നിയമക്കുരുക്ക്, വൃക്കരോഗം: ദുരിതത്തിലായ മലയാളിയെ നാട്ടിലയച്ചു
text_fieldsറിയാദ്: ഇഖാമ പുതുക്കാതെയും സ്പോൺസറുടെ അടുത്തുനിന്ന് ഒളിച്ചോടിയെന്ന 'ഹുറൂബ്' കേസും കാരണം നിയമക്കുരുക്കിലായും വൃക്കരോഗം ബാധിച്ച് അവശനായും തീർത്തും ദുരിതത്തിലായ മലയാളി, സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു.
ഇരു വൃക്കകളും തകരാറിലായി കഷ്ടത അനുഭവിക്കുന്ന തൃശൂർ അമ്മാടം മുളക്കര സ്വദേശി പ്രദീപ് കുമാറിനാണ് സാമൂഹിക പ്രവർത്തകരായ അബ്ദുൽ മജീദ് പൂളക്കാടിയും നിഅ്മത്തുല്ലയും തുണയായത്.
ഇദ്ദേഹം റിയാദിലെ താമസസ്ഥലത്ത് വളരെ അവശനിലയിൽ കഴിയുന്ന വിവരം ഭാര്യയും ബന്ധു സുരേഷും അബ്ദുൽ മജീദ് പൂളക്കാടിയെ നാട്ടിൽനിന്ന് വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് റിയാദ് സുലൈമാനിയയിൽ പ്രദീപ് ജോലിചെയ്യുന്ന സ്ഥലത്തെ അപ്പാർട്ട്മെൻറിൽ എത്തി പ്രദീപിനെ നേരിൽക്കണ്ട് കാര്യങ്ങൾ മനസ്സിലാക്കി.
20 വർഷം തുടർച്ചയായി ജോലി ചെയ്തുവരുന്ന സ്ഥാപനം മൂന്നു വർഷമായി ഇഖാമ പുതുക്കി നൽകിയിരുന്നില്ല. മെഡിക്കൽ ഇൻഷുറൻസും പുതുക്കിയിരുന്നില്ല. ഇതുകാരണം, അസുഖമുണ്ടായപ്പോഴും ചികിത്സതേടാനും കഴിയാതെ പോയി. ദേഹമാസകലം നീര് വന്ന് അവശനായ പ്രദീപിനെ എത്രയുംവേഗം നാട്ടിൽ എത്തിക്കുന്നതാണ് ഉചിതമെന്ന് സാമൂഹിക പ്രവർത്തകർക്ക് തോന്നി. അതിനുള്ള ശ്രമം തുടങ്ങി. ഇഖാമ കാലാവധി തീർന്നിട്ട് മൂന്നു വർഷം കഴിഞ്ഞിരുന്നു. ഇന്ത്യൻ എംബസിയിൽ പരാതി നൽകുകയും അധികൃതരുടെ സാഹായത്തോടെ നാടണയാനുള്ള ശ്രമങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. എംബസി അധികൃതർ ഇഖാമ സ്റ്റാറ്റസ് പരിശോധിച്ചപ്പോൾ വേറെ ഒരു നിയമക്കുരുക്ക് കൂടിയുണ്ടെന്ന് മനസ്സിലായി.
തെൻറ കീഴിൽനിന്ന് ഒളിച്ചോടിയെന്ന സ്പോൺസറുടെ പരാതിയിൽ സൗദി പാസ്പോർട്ട് വിഭാഗം (ജവാസാത്ത്) 'ഹുറൂബാ'ക്കിയിരിക്കുകയാണ്. ഇൗ കുരുക്കഴിക്കാൻ സഹായംതേടി അബ്ദുൽ മജീദ് പൂളക്കാടി സ്പോൺസറെ നിരന്തരം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ആദ്യമൊന്നും ഫലമുണ്ടായില്ല. നിരന്തരമുള്ള ശ്രമത്തിനൊടുവിൽ സ്പോൺസർ ഫോൺ അറ്റൻഡ് ചെയ്തു. കാര്യങ്ങൾ അദ്ദേഹത്തെ ധരിപ്പിക്കാനായി. ശമ്പള കുടിശ്ശിക കൊടുക്കാനും നിയമക്കുരുക്ക് അഴിക്കാനും സ്പോൺസർ തയാറായി. തുടർന്ന് എംബസിയുടെയും സാമൂഹിക പ്രവർത്തകരായ അബ്ദുൽ മജീദ് പൂളക്കാടിയുടെയും നിഅ്മത്തുല്ലയുടെയും സഹായത്തോടെ പ്രദീപിന് നാടണയാൻ കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.