വ്യവസായിക മേഖലക്ക് ഊർജംപകർന്ന് അരാംകോയുടെ 'ഇക്തിവ' പരിപാടിക്ക് തുടക്കം
text_fieldsസാജിദ് ആറാട്ടുപുഴ
ദമ്മാം: സൗദി വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനും വികസനത്തിനും ഊന്നൽനൽകി, സാങ്കേതികവിദ്യയും വ്യവസായവും പ്രാദേശികവത്കരിക്കുന്നതിനുള്ള പിന്തുണയുമായി ആറാമത് 'ഇക്തിവ' എക്സിബിഷൻ ദമ്മാമിൽ ആരംഭിച്ചു.
ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോ സംഘടിപ്പിക്കുന്ന 'ഇൻ കിങ്ഡം ടോട്ടൽ വാല്യൂ ആഡ് (ഇക്തിവ)' ഫോറം ആൻഡ് എക്സിബിഷനാണ് ദഹ്റാൻ എക്സിബിഷൻ സെൻററിൽ കിഴക്കൻ മേഖലാ ഗവർണർ അമീർ സഊദ് ബിൻ നായിഫ് ഉദ്ഘാടനം ചെയ്തത്.
മൂന്ന് ദിന പരിപാടി ബുധനാഴ്ച അവസാനിക്കും. ചടങ്ങിൽ സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, കിഴക്കൻ പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ അമീർ അഹമ്മദ് ബിൻ ഫഹദ്, സൗദി അരാംകോ ഡയറക്ടർ ബോർഡ് ചെയർമാൻ യാസിർ ഉത്മാൻ അൽ റുമയ്യൻ എന്നിവർ പങ്കെടുത്തു. അരാംകോ വിതരണ ശൃംഖലയുടെ വ്യാപ്തി വർധിപ്പിച്ച് ഇക്തിവ ഫോറത്തിലും എക്സിബിഷനിലുമായി 50 ധാരണപത്രങ്ങൾ ഒപ്പുവെച്ചു.
ആഭ്യന്തര മൂല്യനിർമാണം, ദീർഘകാല സാമ്പത്തിക വളർച്ചയും വൈവിധ്യവത്കരണവും വർധിപ്പിക്കുക, വൈവിധ്യമാർന്നതും സുസ്ഥിരവും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ ഒരു ഊർജമേഖലയുടെ വികസനത്തിന് സഹായകമാകുന്ന ഒരു ലോകോത്തര വിതരണശൃംഖല കെട്ടിപ്പടുക്കുക എന്നിവയാണ് ഇക്തിവ ലക്ഷ്യമിടുന്നത്. കോവിഡ് പ്രതിസന്ധിമൂലം ആഗോള വിതരണശൃംഖല തടസ്സപ്പെട്ടു എങ്കിലും ഇക്തിവയുടെ ഫലമായി, 2021ൽ അരാംകോയുടെ ചെലവിന്റെ 59 ശതമാനം ആഭ്യന്തര വിതരണക്കാരിലേക്ക് എത്തിക്കാൻ സാധിച്ചു. 2015ൽ പ്രോഗ്രാം ആരംഭിച്ചപ്പോൾ അത് 35 ശതമാനം ആയിരുന്നു.
'സാമ്പത്തിക വിജയത്തിലേക്കുള്ള വഴിയൊരുക്കുന്നു' എന്ന പ്രമേയത്തിന് കീഴിൽ നടക്കുന്ന ഇക്തിവ ഫോറം, ലോകത്തിലെ ചില മുൻനിര ഊർജം, ലോജിസ്റ്റിക്സ്, നിർമാണ കമ്പനികൾ എന്നിവയുമായുള്ള പങ്കാളിത്തം എങ്ങനെയാണ് ആഭ്യന്തര വാണിജ്യ ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ലോകത്തിന് ഊർജവിതരണം സാധ്യമാക്കുകയും ചെയ്യുന്നത് എന്ന് വ്യക്തമാക്കുന്നതാണ്. മൊത്തത്തിലുള്ള ഇക്തിവ പ്രകടനം, പരിശീലനം, സൗദിവത്കരണം, സ്ത്രീപ്രാതിനിധ്യം, വിതരണക്കാരുടെ വികസനം, കയറ്റുമതി എന്നിവ ഉൾപ്പെടുന്ന 10 വിഭാഗങ്ങളിലായി അരാംകോയുടെ പ്രവർത്തനമേഖലകളും ഫോറത്തിൽ വ്യക്തമാകും. മഹാമാരി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്താവും എന്ന് പ്രവചിക്കാൻ സാധ്യമല്ലെന്നും, പക്ഷേ അത് സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്ക് തങ്ങളെ സജ്ജമാക്കാൻ സഹായിച്ചുവെന്ന് അരാംകോ പ്രസിഡന്റും സി.ഇ.ഒയുമായ എൻജി. അമിൻ എച്ച്. നാസർ പറഞ്ഞു. ആഗോളവിതരണ ശൃംഖലകളിൽ കോവിഡിന്റെ തുടർച്ചയായ ആഘാതം ഉണ്ടായിരുന്നിട്ടും കൃത്യമായ വിതരണമേഖല നിലനിർത്താൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. 35 രാജ്യങ്ങളിൽനിന്നായി 540ലധികം നിക്ഷേപങ്ങൾ ഇക്തിവ സൗദി അറേബ്യയിലേക്ക് ആകർഷിച്ചിട്ടുണ്ട്. നവീകരണവും സുസ്ഥിരതയും വ്യവസായലോകത്തിന് അത്യാവശ്യമാണെന്ന സന്ദേശം പങ്കുവെക്കുകയാണ് ഇക്തിവ. പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുകയും കൂടുതൽ കാര്യക്ഷമമായ ലോജിസ്റ്റിക് നെറ്റ്വർക്കുകളെ പ്രോത്സാഹിപ്പിക്കുകയും ഉയർന്നുവരുന്ന ഭീഷണികളെ പ്രതിരോധിക്കുന്നതിനും ബിസിനസ് തുടർച്ചയെ സംരക്ഷിക്കുന്നതിനുമായി അരാംകോയ്ക്കും അതിന്റെ വിതരണക്കാരുടെയും കരാറുകാരുടെയും ശൃംഖലക്കും ശക്തമായ പരിരക്ഷകൾ ഉണ്ടെന്ന് ഉറപ്പാക്കുന്ന സൈബർ സുരക്ഷയും ഇക്തിവയിലെ പ്രധാന ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.