കെ.എസ് റിലീഫ് സെന്റർ ആഗോള ഭക്ഷ്യപദ്ധതികൾ ഊർജിതമാക്കുന്നു
text_fieldsസുഡാനിൽ കെ.എസ്. റീലിഫ് സെന്റർ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തപ്പോൾ
യാംബു: റമദാനോടനുബന്ധിച്ച് വിവിധ രാജ്യങ്ങൾക്കുള്ള സൗദി അറേബ്യയുടെ ആഗോള ഭക്ഷ്യസാധന വിതരണ പദ്ധതികൾ ഊർജിതമാക്കുന്നു. രാജ്യത്തിന്റെ ജീവകാരുണ്യ ഏജൻസിയായ കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ കെ.എസ്. റിലീഫിന്റെ ആഭിമുഖ്യത്തിലാണ് ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റുകളുടെ വിതരണ പദ്ധതി നടക്കുന്നത്. വിവിധ രാജ്യങ്ങളിൽ ഏറ്റവും ദുർബലരായ ആളുകൾക്ക് ഈ റമദാന്റെ ആരംഭത്തിൽ തന്നെ 1,664 ഭക്ഷണ പാർസലുകൾ വിതരണം ചെയ്തു.
സുഡാനിലെ സെന്നാർ സംസ്ഥാനത്തെ കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്കായി എത്തിച്ച 640 ഭക്ഷണ സാധനങ്ങളുടെ പാഴ്സലുകൾ 5,965 പേർക്ക് പ്രയോജനം ലഭിച്ചു. സുഡാനിലെ ഈ വർഷത്തെ ഭക്ഷ്യസുരക്ഷാ സഹായ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായിരുന്നു ഇപ്പോഴുള്ള വിതരണം. വടക്കൻ റിപ്പബ്ലിക് ഓഫ് ബെനിനിലുള്ള ബോർഗൗ പ്രവിശ്യയിലേക്ക് 450 റമദാൻ ഭക്ഷണ പാർസലുകളും അയച്ചു. ഇത് 2,700 പേർക്ക് ഉപകാരപ്പെട്ടു.
മൗറിതാനിയയിലെ ടിയാരെറ്റ് ജില്ലയിൽ 574 ബാഗ് ഭക്ഷണവും കഴിഞ്ഞ ദിവസം എത്തിച്ചു. ഇത് 4,044 പേർക്ക് പ്രയോജനപ്പെട്ടതായും അധികൃതർ അറിയിച്ചു. ഓരോ കിറ്റിലും റമദാനിലുടനീളം ഒരു കുടുംബത്തിന് ആവശ്യമായ അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. റമദാനിൽ നിലവിൽ 27 രാജ്യങ്ങളിലായി 3,90,109 ഭക്ഷണ പാർസലുകൾ 23 ലക്ഷത്തിലധികം വ്യക്തികൾക്കായി വിതരണം ചെയ്യാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളുടെ ഭാഗമായി നാലാം ഘട്ട വിതരണമാണ് കെ.എസ്. റിലീഫിന്റെ ആഭിമുഖ്യത്തിൽ ഊർജിതമായി നടക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.