റമദാൻ അവസാന പത്ത്; ജനസമുദ്രമായി മക്ക മസ്ജിദുൽ ഹറാം
text_fieldsമക്ക: റമദാനിലെ പുണ്യദിനങ്ങൾ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ ഹറമിലെ തിരക്ക് മൂർധന്യതയിലെത്തി. ഏറ്റവും പവിത്രമായി കണക്കാക്കുന്ന റമദാന്റെ അവസാനത്തെ രാപ്പകലുകൾ ഹറമിൽ കഴിച്ചുകൂട്ടാൻ സൗദിക്കകത്ത് നിന്നും പുറത്ത് നിന്നും വിശ്വാസികളുടെ ഒഴുക്ക് തുടരുകയാണ്. ഈ അനുഗൃഹീത രാത്രികളെ ആരാധനയും പ്രാർഥനകളും ഖുർആൻ പാരായണവും കൊണ്ട് ധന്യമാക്കാൻ അവർ ഉറക്കമിളച്ച് കഴിയുകയാണ്. മുൻവർഷത്തേക്കാൾ ഹറമിലെത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഇത്തവണ. ഏകദേശം 20 ലക്ഷത്തിലധികം ഭക്തരാണ് ഒരോ നമസ്കാരവേളയിലും ഹറമിൽ നിറയുന്നത്. നമസ്കാരത്തിന് അണിനിരക്കുന്നവരുടെ നിരകൾ പള്ളിയുടെയും വിശാലമായ മുറ്റങ്ങളുടെയും അതിരുകളും കടന്ന് പുറത്തേക്ക് നീളുകയാണ്. തിരക്കൊഴിവാക്കാൻ മുഴുവൻ കവാടങ്ങളും തുറന്നിരിക്കുകയാണ്.
അവസാന പത്തിലെ തിരക്ക് കണക്കിലെടുത്ത് ആവശ്യമായ എല്ലാ ഒരുക്കവും ഇരുഹറം കാര്യാലയവും അനുബന്ധ വകുപ്പുകളും പൂർത്തിയാക്കിയിരുന്നു. ഹറമിലെത്തുന്നവർക്ക് ഉചിതവും ആത്മീയവുമായ അന്തരീക്ഷം നൽകേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി ഒരോ വകുപ്പും അവസാന പത്തിലേക്ക് പ്രത്യേക പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്. അവസാന പത്തിൽ ഇഅ്തികാഫിന് (ഭജനിമിരിക്കൽ) എത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും ഹറം ഫീൽഡ് ഗൈഡൻസ് അഫയേഴ്സ് ഒരുക്കിയിട്ടുണ്ട്. തീർഥാടകരെ എളുപ്പത്തിലും സൗകര്യപ്രദമായും അനുഷ്ഠാനങ്ങൾ നിർവഹിക്കാൻ പ്രാപ്തരാക്കുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള സേവനങ്ങളാണ് നൽകുന്നത്.
എല്ലാ തലങ്ങളിലും വലിയ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നുണ്ട്. കൂടുതൽ നമസ്കാര സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. രാപ്പകൽ പ്രവർത്തിക്കുന്ന 200 സൗദി സൂപ്പർവൈസർമാരുടെ മേൽനോട്ടത്തിൽ 4,000ത്തിൽ കുറയാത്ത തൊഴിലാളികൾ ശുചീകരണ ജോലികൾക്കായുണ്ട്. അവർക്ക് വേണ്ട ഉപകരണങ്ങളും യന്ത്രസാമഗ്രികളും സജ്ജീകരിച്ചിട്ടുണ്ട്. 9,155 സംസം പാനപാത്രങ്ങൾ, ഹറമിനകത്തും മുറ്റങ്ങളിലും 35,000ത്തിലധികം പുതിയ പരവതാനികൾ, പ്രായം കൂടിയവരും അവശരും രോഗികളുമായവർക്ക് 3,000 മാനുവൽ വെഹിക്കിളുകൾ, 2,000 ഇലക്ട്രിക് ഗോൾഫ് കാറുകൾ, 6000 ഉന്തുവണ്ടികൾ എന്നിവയും ഒരുക്കി. സുരക്ഷ ട്രാഫിക് രംഗത്ത് കൂടുതൽ പേരെ നിയോഗിച്ചു. പ്രവേശന കവാടങ്ങൾക്കും ഹറമിനടുത്തുമായി 11ഒാളം പാർക്കിങ് സ്ഥലങ്ങൾ മുനിസിപ്പാലിറ്റി ഒരുക്കിയിട്ടുണ്ട്. ഹറമിനടുത്ത റോഡുകളിൽ മുഴുസമയ ശുചീകരണ ജോലികൾക്ക് നിരവധി തൊഴിലാളികളെയും നിയോഗിച്ചു.
മക്കയിലെ തിരക്ക് നിയന്ത്രിക്കാൻ സജ്ജം -പൊതുസുരക്ഷ മേധാവി
മക്ക: റമദാൻ അവസാന പത്തിലെ തിരക്ക് നിയന്ത്രിക്കാൻ സുരക്ഷ ഉദ്യോഗസ്ഥർ സജ്ജമാണെന്ന് പൊതുസുരക്ഷ മേധാവി ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ബസ്സാമി പറഞ്ഞു. റമദാനിലെ കഴിഞ്ഞുപോയ ദിവസങ്ങളിലെ ഉംറ സുരക്ഷാ പദ്ധതികൾ ലക്ഷ്യങ്ങൾ നേടി. തീർഥാടകരുടെ എണ്ണം കൂടിയതോടെ പൊതുഗതാഗത സ്റ്റേഷനുകൾ വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു. മാസാരംഭത്തിൽ പ്രഖ്യാപിച്ചിരുന്നതിനേക്കാൾ സന്ദർശകരുടെ എണ്ണം വളരെ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ ഈ വർഷം ഹറമിൽ എത്തിയ ആളുകളുടെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സുരക്ഷ മേധാവി സൂചിപ്പിച്ചു.
ഹറമിലേക്കുള്ള പോക്കുവരവുകൾ വ്യവസ്ഥാപിതമാണ്. ഹറമിൽ ആയിരിക്കുമ്പോൾ അതിന്റെ വിശുദ്ധിക്ക് കളങ്കമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് തീർഥാടകരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വർഷം റമദാനിൽ 4345 യാചകരെയും തെറ്റായ പ്രവർത്തനങ്ങളിലേർപ്പെട്ടവരെയും പിടികൂടി. ഉംറ യാത്രകൾ സംഘടിപ്പിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച 35 വ്യാജ ഉംറ ഏജൻറുമാരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.