റമദാൻ അവസാന പത്ത്: മക്ക ഹറമിൽ സുരക്ഷസേന സാന്നിധ്യം ശക്തമാക്കി
text_fieldsജിദ്ദ: റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ മക്ക ഹറമിൽ സുരക്ഷ സേനയുടെ സാന്നിധ്യം ശക്തമാക്കിയതായി ഉംറ സുരക്ഷസേന കമാൻഡർ മേജർ ജനറൽ സയ്യിദ് അൽതവിയാൻ പറഞ്ഞു. റമദാൻ അവസാന പത്തിലെ ഹറം സുരക്ഷപദ്ധതികൾ വിശദീകരിക്കവേയാണ് ഉംറ സുരക്ഷസേന മേധാവി ഇക്കാര്യം പറഞ്ഞത്. റമദാൻ തുടക്കംമുതൽ നടപ്പാക്കിയ സുരക്ഷ പദ്ധതികളും സംവിധാനങ്ങളും ഉയർന്ന നിലവാരത്തിലും അച്ചടക്കത്തിലും ഇപ്പോഴും തുടരുകയാണ്.
അവസാനത്ത പത്തിലേക്ക് പ്രവേശിച്ചതോടെ ഹറമിലേക്ക് എത്തുന്നവരുടെ തിരക്ക് മുൻകൂട്ടിക്കണ്ട് നേരേത്ത നിശ്ചയിച്ച പദ്ധതിക്ക് അനുസൃതമായി ഉംറ സുരക്ഷസേന അവരുടെ സാന്നിധ്യവും വിന്യാസവും ശക്തമാക്കിയിട്ടുണ്ട്. തീർഥാടകർക്കും നമസ്കരിക്കാനെത്തുന്നവർക്കും ഇരുഹറമുകളിലെ എല്ലാ ഭാഗങ്ങളിലും സേവനത്തിനായി ഉംറ സുരക്ഷസേന രംഗത്തുണ്ടെന്നും കമാൻഡർ പറഞ്ഞു.
അവസാന പത്തിൽ തീർഥാടകരുടെ പോക്കുവരവുകൾ സുഗമമാക്കുന്നതിനു വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ഉംറ സുരക്ഷസേനക്ക് കീഴിലെ റോഡ് സുരക്ഷ കാര്യ അസിസ്റ്റൻറ് കമാൻഡർ മേജർ ജനറൽ അബ്ദുൽ അസീസ് അൽമസാദ് പറഞ്ഞു. അനുമതിപത്രമുണ്ടോയെന്ന് ഉറപ്പുവരുത്തൽ തുടരുകയാണ്. വ്യാജ അനുമതിപത്രങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രവേശനകവാടങ്ങളിൽ അനുമതിപത്രങ്ങൾ പരിശോധിക്കാൻ നൂതന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ജോലികൾ എളുപ്പമാക്കുന്നതിൽ സാേങ്കതികവിദ്യക്ക് വലിയ പങ്കുണ്ട്. സേവനം വേഗത്തിലാക്കുന്നതിനായി ഫീൽഡ് ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും റോഡ് സുരക്ഷകാര്യ അസിസ്റ്റൻറ് കമാൻഡർ പറഞ്ഞു. അനുമതിപത്രമുള്ള വാഹനങ്ങേള ഹറമിനടുത്തേക്ക് കടത്തിവിടുന്നുള്ളൂവെന്ന് ഉംറ സുരക്ഷ സേനക്ക് കീഴിലെ റോഡ് വിഭാഗം അസിസ്റ്റൻറ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് അൽബസാമി പറഞ്ഞു.
ഹറമിനടുത്ത റോഡുകളിലെ തിരക്ക് കുറക്കാനാണിത്. പോക്കുവരവുകൾക്ക് പ്രത്യേക പാതകൾ നിശ്ചയിച്ചിട്ടുണ്ട്. നാല് പാർക്കിങ് കേന്ദ്രങ്ങളിലായി ഇരുവരെ എട്ടു ലക്ഷം വാഹനങ്ങൾ എത്തിയിട്ടുണ്ട്. ഹറമിനടുത്ത് സ്വകാര്യ വാഹനങ്ങൾ കുറക്കാൻ വിവിധ റോഡുകളിൽ പ്രത്യേക ചെക്ക്പോയിൻറുകളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും റോഡ് വിഭാഗം അസിസ്റ്റൻറ് കമാൻഡർ പറഞ്ഞു.
ഇരുഹറമുകളിലും സുരക്ഷ പട്രോളിങ്ങിനായി കൂടുതൽ പേരെ നിയോഗിച്ചതായി ഉംറ സുരക്ഷ സേനക്കു കീഴിലെ സുരക്ഷ പട്രോളിങ് അസിസ്റ്റൻറ് മേധാവി ജനറൽ അലി അൽഖഹ്താനി പറഞ്ഞു. വാഹനങ്ങൾക്കു പുറമെ തിരക്കേറിയ സ്ഥലങ്ങളിലെ നിരീക്ഷണത്തിനു കാൽനട പട്രോളിങ് വിഭാഗം, രഹസ്യ പട്രോളിങ് വിഭാഗം എന്നിവരും രംഗത്തുണ്ട്.
അനുമതിപത്രമില്ലാത്തവർ ഉംറക്കും നമസ്കാരത്തിനും എത്തുന്നത് നിരീക്ഷിക്കാൻ കൂടുതൽ ചെക്ക്പോയിൻറുകൾ ഹറമിനുടത്ത് ഒരുക്കിയിട്ടുണ്ട്. പാർക്കിങ്, തീർഥാടകരുടെ താമസകേന്ദ്രങ്ങൾ എന്നിവക്കടുത്ത് സുരക്ഷ നിരീക്ഷണത്തിനും ആളുകളെ നിയോഗിച്ചതായി പട്രോളിങ് കാര്യ മേധാവി പറഞ്ഞു. മാനുഷികമായ സേവനങ്ങൾക്ക് ഹറമിനകത്തും പുറത്തു മുറ്റങ്ങളിലും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ രംഗത്തുണ്ടെന്ന് മക്ക സിവിൽ ഡിഫൻസ് മേധാവി ജനറൽ അലി അൽഖർനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.