മലയാളത്തിെൻറ പ്രിയപ്പെട്ട പാട്ടുകൂട്ടമാണീ 'കുടുംബം'
text_fieldsദമ്മാം: മനുഷ്യബന്ധങ്ങളെയും മൂല്യങ്ങളേയും ഒരുപാട് ഓർമപ്പെടുത്തിയ കോവിഡ് പ്രതിസന്ധിയുടെ അവസാന കാലത്താണ് 'ഉപകാരം ചെയ്യാത്ത ആളെന്തിനാ... ഉപദ്രവം ചെയ്യുവാൻ പോണതെന്തിനാ...' എന്ന ഗാനം പുറത്തിറങ്ങുന്നത്. നിഷ്കളങ്ക ഭാവത്തോടെ താളത്തിൽ അത് പാടിയവതരിപ്പിച്ച കുഞ്ഞു സിഫ്റാനേയും നൂറിയേയും നിസാം-മെഹ്റു ദമ്പതികളേയും മലയാളം മനസ്സ് നിറഞ്ഞു സ്വീകരിച്ചു.
നല്ല മലയാളികൾ മനസ്സിൽ കൊതിച്ചത് മനോഹരമായി പാടിയവതരിപ്പിക്കുകയായിരുന്നു ഈ കുടുംബം. 20 ദശലക്ഷത്തിലധികം ആളുകൾ പാട്ട് യൂട്യൂബിൽ കണ്ടു കഴിഞ്ഞു. പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ നിസാം തളിപ്പറമ്പിെൻറ കുടുംബമാണിത്. കഴിഞ്ഞ ദിവസം ദമ്മാമിലെത്തിയ ഇവർ തങ്ങളുടെ പാട്ടുവഴികളെക്കുറിച്ച് 'ഗൾഫ് മാധ്യമ'വുമായി സംസാരിച്ചു. കണ്ണൂർ, വളക്കയം മണക്കാട്ട് സ്വദേശിയായ നിസാമിന് ഉമ്മ ൈസനബയുടെ സബീനപ്പാട്ടുകൾ കേട്ടാണ് സംഗീതത്തോട് ഇഷ്ടം കൂടിയത്. സ്കൂളുകളിലും മദ്റസകളിലും ഈണത്തിൽ ചൊല്ലാൻ കഴിയുന്ന എല്ലാ മത്സരങ്ങളിലും നിസാം സമ്മാനങ്ങൾ വാരിക്കൂട്ടി. ഹാരിസ് തളിപ്പറമ്പ് എന്ന പാെട്ടഴുത്തുകാരെൻറ 'ഫിർദൗസ്' എന്ന കാസറ്റിൽ 'മണിമുത്ത് ബീവിക്ക് കാനോത്ത്' എന്ന ഗാനം പാടിയാണ് തുടക്കം. അത് സൂപ്പർ ഹിറ്റായതോടെ നിരവധി കാസറ്റുകളിൽ പാട്ടുകാരനായി. 'അഫ്ദളുൽ റസൂലേ..' കലോത്സവ വേദികളിലെ പാട്ടുകാരുടെ തരംഗമായി മാറി. മാപ്പിളപ്പാട്ടിന് വേണ്ടി ജീവിതം മാറ്റിവെച്ച അസീസ് തായ്നേരി സ്വന്തം മകനെപ്പോലെ നിസാമിനെ വീട്ടിലേക്ക് കൂട്ടി. പിന്നെ നിസാം വളർന്നത് അവിടെയാണ്. അന്ന് ഇറങ്ങിയ 'ഇഖാമത്ത്' എന്ന കാസറ്റിലെ അഹദായ തമ്പുരാൻ എന്ന പാട്ട് ഏറെ ശ്രദ്ധേയമായി. അതിൽ ഗൾഫിലുള്ള ബാപ്പയെ കാത്തിരിക്കുന്ന കുഞ്ഞു മകളുടെ ശബ്ദത്തിൽ നിസാം പാടിയ 'വരാന്ന് പറഞ്ഞിട്ട് ബാപ്പ വരാതിരുന്നില്ലേ...?' പ്രവാസികളുടെ ഹൃദയഗാനമായി മാറി. അക്കാലത്താണ് തായ്നേരി അസീസിെൻറ സ്റ്റുഡിയോയിൽ പാടാൻ വരുന്ന മെഹ്റുന്നിസയെ പരിചയപ്പെടുന്നത്. പ്രശസ്ത