പ്രവാസികൾക്ക് നോർക്ക റൂട്സ് നിരവധി സഹായങ്ങൾ ചെയ്തതായി മന്ത്രി കെ.ടി. ജലീൽ
text_fieldsജിദ്ദ: നോർക്ക റൂട്ട്സിൽ നിന്നും മുമ്പെങ്ങുമില്ലാത്ത സഹായങ്ങൾ പ്രവാസികൾക്ക് ലഭ്യമാക്കിയതായി മന്ത്രി കെ.ടി. ജലീൽ അറിയിച്ചു. അവധിക്ക് നാട്ടിലെത്തി ഗൾഫിലേക്ക് മടങ്ങാൻ സാധിക്കാതെ വന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ധനസഹായത്തിന് 1,70,000 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ പരിശോധനക്ക് ശേഷം 85,000 ത്തോളം ആളുകൾ അർഹരായുണ്ടാവും എന്നാണ് നോർക്ക അറിയിച്ചിരിക്കുന്നത്. ഇവർക്കുള്ള സഹായവിതരണം ഉടൻ നടത്തുമെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം മാത്രം പ്രവാസികൾക്ക് ചികിത്സ, വിവാഹം തുടങ്ങിയവക്കുള്ള സഹായങ്ങളായി 24.25 കോടി രൂപ വിതരണം ചെയ്തു. ആകെ 4102 പേർക്ക് ഈ ഇനത്തിൽ സഹായങ്ങൾ ലഭിച്ചു. നോർക്കയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും സംഖ്യ ഇത്രയും പേർക്ക് ഒരു വർഷം വിതരണം ചെയ്തതെന്ന് മന്ത്രി പറഞ്ഞു. തിരിച്ചെത്തിയ പ്രവാസികളുടെ അപേക്ഷ പരിഗണിച്ച് 1043 സംരംഭകർക്ക് 53.40 കോടി രൂപ വായ്പയായും വിതരണം ചെയ്തു. ഇതിൽ സർക്കാറിെൻറ വിഹിതമായി 15 കോടി രൂപ സബ്‌സിഡി ആയി നൽകിയിട്ടുണ്ട്. നോർക്കയിൽ രജിസ്റർ ചെയ്തവർക്കുള്ള അപകടമരണ സഹായം രണ്ട് ലക്ഷത്തിൽ നിന്നും നാല് ലക്ഷമായും അംഗവൈകല്യം വന്നാലുള്ള സഹായം ഒരു ലക്ഷത്തിൽ നിന്നും രണ്ട് ലക്ഷമായും ഉയർത്തിയിട്ടുണ്ട്. വിദേശത്ത് മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിയാൽ സൗജന്യ ആംബുലൻസ് സേവനം നൽകുന്നത് കഴിഞ്ഞ വർഷം 600 പേർ ഉപയോഗപ്പെടുത്തിയതായും നിലവിൽ നോർക്കയിൽ രജിസ്റർ ചെയ്ത പ്രവാസികളുടെ എണ്ണം ആറ് ലക്ഷമാണെന്നും മന്ത്രി അറിയിച്ചു.
ഹജ്ജ് അപേക്ഷകരെ അടുത്ത വർഷം പരിഗണിക്കണം
ഈ വർഷം ഹജ്ജ് എങ്ങിനെ ആയിരിക്കും എന്നതിനെക്കുറിച്ച അവസാന തീരുമാനം കിട്ടിയിട്ടില്ല. സാധാരണ നിലക്കുള്ള ഹജ്ജ് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നുമില്ല. അതിനാൽ കേരളത്തിൽ ഈ വർഷം ഹജ്ജിന് അപേക്ഷിച്ചവർക്ക് അവർ അടച്ച പണം തിരിച്ചുകൊടുക്കുക എന്നത് അന്യായമാണ്. അവരെ അടുത്ത വർഷത്തെ ഹജ്ജിനായി പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വർഷം പുതിയ അപേക്ഷ ക്ഷണിച്ചാൽ ഇപ്പോൾ തെരഞ്ഞെടുത്തവർക്ക് അവസരം നഷ്ടപ്പെടും. ഇതൊഴിവാക്കാനാണിത്.
പ്രവാസി വിദ്യാർഥികളുടെ പ്രശ്നം
കേന്ദ്ര സർക്കാരിന് കീഴിൽ എം.എച്ച്.ആർ.ഡി നടത്തുന്ന നീറ്റ് പരീക്ഷയിൽ പങ്കെടുക്കേണ്ട ഗൾഫിലെ വിദ്യാർഥികളുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാർ ആണെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ നീറ്റ് പരീക്ഷക്ക് വിദേശത്ത് സെൻററുകൾ അനുവദിക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ കേരളത്തിലെ വിവിധ യൂനിവേഴ്‌സിറ്റികളിൽ നടക്കുന്ന പരീക്ഷകളിൽ യാത്ര തടസ്സം കാരണം പങ്കെടുക്കാൻ സാധിക്കാത്ത പ്രവാസി വിദ്യാർഥികൾക്ക് വേണ്ടി പ്രത്യേക പരീക്ഷകൾ നടത്താൻ സർവകലാശാലകളോട് ആവശ്യപ്പെടുമെന്നും അക്കാര്യത്തിൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.