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്ത സാഹചര്യത്തിൽ ജിദ്ദ വെസ്റ്റേൻ റീജനൽ കമ്മിറ്റിയിൽ നിന്നും സൗദി റീജനൽ കൗൺസിലിലേക്ക് തെരഞ്ഞെടുത്ത സിമി അബ്ദുൽ ഖാദർ, നജീബ് വെഞ്ഞാറമൂട്, സുജു തേവരുപറമ്പിൽ എന്നിവരെ ജനറൽ സെക്രട്ടറിമാർ ഷാൾ അണിയിച്ചു ആദരിച്ചു.
പ്രവാസികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ കെ.പി.സി.സിയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൗദി ചാപ്റ്റർ അവസരമൊരുക്കുമെന്ന് പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ കൂടിയായ അഡ്വ. പഴകുളം മധു പറഞ്ഞു. നേതൃയോഗത്തിൽ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അഡ്വ. പി.എ സലീം മറുപടി പറഞ്ഞു.
കെ.പി.സി.സി ജനറൽ സെക്രട്ടറിമാരെ റീജനൽ കമ്മിറ്റിക്ക് വേണ്ടി വൈസ് പ്രസിഡൻറുമാരായ സഹീർ മഞ്ഞാലിയും രാധാകൃഷ്ണൻ കാവുമ്പായിയും ഷാൾ അണിയിച്ചു. പ്രസിഡൻറ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആസാദ് പോരൂർ സ്വാഗതവും ട്രഷറർ ശരീഫ് അറക്കൽ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.