കെ.എസ്.റിലീഫ് സെന്ററിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന; ഇരു സന്നദ്ധ സംഘങ്ങളും പുതിയ കരാറിൽ ഒപ്പുവെച്ചു
text_fieldsയാംബു: വിവിധ രാജ്യങ്ങളിൽ സന്നദ്ധ പ്രവർത്തനം ചെയ്തുവരുന്ന സൗദിയുടെ സഹായ ഏജൻസിയായ കിംങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ്.റിലീഫ്) ചെയ്യുന്ന ബഹുമുഖമായ സഹായ പദ്ധതികളെ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പ്രശംസിച്ചു. സ്വിറ്റ്സർലൻഡിലെ ജനീവയിൽ കഴിഞ്ഞ ദിവസം നടന്ന 77-ാമത് ലോകാരോഗ്യ സംഘടനയുടെ അസംബ്ലിയിലാണ് സൗദിയുടെ വിവിധ പദ്ധതികളെ പുകഴ്ത്തിയത്. അതോടൊപ്പം ജനീവയിൽ വെച്ചു കെ.എസ്.റിലീഫ് സെന്റർ ഡബ്ല്യു.എച്ച്.ഒ. യുമായി സഹകരിച്ച് പുതിയകരാർ പ്രഖ്യാപിക്കുകയും ചെയ്തു. വിവിധ പ്രകൃതി ദുരന്തങ്ങളിലും മറ്റും പ്രയാസപ്പെടുന്ന സുഡാൻ, യമൻ, സിറിയ എന്നീ രാജ്യങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ നേതൃത്വ ത്തിൽ ചെയ്യുന്ന വിവിധ പദ്ധതികൾക്കായി 19 മില്യൺ ഡോളറിലധികം ധനസഹായം നൽകുന്ന ധാരണപത്രത്തിലാണ് കെ.എസ്.റിലീഫ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്. വർഷങ്ങളായി സൗദി അറേബ്യ നൽകുന്ന ഉദാരമായ പിന്തുണക്ക് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ.ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വലിയ അഭിനന്ദനം അറിയിച്ചു. സൗദി നൽകിയ സംഭാവനകൾ വഴി പോഷകാഹാരക്കുറവു പരിഹരിക്കാനും കോളറ, മലേറിയ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനും കഴിഞ്ഞു. ദുരിത പൂർണമായ ജീവിതം നയിക്കുന്ന വിവിധ രാജ്യങ്ങളിലെ ആളുകളുടെ പുനരധിവാസത്തിനും സൗദിയുടെ പിന്തുണ സഹായിച്ചതായി സമ്മേളനം വിലയിരുത്തി. വിവിധ രാജ്യങ്ങളിലെ മാനുഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശക്തമായ പങ്കുവഹിച്ച സൗദി അറേബ്യയെ ലോകാരോഗ്യ സംഘടന പ്രത്യേകം അഭിനന്ദിച്ചു. സുഡാൻ, ഫലസ്തീനിലെ ഗസ്സ , യമൻ, സൊമാലിയ, യുക്രെയ്ൻ, റോഹിങ്ക്യൻ അഭയാർഥികൾ എന്നിവക്കുള്ള സുപ്രധാന പിന്തുണ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ആരോഗ്യ വെല്ലുവിളികൾ ലഘൂകരിക്കുന്നതിൽ രാജ്യത്തിന്റെ നിർണായക പങ്കിനെ സമ്മേളനത്തിൽ സംസാരിച്ച വിവിധ രാഷ്ട്രങ്ങളിലെ പ്രതിനിധികൾ ഉയർത്തിക്കാട്ടുകയും ചെയ്തു.
ആഗോള ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടാൻ കെ.എസ്. റിലീഫ് നൽകുന്ന വർധിച്ച പിന്തുണയെ സംഘടന സ്വാഗതം ചെയ്യുകയും സമീപ വർഷങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ ഏറ്റവും മികച്ച സംഭാവന നൽകുന്നവരിൽ ഒരു രാജ്യമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം പ്രത്യേകം അംഗീകരിക്കുകയും ചെയ്തു. വിവിധ രീതിയിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്ന ദുർബലരായ സമൂഹങ്ങളെ പിന്തുണക്കുന്ന സൗദിയുടെ സഹായ പദ്ധതികൾ വഴി വമ്പിച്ച നേട്ടമാണ് കൈവരിക്കാൻ കഴിഞ്ഞതെന്ന് ലോകാരോഗ്യ സംഘടനയുടെ കിഴക്കൻ മെഡിറ്ററേനിയൻ റീജനൽ ഡയറക്ടർ ഡോ. ഹനൻ ബൽഖി ചൂണ്ടിക്കാട്ടി.
മാനുഷിക പ്രതിസന്ധികളിൽ അകപ്പെടുന്ന വിവിധ രാജ്യങ്ങളിലെ ആളുകളെ സഹായിക്കാൻ അന്താരാഷ്ട്ര തലത്തിൽ യോജിച്ച പദ്ധതികൾ അനിവാര്യമാണെന്നും ആരോഗ്യ മേഖലയിലും സുരക്ഷാ രംഗത്തും നിർണായകമായ നടപടികളെടുക്കാൻ എല്ലാ രാഷ്ട്ര നായകന്മാരും മുന്നോട്ടുവരണമെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാവേണ്ടതുണ്ടെന്നും കെ.എസ്.റിലീഫിന്റെ ജനറൽ സൂപ്പർവൈസർ ഡോ.അബ്ദുല്ല അൽ റബീഅ ആഹ്വാനം ചെയ്തു. ജനീവയിൽ നടന്ന ലോകാരോഗ്യ അസംബ്ലിയിൽ 'പ്രതിസന്ധിയിൽനിന്ന് അവസരത്തിലേക്ക്: കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ ആരോഗ്യം' എന്ന പാനൽ ചർച്ചയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ 46 മില്യൺ ഡോളർ വിലമതിക്കുന്ന 298 പ്രോജക്ടുകൾ ഉൾപ്പെടെ ദുരിതാശ്വാസ, മാനുഷിക പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്.റീലിഫ് മെഡിക്കൽ മേഖലയിൽ ഇതിനകം വിവിധ സന്നദ്ധസേവന പരിപാടികൾ നടപ്പാക്കി. ഗസ്സയിൽ നിലവിലെ വെല്ലുവിളികൾക്കിടയിലും സഹായം നൽകുന്നതിൽ കെ.എസ്. റിലീഫിന് സാധിച്ചു. വെല്ലുവിളികളെ അതിജീവിക്കുന്നതിനും ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽ പോലും സുരക്ഷിതമായി സഹായമെത്തിക്കുന്നതിനും സൗദി ശ്രമം നടത്തിയിരുന്നുവെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ സഹകരണം വിവിധ രീതിയിൽ ഇനിയും തുടരേണ്ടത് അനിവാര്യമാണെന്നും അൽ-റബീഅ സമ്മേളനത്തിൽ ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.