കുവൈത്ത് പരമോന്നത ബഹുമതി സൗദി ഹജ്ജ് മന്ത്രാലയത്തിന്
text_fieldsജിദ്ദ: സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന് കുവൈത്തിന്റെ 'ഇൻഫോർമാറ്റിക് മെഡൽ'. ഓരോ മേഖലയിലും ഏറ്റവും സൂക്ഷ്മമായ വിവരങ്ങളും സേവനങ്ങളും ആവശ്യക്കാർക്ക് നൽകുന്നതിൽ മികവ് പുലർത്തുന്ന സ്ഥാപനങ്ങൾക്ക് കുവൈത്ത് ഗവൺമെന്റ് നൽകുന്ന പരമോന്നത ബഹുമതിയാണ് 'ശൈഖ് സാലിം അൽഅലി അൽസബാഹ് ഇൻഫോർമാറ്റിക്‌സ് മെഡൽ'. ഹജ്ജ്- ഉംറ തീർഥാടകർക്ക് ഏറ്റവും ആവശ്യമായ വിവരങ്ങളും സേവനങ്ങളും നൽകുന്നതിൽ ഉന്നത മികവാണ് സൗദി ഹജ്ജ്- ഉംറ മന്ത്രാലയം പുലർത്തിയതെന്നും അതുകൊണ്ടാണ് 2021ലെ ഈ പരമോന്നത ബഹുമതി നൽകി ആദരിക്കുന്നതെന്നും കുവൈത്ത് അധികൃതർ വ്യക്തമാക്കി.
കുവൈത്ത് അമീറിനുവേണ്ടി കിരീടാവകാശി ശൈഖ് മിശ്അൽ അൽഅഹ്മദ് അൽജാബിർ അൽസബാഹ് സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅക്ക് മെഡൽ സമ്മാനിച്ചു.ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് നൽകുന്ന മഹത്തായ സേവനങ്ങൾക്കും യാത്രാനടപടികൾ എളുപ്പമാക്കുന്നതിനുമുള്ള സൗദിയുടെ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ടുള്ളതാണ് കുവൈത്തിന്റെ മെഡലെന്ന് ഹജ്ജ്- ഉംറ മന്ത്രി പറഞ്ഞു. ഭരണകൂടത്തിന്റെ പിന്തുണയോടും താൽപര്യത്തോടും കൂടി മന്ത്രാലയം നടത്തിയ ശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.