റമദാനിലെ അവസാന ജുമുഅ; ഭക്തജനസാഗരമായി പുണ്യഗേഹങ്ങൾ
text_fieldsമക്ക: ഈ റമദാനിലെ അവസാന ജുമുഅ നമസ്കാരത്തിൽ പുണ്യഗേഹങ്ങളായ ഇരുഹറമുകളും ഭക്തജനനിബിഡമായി. ജുമുഅ നമസ്കാരത്തിൽ ലക്ഷങ്ങളാണ് പങ്കെടുത്തത്. അഭൂതപൂർവ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാൻ വിവിധ വകുപ്പുകൾക്ക് കീഴിൽ ആവശ്യമായ ഒരുക്കം നേരത്തേ പൂർത്തിയാക്കിയിരുന്നു. അതിരാവിലെ മുതൽ മക്കയുടെ പരിസര പ്രദേശങ്ങളിൽനിന്ന് ഹറമിലേക്ക് ആളുകളുടെ പ്രവാഹം തുടങ്ങിയിരുന്നു. പതിവിലും നേരത്തേ ഹറമിനകവും പുറത്തെ മുറ്റങ്ങളും നിറഞ്ഞുകവിഞ്ഞു. അണികൾ പരിസരത്തെ റോഡുകളിലേക്ക് നീണ്ടു. തിരക്കൊഴിവാക്കാൻ മുഴുവൻ കവാടങ്ങളും തുറന്നിരുന്നു.
വൈകി വന്നവരെ അടുത്തിടെ നിർമാണം പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിലേക്ക് സുരക്ഷ വിഭാഗം തിരിച്ചുവിട്ടു. ബാരിക്കേഡുകൾ സ്ഥാപിച്ച് സഞ്ചാരം വ്യവസ്ഥാപിതമാക്കി. ഇതിന് സുരക്ഷവിഭാഗം കൂടുതൽ സേനയെ മുറ്റങ്ങളിൽ നിയോഗിച്ചിരുന്നു. റോഡുകളിലെ തിരക്കൊഴിവാക്കാൻ സ്വകാര്യ വാഹനങ്ങളെ നിശ്ചിത പാർക്കിങ് സ്ഥലങ്ങളിലേക്ക് തിരിച്ചുവിട്ടു. പാർക്കിങ് കേന്ദ്രങ്ങളിൽനിന്ന് ഹറമിലേക്കും തിരിച്ചും കൂടുതൽ ബസ് സർവിസുകൾ അധികൃതർ ഏർപ്പെടുത്തിയിരുന്നു. റമദാനിലെ നാലാമത്തെയും അവസാനത്തെയും ജുമുഅ നമസ്കാരത്തിനെത്തുന്നവർക്ക് ഭക്തിനിർഭരമായ അന്തരീക്ഷം ഒരുക്കുന്നതിന് ഇരുഹറം പരിപാലന അതോറിറ്റി വേണ്ട തയാറെടുപ്പുകൾ നടത്തിയിരുന്നു. അതോറിറ്റിക്ക് കീഴിലെ മുഴുവൻ വകുപ്പുകളും സേവനരംഗത്ത് നിറഞ്ഞുനിന്നു. സുരക്ഷ, ട്രാഫിക് രംഗത്ത് കൂടുതൽ പേരെ പൊതുസുരക്ഷ വിഭാഗം അണിനിരത്തി. ആരോഗ്യ സേവനത്തിന് റെഡ്ക്രസൻറും സന്നദ്ധ പ്രവർത്തകരുമടക്കം നിരവധി പേർ രംഗത്തുണ്ടായിരുന്നു.
മക്ക ഹറമിലെ ജുമുഅ നമസ്കാരത്തിന് ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് നേതൃത്വം നൽകി. മുഹമ്മദ് നബിയുടെ സമൂഹത്തിന് ലഭിച്ച ദൈവത്തിന്റെ കാരുണ്യമാണ് ഈ അനുഗ്രഹീത മാസമെന്നും അതിന്റെ ശ്രേഷ്ഠത ലൈലത്തുൽ ഖദ്ർ ആണെന്നും ജുമുഅ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പുണ്യത്തിലും പദവിയിലും അത് ലോകത്തിലെ മറ്റേതൊരു രാത്രിക്കും സമാനമല്ല. അതിനാൽ ശേഷിക്കുന്ന രണ്ട് രാത്രികളിൽ വിശ്വാസികൾ അതിനെ അന്വേഷിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചാത്തപിച്ചും പാപമോചനം തേടിയും ദൈവത്തിന്റെ പ്രീതി നേടി ഇഷ്ടദാസന്മാരായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. റമദാനിൽ ഓരോരുത്തർക്കുമുണ്ടായ വിടവുകളും കുറവുകളും പോരായ്മകളും നികത്തി, പ്രതിഫലവും നന്മയും വർധിപ്പിക്കുകയും ചെയ്യുന്ന മഹത്തായ പ്രവർത്തനമാണ് ഫിതർ സക്കാത്. അത് കൊടുത്തുവീടാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ഹറം ഇമാം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.