മാപ്പിളപ്പാട്ട് എഴുത്തുകാരികൂടിയായ നഫീസ മടിക്കൂന്നിെൻറ മകളാണ് മെഹ്റുന്നിസ. പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും വളർന്നു. ഇരുവരും ഒന്നിച്ചാണ് കേരളത്തിലെ പ്രശസ്തമായ റിയാലിറ്റി ഷോകളിൽ പങ്കെടുത്തത്. മെഹ്റുന്നിസ പാടിയ 'ശുഖ്രിയാ, ശുഖ്രിയാ നാഥനിൽ ഓതാം ശുക്രിയാ' എന്ന പാട്ട് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല. കല്യാണ ശേഷം ഇരുവരും ഒന്നിച്ചായി സ്റ്റേജിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ മകൻ സിഫ്റാന് നാല് വയസായ സമയത്താണ് 'പൂമരം' എന്ന സിനിമയിലെ പാട്ട് വെറുതെ പാടിച്ച് യൂട്യൂബിൽ പോസ്റ്റ് ചെയ്തത്.
അത് ഏറെ അംഗീകരിക്കപ്പെട്ടു. പിറ്റേന്ന് ചലച്ചിത്ര സംവിധായകൻ എബ്രിഡ് ഷൈൻ തന്നെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. അതോടെ വേദികളിലേക്ക് സിഫ്റാനും എത്തിത്തുടങ്ങി. പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സിഫ്റാനേയും സ്വീകരിച്ചു. മകൾ നൂറി നിസാമിന് മൂന്ന് വയസ്സായപ്പോഴേക്കും പാട്ടുകളുമായി വേദികളിൽ എത്തിത്തുടങ്ങി. ഇന്ന് ഈ കുടുംബം ഒന്നിച്ചുപാടുന്ന പാട്ടുകൾക്കുവേണ്ടി മലയാളം കാത്തിരിക്കുകയാണ്. ജന്നത്ത്, ചങ്ങാതി, കണ്ണില്ലാത്തവർ, യാ സൽമാൻ, കണ്ണാടിക്കൂട് തുടങ്ങി ഇവർ പാടി ഹിറ്റാക്കിയ ആൽബങ്ങൾ നിരവധിയാണ്. ഷുക്കൂർ ഉടുംമ്പുന്തലയുടെ 'പട്ടത്തിൻ പങ്കത്തിരിപ്പിച്ച്' എന്ന ഗാനമാണ് കുടുംബം ഒന്നായി പാടി ചിത്രീകരിച്ചത്. അത് വമ്പൻ ഹിറ്റായതോടെ 'പ്രിയമുളള പ്രവാസികളെ...' എന്ന കോവിഡ് കാല ഗാനം അവതരിപ്പിച്ചു. അതും സൂപ്പർ ഹിറ്റായി. പിന്നീടാണ് ഇമ്പിച്ചിക്കോയയുടെ പഴയ ഗാനമായ 'ഉപകാരം ചെയ്യാത്ത ആളെന്തിനാ' എന്ന പാട്ട് പാടിയത്. ഈ കുടുംബത്തെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ടവരാക്കി ഈ ഗാനം മാറ്റി. ഗൾഫിലുള്ളവരാണ് തങ്ങൾക്ക് ഏറ്റവും വലിയ പ്രോത്സാഹനം തരുന്നതെന്നു പറയാൻ ഇവർക്ക് ഒരു മടിയുമില്ല. വലിയ പെരുന്നാളിന് ഗൾഫിലുടനീളം മാപ്പിളപ്പാട്ടുമായി എത്താനുള്ള തയാറെടുപ്പിലാണ് ഈ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.