ലക്ഷദ്വീപിലെ ഉദ്യോഗാർഥികൾക്ക് സൗദിയിൽ തൊഴിലവസരം തേടി മുഹമ്മദ് ഫൈസൽ എം.പി
text_fieldsറിയാദ്: ലക്ഷദ്വീപിലെ ഉദ്യോഗാർഥികൾക്ക് സൗദി അറേബ്യ ഉൾപ്പടെയുള്ള ജി.സി.സി രാജ്യങ്ങളിൽ തൊഴിൽ അവസരം തേടി പാർലമെന്റ് അംഗം മുഹമ്മദ് ഫൈസൽ. ലക്ഷ്വദ്വീപിൽ മുൻകാലങ്ങളെ അപേക്ഷിച്ച് തൊഴിലില്ലായ്മ രൂക്ഷമാണെന്ന് റിയാദിലെത്തിയ അദ്ദേഹം പറഞ്ഞു.
ഈ തൊഴിൽ പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം ആവശ്യമാണ്. പ്രായോഗികമായ സാധ്യത എന്ന നിലയിൽ വിദേശരാജ്യങ്ങളിലെ മലയാളി സംരംഭകരെ കണ്ട് ദ്വീപിൽ നിന്നുള്ളവരെ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയാണ് ഈ വിഷയത്തിലുള്ള പ്രാഥമിക ചുവടുവെപ്പെന്നും അദ്ദേഹം സൂചിപ്പിച്ചു.
സംരംഭകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അനുകൂല നിലപാടാണ് ഉണ്ടായത്. പുതിയ വിസകൾ വരുമ്പോൾ ഇന്റർവ്യൂവിന് ലക്ഷദ്വീപുകാരെയും ക്ഷണിക്കാമെന്ന് സഹൃദയരായ വ്യവസായികൾ വാക്ക് തന്നിട്ടുണ്ട്. ഇത് വലിയ ഊർജ്ജം പകരുന്നതാണ്. ലക്ഷദ്വീപിലെ യുവതലമുറക്ക് വലിയ സാധ്യതകൾ ഈ നീക്കം വഴി തുറക്കാനാകുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ കാലങ്ങളിലെ ദ്വീപിൽ തന്നെ തൊഴിലവസരങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ലക്ഷദ്വീപിൽ നിന്ന് തൊഴിൽ തേടി വിദേശത്തേക്ക് പോയവരുടെ എണ്ണം വളരെ കുറവാണ്. നിലവിൽ ദ്വീപിൽ തൊഴിലവസരങ്ങൾ ഗണ്യമായി കുറഞ്ഞതാണ് പുതിയ പ്രതിസന്ധിക്ക് കാരണമെന്നും എം.പി റിയാദിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാർത്താസമ്മേളനത്തിൽ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുജീബ് ഉപ്പട, ഡൽഹി കെ.എം.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം എന്നിവർ എം.പിക്കൊപ്പം പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.