ക്രിയ ജിദ്ദ ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു
text_fieldsജിദ്ദ: പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സാമൂഹിക ഉന്നതി ലക്ഷ്യമാക്കി നടപ്പാക്കിക്കൊണ്ടിരിക്കുന്ന 'ക്രിയ പദ്ധതി'യുടെ ജിദ്ദ ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു.
വിവിധ സ്കോളർഷിപ്പുകളായ എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ്, എൻ.സി.സി, കെ.യു.പി.സി എന്നീ പരീക്ഷകൾക്ക് തയാറാക്കുന്നതിനായി വിവിധ സ്കൂളുകളെ കേന്ദ്രീകരിച്ച് ക്രിയ ക്ലബുകളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ, ക്രിയ കമ്യൂൺ എന്ന പേരിൽ വാർഡ് മെംബർമാരുടെ നേതൃത്വത്തിലുള്ള പ്രോഗ്രാമുകൾ, ക്രിയ വെൽനസ്, സ്പോർട്സ് അക്കാദമി ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കൽ എന്നിവയാണ് ക്രിയയുടെ നേതൃത്വത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ.
മലബാറിലെ ആറ് ജില്ലകളിലെ വിദ്യാർഥികൾക്കായി ഫൈസൽ ആൻഡ് ശബാന സിവിൽ സർവിസ് കോച്ചിങ് സെന്ററുമായി സഹകരിച്ച് പെരിന്തൽമണ്ണയിൽ 'ക്രിയ' ആരംഭിക്കുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കേന്ദ്രം ഈ മാസം 31ന് ഉദ്ഘാടനം ചെയ്യും.
സമൂഹത്തിന്റെ താഴെ തട്ടിലുള്ള മികവ് തെളിയിക്കുന്ന വിദ്യാർഥികളെ തിരഞ്ഞെടുത്ത് തീർത്തും സൗജന്യമായി കോച്ചിങ് നൽകുന്ന സിവിൽ സർവിസ് കോച്ചിങ് സെന്ററും ക്രിയയുടെ ഭാഗമാണ്.
ജിദ്ദയിലെ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത ലോഞ്ചിങ് പരിപാടി ദമ്മാം ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനും വേൾഡ് മലയാളി അസോസിയേഷൻ പ്രസിഡന്റുമായ ഡോ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അംബാസഡർ ടാലന്റ് അക്കാദമി ഡയറക്ടർ നസീർ വാവകുഞ്ഞ് ക്രിയയുടെ പ്രവർത്തനങ്ങളെ കുറിച്ചും സിവിൽ സർവിസ് പഠനപരിശീലനങ്ങളെ കുറിച്ചും സംസാരിച്ചു.
നജ്മുദ്ദീൻ ഹുദവി ഉന്നത വിദ്യാഭ്യാസത്തിന് സജ്ജരാവുന്നതിനെ കുറിച്ച് ക്ലാസെടുത്തു. ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അഹ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ജിദ്ദ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാന്മാരായ സലാഹ് കാരാടൻ, ജഹ്ഫർ കല്ലിങ്ങൽ പാടം, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് മെംബർ ഫെബ്രിന ഹബീബ്, ഉബൈദ് തങ്ങൾ, സീതി കൊളക്കാടൻ, ഇല്യാസ് കല്ലിങ്ങൽ, ടി.കെ. അബ്ദുറഹിമാൻ, ഹുസൈൻ കരിങ്കറ, ലത്തീഫ്, ലത്തീഫ് കാപ്പുങ്ങൽ, അഷ്റഫ് താഴെക്കോട്, സലിം, ശഹദ് പാലോളി, ഫാഹിദ പൂത്തുർ എന്നിവർ സംസാരിച്ചു. ഫാത്തിമത്തുൽ ഹിബ പ്രസീഡിയം നിയന്ത്രിച്ചു. ഹമീദ് അമ്മിനിക്കാട് ഖിറാഅത്ത് നിർവഹിച്ചു. അബു കാട്ടുപാറ സ്വാഗതവും മുസ്തഫ കോഴിശ്ശീരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.