ലുലു സൗദി ശാഖകളിൽ പ്രാദേശിക കാർഷിക ഉൽപ്പന്ന വിൽപ്പന കാമ്പയിന് തുടക്കം
text_fieldsജിദ്ദ: സൗദിയിലെ പ്രാദേശിക കാർഷിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ ലുലു ഔട്ട്ലറ്റുകളിൽ പ്രാദേശിക കാർഷിക വിഭവ ഉൽപ്പന്ന വിൽപ്പന കാമ്പയിൻ ആരംഭിച്ചു. 'ഫ്രം ഔർ ലാൻഡ്' എന്ന പേരിൽ ഒരാഴ്ച നീളുന്ന കാമ്പയിൻ റിയാദിൽ മേഖലാ പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയ ജനറൽ മാനേജർ എൻജി. ഫഹദ് അൽ ഹംസി ഉദ്‌ഘാടനം ചെയ്തു. പ്രാദേശിക കർഷകരെ സഹായിക്കാൻ ഇത്തരം സംരംഭങ്ങൾ നടത്തിയ ലുലുവിന്‍റെ ശ്രമങ്ങളെ വളരെയധികം അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പ്രാദേശികമായി കൃഷിചെയ്യുന്ന ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ വിപുലീകരിക്കുകയെന്നത് മന്ത്രാലയത്തിന്‍റെ ലക്ഷ്യങ്ങളിലൊന്നാണെന്നും ഇത് സാധ്യമാക്കിയതിന് ലുലുവിന് പ്രത്യേകം നന്ദി അറിയിക്കുന്നതായും ഭാവിയിൽ ലുലുവുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും അൽ ഹംസി പറഞ്ഞു. ഭക്ഷ്യവിതരണം നിലനിർത്താനുള്ള ചില്ലറ വ്യാപാരിയെന്ന നിലയിൽ പ്രാദേശിക കർഷകരുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിലൂടെ അവരുടെ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഒരു മികച്ച അവസരം നൽകുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് ലുലു സൗദി ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഷഹീം അഭിപ്രായപ്പെട്ടു.
സൗദി സർക്കാർ പ്രതിനിധികൾ, ലുലു ജീവനക്കാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ കൂടുതൽ ലഭ്യമാക്കുക എന്നതാണ് കാമ്പയിൻ കൊണ്ട് ഉദ്ദേശം. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ്, വെള്ളരി, കാപ്സിക്കം, തണ്ണിമത്തൻ, ഔഷധസസ്യങ്ങൾ, പച്ചിലകൾ തുടങ്ങി പഴങ്ങളും പച്ചക്കറികളുമായി 25,000 ടണ്ണിലധികം പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങൾ, പുതിയതും ഫ്രീസുചെയ്‌തതുമായ കോഴി ഉൽപ്പന്നങ്ങളടക്കം 8,500 ടണ്ണിലധികം പ്രാദേശിക മാംസം, 5500 ടൺ പ്രാദേശിക മത്സ്യങ്ങൾ എന്നിവ വർഷം തോറും ലുലു ഔട്ട് ലെറ്റുകൾ മുഖേന വിറ്റഴിച്ചുപോവുന്നതായി ലുലു മാനേജ്‌മെന്‍റ് അറിയിച്ചു.
സ്വദേശികളുടെ പ്രാദേശിക പാചകരീതികളും വിഭവങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി 'സൗദി കിച്ചൻ' എന്ന പേരിൽ ഒരു പുതിയ സംരംഭവും ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ദിനേന സൗദിയിൽ നിന്നുള്ള പുരുഷ, വനിതാ പാചകക്കാരുടെ സൗദി പാചകരീതിയും രുചിയും ഉപയോക്താക്കൾക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ഹൈപ്പർമാർക്കറ്റുകൾ സന്ദർശിക്കുന്ന എല്ലാവരുടെയും സുരക്ഷക്കായി തവക്കൽന ആപ്പ് ഡൗൺലോഡ് ചെയ്യാൻ ലുലു മാനേജ്മെന്‍റ് എല്ലാ ഉപഭോക്താക്കളോടും അഭ്യർത്ഥിച്ചു.
ശുചിത്വം, സാമൂഹിക അകലം തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകൾ എല്ലാം കർശനമായി പാലിച്ചുകൊണ്ട് തന്നെയായിരിക്കും തങ്ങളുടെ പ്രവർത്തനമെന്നും മാനേജ്മെന്‍റ് അറിയിച്ചു. ഇൻ-സ്റ്റോർ ഓഫറുകൾ ഫെബ്രുവരി മൂന്ന് മുതൽ ഒമ്പത് വരെ സൗദിയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും www.luluhypermarket.com/en-sa/ എന്ന ഓൺലൈനിലും ലഭ്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.