പ്രതിവർഷം 100 ശതകോടി ഡോളർ വിദേശ നിക്ഷേപ ലക്ഷ്യം: ദേശീയ തന്ത്രപ്രധാന നിക്ഷേപപദ്ധതിക്ക് തുടക്കം
text_fieldsജിദ്ദ: പ്രതിവർഷം നൂറുശതകോടി ഡോളർ വിദേശ നിക്ഷേപം ലക്ഷ്യമിട്ട് സൗദി അറേബ്യയിൽ ദേശീയ തന്ത്രപ്രധാന നിക്ഷേപ പദ്ധതിക്ക് തുടക്കം. കിരീടാവകാശിയും സാമ്പത്തിക വികസന കാര്യ കൗൺസിൽ ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് തിങ്കളാഴ്ച ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 'വിഷൻ 2030'െൻറ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പ്രധാന സംരംഭങ്ങളിലൊന്നാണ് ഈ പദ്ധതി. രാജ്യത്തിന് വലിയ നിക്ഷേപ ശേഷിയുണ്ട്. അത് സമ്പദ്‌വ്യവസ്ഥയുടെ പ്രവർത്തന യന്ത്രത്തിനുള്ള ഊർജമാണ്. രാജ്യത്തിെൻറ വരുമാന സ്രോതസ്സുകളെ വൈവിധ്യവത്കരിക്കുമെന്ന് 'വിഷൻ 2030' പ്രഖ്യാപനവേളയിൽ വ്യക്തമാക്കിയിരുന്നു. അതിെൻറ ഭാഗമാണ് ദേശീയ നിക്ഷേപ പദ്ധതി. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്കും അതിെൻറ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും ഇതു സഹായിക്കും. ജി.ഡി.പിയിലേക്കുള്ള സ്വകാര്യ മേഖലയുടെ സംഭാവന 65 ശതമാനമായി ഉയരും. നേരിട്ടുള്ള വിദേശ നിക്ഷേപവും കൂടുതലായി എത്തും. എണ്ണേതര കയറ്റുമതിയുടെ അനുപാതം ആറിൽ നിന്ന് 50 ശതമാനമായി ഉയർത്തും. 2030 ഒാടെ ആഗോള മത്സര സൂചികയിലെ ഒന്നാമത്തെ രാജ്യമായി മുന്നേറാനും ഈ പദ്ധതി സഹായിക്കും. രാജ്യം ഒരു പുതിയ നിക്ഷേപഘട്ടം ആരംഭിക്കുകയാണെന്ന് പദ്ധതിക്ക് തുടക്കമിട്ട് നടത്തിയ പ്രഖ്യാപനത്തിൽ കിരീടാവകാശി പറഞ്ഞു. ദേശീയ അന്തർദേശീയ നിക്ഷേപകർക്ക് കൂടുതൽ അവസരമൊരുക്കുന്നതിനും നിക്ഷേപാവസരങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
സ്വകാര്യമേഖലയെ ശാക്തീകരിക്കും. അതിന് വേണ്ടി കൂടുതൽ അവസരങ്ങൾ ഒരുക്കും. വിഷൻ 2030െൻറ അഭിലാഷങ്ങൾ നേടാൻ സഹായിക്കുന്ന ഒരു മാർഗമാണ് നിക്ഷേപം എന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ വികസനം, വൈവിധ്യവത്കരണം, സുസ്ഥിരത എന്നിവയാണ് ലക്ഷ്യം. സാങ്കേതികവിദ്യ കൈമാറ്റവും പ്രാദേശികവത്കരണവും, അടിസ്ഥാന സൗകര്യ വികസനം, ജീവിത നിലവാരം മെച്ചപ്പെടുത്തൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, മാനവ വിഭവശേഷിയുടെ പരിപോഷണം, ഭാവി തലമുറകൾക്ക് അഭിവൃദ്ധിയുടെ പാരമ്പര്യം അവശേഷിപ്പിക്കൽ എന്നിവ ദേശീയ നിക്ഷേപ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. നിക്ഷേപകരെ ശാക്തീകരിക്കുന്നതാണ് പുതിയ പദ്ധതി. നിക്ഷേപ അവസരങ്ങൾ വിപുലമാക്കുക, സാമ്പത്തിക പരിഹാരങ്ങൾ നൽകുക, മത്സരശേഷി വർധിപ്പിക്കുക, സർക്കാർ - സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തിെൻറ ഫലപ്രാപ്തി വർധിപ്പിക്കുക എന്നിവയും പദ്ധതി ലക്ഷ്യങ്ങളാണ്. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ വ്യവസായം, പുനരുൽപാദന ഉൗർജം, ഗതാഗതം, ലോജിസ്റ്റിക്സ്, ടൂറിസം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകൾക്കായി വിശദമായ നിക്ഷേപ പദ്ധതികൾ വികസിപ്പിക്കുന്നത് ഉൾപ്പെടുമെന്ന് കിരീടാവകാശി പറഞ്ഞു. സൽമാൻ രാജാവിെൻറ നേതൃത്വത്തിൽ നേടിയ ശ്രദ്ധേയ നേട്ടങ്ങളിൽ രാജ്യം ഇന്ന് അഭിമാനിക്കുന്നു. ശോഭന ഭാവിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരും. വൈവിധ്യമാർന്നതും സുസ്ഥിരവുമായ സമ്പദ്‌വ്യവസ്ഥ ഇതിനെ പിന്തുണക്കും. ആ ലക്ഷ്യം നേടുന്നതിനുള്ള മാർഗങ്ങളിലൊന്നാണ് പൊതുനിക്ഷേപ പദ്ധതി. ലക്ഷ്യങ്ങളും അഭിലാഷങ്ങളും ദൈവസഹായത്തോടെ നേടിയെടുക്കാനാകുമെന്ന ആത്മവിശ്വാസം തങ്ങൾക്കുണ്ടെന്നും കിരീടാവകാശി പറഞ്ഞു. ദേശീയ നിക്ഷേപ പദ്ധതിയിലൂടെ പ്രതിവർഷം നേരിട്ടുള്ള വിദേശ നിക്ഷേപം 388 ശതകോടി റിയാലായി (നൂറു ശതകോടി ഡോളർ) ഉയർത്തും. 2030 ഓടെ പ്രാദേശിക നിക്ഷേപം പ്രതിവർഷം 1.7 ട്രില്യൺ റിയാലിലേക്ക് ഉയർത്താനും പദ്ധതി ലക്ഷ്യമിടുന്നു. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലൂടെ രാജ്യത്തിെൻറ ജി.ഡി.പിയിലേക്കുള്ള നിക്ഷേപ അനുപാതം 2019ലെ 22ൽ നിന്ന് 2030ൽ 30 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിലെ 15 വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നായി സൗദി സമ്പദ്‌വ്യവസ്ഥ വളരുന്നതിന് പദ്ധതി കാരണമാകുമെന്നും കിരീടാവകാശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.