ഇന്ത്യ ആരു ഭരിക്കുമെന്നതല്ല, ഇന്ത്യതന്നെയുണ്ടാകുമോ എന്നതാണ് രാജ്യം നേരിടുന്ന പ്രധാന ചോദ്യം -എം.സ്വരാജ്
text_fieldsജീസാൻ: പാർലമെന്റ് തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യ ആരു ഭരിക്കുമെന്നതല്ല ഇന്ത്യതന്നെയുണ്ടാകുമോ എന്നതാണ് രാജ്യം നേരിടുന്ന പ്രധാന ചോദ്യമെന്നും ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളും മതനിരപേക്ഷതയും ബഹുസ്വരതയും ഇല്ലാതാക്കികൊണ്ട് ഇന്ത്യയെ ഒരു വർഗീയ മതാതിഷ്ഠിത റിപ്പബ്ലിക്കായി മാറ്റാനുള്ള ആർ.എസ്. എസിന്റെ പ്രവർത്തന പദ്ധതിയുടെ ആദ്യ ചുവടുവെപ്പാണ് പൗരത്വഭേദഗതി നിയമമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് അഭിപ്രായപ്പെട്ടു. ഇടതുപക്ഷ പ്രവർത്തകർ ജിസാനിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനെ ഓൺലൈനിൽ അഭിവാദ്യംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ ജനവിരുദ്ധ നയങ്ങൾക്കും ഇന്ത്യയുടെ മതനിരപേക്ഷതയെ തകർക്കുന്ന നിയമനിർമാണങ്ങൾക്കുമെതിരെ ഒരു വാക്കുപോലും പറയാത്ത കോൺഗ്രസിന്റെ പ്രകടനപത്രികയിൽ സി.എ.എ എന്ന വാക്കുപോലും ഇല്ലെന്നും രാഹുൽ ഗാന്ധി അടക്കമുള്ള കേരളത്തിൽ നിന്നുള്ള 18 എം.പിമാർ പാർലമെൻറിൽ മൗനം കൊണ്ട് ബി.ജെ.പി.യെ പിന്തുണക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജീസാൻ എ.കെ.കാർഗോ കോമ്പൗണ്ടിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ സാംസ്കാരിക പ്രവർത്തകനും ജിദ്ദ നവോദയയുടെ മുഖ്യരക്ഷാധികാരിയുമായ ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ജനവിരുദ്ധ നയങ്ങളും ഹിന്ദുത്വവൽക്കരണവും നടപ്പിലാക്കികൊണ്ട് കോർപ്പറേറ്റുകൾക്ക് രാജ്യത്തിൻറെ പൊതുസ്വത്ത് യഥേഷ്ടം കൊള്ളയടിക്കാൻ വഴിയൊരുക്കിയ മോദിയുടെ സമഗ്രാധിപത്യസ്വഭാവമുള്ള ഫാസിസ്റ്റ് ഭരണത്തിനു കീഴിൽ കർഷകരും തൊഴിലാളികളും സാധാരണക്കാരും പ്രവാസികളുമെല്ലാം ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്നും രാജ്യത്തിൻറെ സമ്പത്ത് ഘടനയുടെ നട്ടെല്ലായ പ്രവാസികൾക്കായി ഒരു രൂപയുടെപോലും ക്ഷേമപദ്ധതികൾ കേന്ദ്രസർക്കാർ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൺവെൻഷനിൽ താഹ കൊല്ലേത്ത് അധ്യക്ഷത വഹിച്ചു. സതീഷ് കുമാർ നീലാംബരി, ഫൈസൽ മേലാറ്റൂർ എന്നിവർ സംസാരിച്ചു. സലാം കൂട്ടായി സ്വാഗതവും വെന്നിയൂർ ദേവൻ നന്ദിയും പറഞ്ഞു.
'എന്തുകൊണ്ട് എൽഡിഎഫ്', 'സി.എ.എ യുടെ കാണാപ്പുറങ്ങൾ' എന്നീ ഡോക്യുമെന്ററികളും പ്രശസ്ത കവി മുരുകൻ കാട്ടാക്കടയുടെ കാവ്യശിൽപ്പവും കൺവെൻഷനിൽ പ്രദർശിപ്പിച്ചു. സിയാദ് പുതുപ്പറമ്പിൽ, അന്തുഷ ചെട്ടിപ്പടി, ഗഫൂർ പൊന്നാനി, എൻ.എം.മൊയ്തീൻ ഹാജി, സണ്ണി ഓതറ എന്നിവർ നേതൃത്വം നൽകി. കേരളത്തിലെ എല്ലാ നിമയസഭാ മണ്ഡലങ്ങളിലെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി ജിസാനിലെ പ്രവാസികൾക്കിടയിൽ വിവിധ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് കൺവെൻഷൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.