കഴിഞ്ഞ വർഷം സൗദിയിൽനിന്ന് പുറത്തുപോയത് 1.29 ലക്ഷം വിദേശികൾ
text_fieldsജിദ്ദ: 2020ൽ സൗദി അറേബ്യയിൽനിന്നു ജോലി നഷ്ടപ്പെട്ട് സ്വദേശങ്ങളിലേക്ക് തിരിച്ചുപോയ വിദേശികളുടെ എണ്ണം 1,29,000 എത്തിയതായി സർക്കാർ റിപ്പോർട്ട്. ഇവരിൽ 1,20,000 പേർ പുരുഷന്മാരും ബാക്കി സ്ത്രീകളുമാണ്. മുൻ വർഷത്തേക്കാൾ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ രണ്ടു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020 അവസാനത്തോടെ മൊത്തം വിദേശികളുടെ എണ്ണം 63.5 ലക്ഷമായി കുറഞ്ഞു. അതേസമയം, ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ (ഗോസി) രജിസ്റ്റർ ചെയ്ത സ്വദേശി ജീവനക്കാരുടെ എണ്ണം നാലു ശതമാനം വർധിച്ച് 20.3 ലക്ഷമായി ഉയർന്നു.
2020ൽ മാത്രം പ്രാദേശിക തൊഴിൽ വിപണിയിൽ ചേർന്ന സൗദി പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം 74,000 ആണെന്ന് സർക്കാർ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റിപ്പോർട്ടുകൾപ്രകാരം 2020െൻറ അവസാനത്തിലാണ് പ്രാദേശിക തൊഴിൽ വിപണിയിൽനിന്ന് വിദേശികൾ കൂടുതലായി പുറത്തായത്. ഈ കാലയളവിൽ 18,000 സ്വദേശികളും ജോലി ഉപേക്ഷിച്ചിട്ടുണ്ട്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം 2,81,000ഉം സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന പൗരന്മാരുടെ എണ്ണം 17.5 ലക്ഷവുമാണ്. സർക്കാർ മേഖലയിൽ 74,000 വിദേശികളും ജോലി ചെയ്യുന്നുണ്ട്. ഗോസിയിൽ രജിസ്റ്റർ ചെയ്ത ഭൂരിഭാഗം സ്വദേശികളും 20നും 24 വയസ്സിനുമിടയിലുള്ളവരാണ്. 15 മുതൽ 19 വരെയും 25 മുതൽ 29 വരെയും വയസ്സിലുള്ളവർ മൂന്നാം സ്ഥാനത്താണ്. എൻജിനീയറിങ്, ക്ലറിക്കൽ ജോലികൾ, ശാസ്ത്രീയ, സാങ്കേതിക മേഖലകളിലെ വിദഗ്ധർ, വിൽപന മേഖലകൾ എന്നിവയാണ് സ്വദേശികൾ തെരഞ്ഞെടുത്ത പുതിയ ജോലികളിൽ ഭൂരിഭാഗവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.