അച്ചടക്കമില്ലായ്മ കോൺഗ്രസ്സിനെ ബാധിക്കുന്നു -ഡോ. സരിൻ
text_fieldsറിയാദ്: ജനങ്ങൾ കോൺഗ്രസ്സിന് മാർക്കിടുന്നതിൽ കുറവ് വരുന്നത് അച്ചടക്കമില്ലായ്മ കാരണമാണെന്ന് കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. സരിൻ. സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോൾ കോൺഗ്രസ്സിലെ അവസ്ഥ എന്ന എം.കെ. രാഘവൻ എം.പിയുടെ പരാമർശത്തെ കുറിച്ച് റിയാദിൽ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ചിന്തൻ ശിവിറിൽ പങ്കെടുക്കാൻ റിയാദിൽ എത്തിയതായിരുന്നു ഡോ. സരിൻ.
രാഘവൻ പറഞ്ഞത് പ്രവർത്തകരുടെ പൊതുവികാരമാണെന്ന കെ. മുരളീധരന്റെ പ്രസ്താവനയെയും സരിൻ തള്ളി. നേതാക്കളുടെ പ്രസ്താവനയിൽ അണികൾ പലപ്പോഴും നിരാശരാണ്. എന്നാൽ നേതാക്കൾ വ്യതിചലിച്ച് പോയാൽ അണികൾ നേതാക്കളെ തിരുത്തന്ന ജനാധിപത്യമുള്ള ഏക പാർട്ടി കോൺഗ്രസാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്‍നങ്ങൾ അവർക്കും ബി.ജെ.പിയുടേത് അവർക്കും തീർക്കാമെങ്കിൽ കോൺഗ്രസ്സിന്റേത് കോൺഗ്രസ്സിനും തീർക്കാൻ അറിയാം. നാട്ടിൽ നടക്കുന്ന പ്രധാന പ്രശ്നം കോൺഗ്രസിലെ ചില അസ്വാരസ്യങ്ങളാണെന്ന രീതിയിലാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യത്തിൽ മാധ്യമങ്ങൾ ഇടപെടേണ്ട എന്ന് പറയാൻ അറിയാഞ്ഞിട്ടല്ല അങ്ങനെ പറയാത്തത്. മാധ്യങ്ങളോടുള്ള ബഹുമാനം കൊണ്ടാണ്. എന്നാൽ അങ്ങനെ തീർത്തുപറയണം എന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് വ്യാജവാർത്ത നൽകിയെങ്കിൽ അത് തെളിയിക്കപ്പെടട്ടെ. അതുവരെ അത് ആരോപണം മാത്രമാണ്. വാർത്തക്ക് വിധി തീർപ്പ് കൽപിക്കാൻ എസ്.എഫ്.ഐക്ക് എന്ത് അധികാരമാണുള്ളത്. ആരോപണം കേട്ട് മാധ്യമ ഓഫിസ് അടിച്ചു പൊളിക്കുകയാണ് രീതിയെങ്കിൽ അടിച്ചുപൊളിക്കാൻ ക്ലിഫ് ഹൗസ് മുതൽ പലതുമുണ്ട് കേരളത്തിൽ. ഇതൊന്നും ആർക്കും അറിയാത്ത പണിയല്ല. ചെയ്യാത്തത് ജനാധിപത്യ ബോധം ഉള്ളത് കൊണ്ട് മാത്രമാണ്.
ലോക്‌സഭയിൽ ബി.ജെ.പിക്ക് വീണ്ടും കസേര ഇട്ട് കൊടുക്കാൻ സി.പി.എം കേരളത്തിൽ വോട്ട് കച്ചവടത്തിന് മുതിർന്നേക്കാം. കേരളം ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം. ഇത് തിരിച്ചറിഞ്ഞ് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ സീറ്റ് നില പൂജ്യമാക്കാൻ കേരളത്തിലെ വോട്ടർമാർ ഒറ്റക്കെട്ടാവണം.
അനില്‍ ആൻറണിയിൽ നിന്ന് വന്ന പ്രസ്താവനകൾ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ചതല്ല. അത് തിരിച്ചറിഞ്ഞാണ് അനിൽ രാജി വെച്ച് പുറത്തുപോയത്. എ.കെ. ആൻറണിയുടെ മകനാണെന്ന ബോധ്യം അനിലിന് വേണമായിരുന്നു. തെറ്റിദ്ധരിക്കപ്പെടാവുന്ന രീതിയിലുള്ള പ്രസ്താവനകൾ മോദി ഭക്തി എന്ന് ആരോപിക്കപ്പെടാമെന്ന രാഷ്ട്രീയ ബുദ്ധി അനിൽ ആൻറണിക്ക് ഉണ്ടാവണമായിരുന്നു. തെറ്റിദ്ധരിക്കപ്പെടാവുന്ന പ്രസ്താവനകൾ ഇറക്കി പാർട്ടിയെ ക്ഷീണിപ്പിക്കുന്ന നടപടി ആരിൽ നിന്നും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
അണികൾക്ക് നേതാക്കളോടും നേതാക്കൾക്ക് അണികളോടും സംവദിക്കാനുള്ള അവസരമാണ് ചിന്തൻ ശിവിർ എന്ന് സരിൻ പറഞ്ഞു. സൗദിയിൽ നടന്ന ചിന്തന്‍ ശിവിര്‍ വലിയ വിജയമാണെന്നും ഒ.ഐ.സി.സിയുള്ള എല്ലാ വിദേശ രാജ്യങ്ങളിലും ഈ പരിപാടി തുടരുമെന്നും വാർത്താസമ്മേളനത്തിൽ ഒ.ഐ.സി.സി ഗ്ലോബല്‍ പ്രസിഡൻറ് ശങ്കരപിള്ള പറഞ്ഞു. സെൻട്രല്‍ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള, ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, സീനിയർ വൈസ് പ്രസിഡൻറ് സലീം കളക്കര, ഗ്ലോബല്‍ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.