ലോക നവോത്ഥാന ചിന്തകൾക്ക് വിത്തുപാകിയത് അറേബ്യൻ മണ്ണിൽനിന്ന് -കെ.ടി. കുഞ്ഞിക്കണ്ണൻ
text_fieldsജിദ്ദ: ലോകജനതയെ ഒന്നാകെ ആകർഷിക്കുന്ന തരത്തിൽ ഇന്ന് കാണുന്ന ആധുനിക ആശയങ്ങൾക്കാധാരമായ നവോത്ഥാന ചിന്തകൾക്ക് വിത്തുപാകിയത് അറേബ്യൻ മണ്ണിൽ നിന്നാണെന്ന് കേളു ഏട്ടൻ പഠനഗവേഷണ കേന്ദ്രം ഡയറക്ടറും സി.പി.എം നേതാവുമായ കെ.ടി കുഞ്ഞിക്കണ്ണൻ. എട്ടാം നൂറ്റാണ്ടിൽ മുഴുവൻ ശാസ്ത്ര ശാഖകളേയും ഉൾക്കൊള്ളുന്ന ആശയം അറേബ്യയിൽ നിന്ന് ലോകത്താകെ പരന്നപ്പോഴാണ് മനുഷ്യരുടെ കണക്കുകൂട്ടലുകൾക്ക് ആധാരമായ റോമൻ അക്കങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടതും പകരം അറബി അക്കങ്ങൾ കടന്നുവന്നതും.
ഇങ്ങനെയാണ് യൂറോപ്പിൽ നവോത്ഥാനങ്ങൾക്ക് തുടക്കമായത്. അങ്ങനെ ലോകത്തെ തന്നെ മാറ്റിമറിച്ച അറേബ്യൻ സംസ്കാരത്തിന്റെ ഭൂമികയിൽ നിന്ന് സംസാരിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ട്. ജിദ്ദയിൽ നവോദയ സംഘടിപ്പിച്ച ‘കേരളീയം 2024’ സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.ടി കുഞ്ഞിക്കണ്ണൻ. അറേബ്യയിൽനിന്ന് കേരളത്തിലേക്കും ശേഷം ഇന്ത്യയിലൊട്ടാകെ പരന്ന ഇസ്‌ലാം മതം പ്രചരിച്ചതിന്റെ ചരിത്രം അദ്ദേഹം വിശദീകരിച്ചു.
നവോദയ 35ാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീളുന്ന പരിപാടിയോടനുബന്ധിച്ച് അൽ റിഹാബിലെ ലയാലി നൂർ ഓഡിറ്റോറിയത്തിൽ നടന്ന 'കേരളീയം 2024' സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് കിസ്മത് മമ്പാട് അധ്യക്ഷത വഹിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം നേടിയ നവോദയ ബാലവേദി കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡുകള്‍ കെ.ടി കുഞ്ഞിക്കണ്ണൻ കൈമാറി. മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം ആശംസ നേർന്നു. ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര സ്വാഗതവും കണ്‍വീനര്‍ അബ്ദുള്ള മുല്ലപ്പള്ളി നന്ദിയും പറഞ്ഞു.
ദിവ്യ മെർലിൻ മാത്യുസ് കൊറിയോഗ്രാഫിയും അഭിലാഷ് സെബാസ്റ്റ്യൻ ദൃശ്യാവിഷ്കാരവും നിർവഹിച്ച, കേരളത്തെയും കേരളപ്പിറവിയെയും ആധാരമാക്കിയുള്ള നൃത്തശിൽപം നവോദയ കേന്ദ്ര കുടുംബ വേദിയുടെ നേതൃത്വത്തിൽ അരങ്ങിലെത്തി. ദമ്മാമിലെ കേപ്പ്റ്റ നാട്ടരങ്ങ് നാടൻ പാട്ടുകൂട്ടം അവതരിപ്പിച്ച ചെണ്ടമേളം, തെയ്യം, പരുന്ത്, മുത്തശ്ശി, പാമ്പ്, നാടന്‍ പാട്ടുകള്‍ തുടങ്ങിയവ പരിപാടിയുടെ മാറ്റുകൂട്ടി.
പ്രവാസികളുടെ ഗൃഹാതുര ഓർമകളെ പുനരാവിഷ്കരിച്ച് കെ.എസ്.ആർ.ടി.സി ബസ്, കാളവണ്ടി, കിണർ എന്നിവയുടെ കട്ടൗട്ട് മോഡലുകളും പഴയ കാലത്ത് ഉപയോഗിച്ചിരുന്ന വിളക്കുകൾ, സുഗന്ധവ്യഞ്ജനങ്ങൾ, നാടൻ ഷോപ്പ് തുടങ്ങിയവയും കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ കൗതുകമുണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.