ഒന്നര പതിറ്റാണ്ടിനൊടുവിൽ കുഞ്ഞി കുമ്പള റിയാദ് ഒ.ഐ.സി.സി പ്രസിഡൻറ് പദവിയൊഴിയുന്നു
text_fieldsറിയാദ്: ഒ.ഐ.സി.സിയുടെ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറായി ഒന്നര പതിറ്റാണ്ട് പ്രവർത്തിച്ച കുഞ്ഞി കുമ്പള പദവി ഒഴിയുന്നു. ഒ.ഐ.സി.സി നേതാവ് എന്നതിലപ്പുറം റിയാദിൽ പൊതുസ്വീകാര്യതയുള്ള കുഞ്ഞി 2012ലാണ് ശക്തമായ മത്സരത്തിനൊടുവിൽ രഹസ്യബാലറ്റിലൂടെ ജയിച്ച് സെൻട്രൽ കമ്മിറ്റി പ്രസിഡൻറായത്.
വിവിധ കോൺഗ്രസ് അനുഭാവ സംഘടനകളെ ഏകോപിപ്പിച്ച് അന്നത്തെ കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല റിയാദിലെത്തി ഒ.ഐ.സി.സി രൂപവത്കരിച്ച ശേഷം താൽക്കാലിക പ്രസിഡൻറായി നിയമിച്ചത് കുഞ്ഞിയെയായിരുന്നു. അത് മൂന്ന് വർഷം വരെ നീണ്ടു. അതിന് ശേഷമായിരുന്നു വോട്ടെടുപ്പ്.
റിയാദിൽ ഒ.ഐ.സി.സി സംവിധാനം സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് കുഞ്ഞി കുമ്പളയാണ്. അതിനുശേഷം പിന്നെ സംഘടന തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. 12 വർഷത്തിന് ശേഷം ഇപ്പോൾ വീണ്ടും തെരഞ്ഞെടുപ്പ് വരുേമ്പാഴേക്കും അദ്ദേഹം പദവിയിൽ 15 വർഷം പൂർത്തിയാക്കി.
റിയാദിലെ വിവിധ സംഘടനകളുടെ പൊതുവേദിയായ എൻ.ആർ.കെ വെൽഫെയർ ഫോറം വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കാസർകോട് മൊഗ്രാൽ സ്വദേശിയായ കുഞ്ഞി 1979ൽ സൗദി അറേബ്യയിലെ പ്രമുഖ ഭക്ഷ്യ ഉൽപാദന വിതരണ കമ്പനിയിലെത്തി വിവിധ പദവികളിൽ വഹിച്ചു.
അടിമുടി കോൺഗ്രസ് പ്രവർത്തകനായ കുഞ്ഞി മൊറാര്‍ജി ദേശായി സർക്കാർ, അഴിമതി ആരോപണങ്ങളില്‍ പെടുത്തി 1977ൽ ഇന്ദിര ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയതിന് വിദ്യാർഥിയായിരിക്കെ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1978ൽ ചിക് മംഗളൂരുവിൽ ഇന്ദിര ഗാന്ധി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ കെ.എസ്.യു പ്രവർത്തകനായി പ്രചാരണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചു.
ഗൾഫ് യുദ്ധ കാലത്ത് കുവൈത്തിൽ നിന്നെത്തിയ മലയാളികൾക്ക് അഭയം നൽകാൻ സംഘടനകൾ സജീവമല്ലാതിരുന്ന കാലത്ത് സന്നദ്ധപ്രവർത്തകനായി രംഗത്തിറങ്ങിയ അപൂർവം പേരിൽ ഒരാളാണ് കുഞ്ഞി.
കോവിഡ് കാലത്ത് സ്വകാര്യമായും സംഘടന സംവിധാനം ഉപയോഗിച്ചും നിരവധി പേർക്ക് ആശ്വാസം നൽകി. സംഘടന പ്രവർത്തകരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഭക്ഷണം, മരുന്ന് ഉൾെപ്പടെയുള്ള പ്രാഥമികസഹായം എത്തിക്കുന്നതിലും നേതൃത്വം നൽകി.
നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന കുഞ്ഞി നാട്ടിലും സംഘടനയുടെ വിവിധ ഘടകങ്ങൾ ചലിപ്പിക്കുന്നതിന് ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. റിയാദ് സെൻട്രൽ കമ്മിറ്റിയിൽനിന്നൊഴിയുന്ന അദ്ദേഹത്തിന് ഇനി ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയിലായിരിക്കും സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.