തഖ്വയിൽ അധിഷ്ഠിതമായ ജീവിതം നയിക്കുക -ഇ. സുലൈമാൻ മുസ്ലിയാർ
text_fieldsജിദ്ദ: മനുഷ്യരാശി പുരോഗതിയിലേക്ക് കുതിക്കുമ്പോഴും മനുഷ്യത്വം മറന്നു കൊലപാതകങ്ങൾ അധികരിച്ച കാലത്ത് ജീവിതലക്ഷ്യം വിസ്മരിക്കാതെ തഖ്വയിൽ അധിഷ്ഠിതമായ ജീവിതം നയിക്കാൻ വിശ്വാസി സമൂഹം തയ്യാറാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ പറഞ്ഞു. ഓരോ വിശ്വസിക്കും സ്വന്തം വ്യക്തിത്വത്തോടും കുടുംബത്തോടും അവൻ ജീവിക്കുന്ന സമൂഹത്തോടും ഒട്ടേറെ കടപ്പാടുകൾ ഉണ്ട്. ഇവയെല്ലാം പൂർണമായും ചെയ്തു തീർക്കുമ്പോഴാണ് ഇരു ലോകത്തും വിജയിക്കുന്ന യഥാർത്ഥ വിശ്വാസിയായി മാറുന്നത് എന്നും അദ്ദേഹം ഓർമിപ്പിച്ചു. ഹജ്ജ് നിർവഹിക്കാൻ മക്കയിലെത്തിയ പ്രാസ്ഥാനിക നേതാക്കൾക്ക് ഐ.സി.എഫ് ജിദ്ദ കമ്മിറ്റി നൽകിയ സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷറഫിയ്യ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സുന്നി യുവജന സംഘം സംസ്ഥാന ഉപാധ്യക്ഷൻ ദേവർശോല അബ്ദുസ്സലാം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ജിദ്ദ ഐ.സി.എഫ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹസ്സൻ സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി സൗദിയിലെത്തിയ സുലൈമാൻ മുസ്ലിയാരെ ചടങ്ങിൽ ആദരിച്ചു. ഐ.സി.എഫ് ജിദ്ദ നടപ്പാക്കുന്ന പ്രവാസി പെൻഷൻ പദ്ധതിയുടെ വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
സുന്നി മാനേജ്മെൻറ് അസോസിയേഷൻ സംസ്ഥാന സെക്ടറി വള്ളിയാട് മുഹമ്മദലി സഖാഫി, ഇ. അബ്ദുല്ല അഹ്സനി ചെങ്ങാനി, ഇ.കെ അബ്ദുൽ ഖാദർ മുസ്ലിയാർ, ഫാറൂഖ് സഖാഫി നെല്ലിക്കുത്ത്, അലി ഹസൻ അഹ്സനി, ഐ.സി.എഫ് ഇന്റർനാഷനൽ സെക്രട്ടറി മുജീബ് എ.ആർ നഗർ, ഐ.സി.എഫ് സൗദി നാഷണൽ ഫിനാൻസ് സെക്രട്ടറി ബഷീർ എറണാകുളം, മുഹമ്മദലി വേങ്ങര, മക്ക പ്രൊവിൻസ് ഐ.സി.എഫ് നേതാക്കളായ ബഷീർ പറവൂർ, അബ്ബാസ് ചെങ്ങാനി, മുഹമ്മദലി മാസ്റ്റർ, ആർ.എസ്.സി ഗ്ലോബൽ കൺവീനർമാരായ സാദിഖ് ചാലിയാർ, നൗഫൽ എറണാകുളം, മർകസ് ഗ്ലോബൽ സെക്രട്ടറി അഷ്റഫ് കൊടിയത്തൂർ, ഐ.സി.എഫ് സെൻട്രൽ നേതാക്കളായ യഹിയ ഖലീൽ നൂറാനി, മുഹിയുദ്ദീൻ കുട്ടി സഖാഫി, കലാം അഹ്സനി, മുഹമ്മദ് അൻവരി കൊമ്പം, മുഹ്സിൻ സഖാഫി, യാസിർ എ.ആർ നഗർ, റസാഖ് എടവണ്ണപ്പാറ, ഗഫൂർ പുളിക്കൽ, അബൂമിസ്ബാഹ് ഐക്കരപ്പടി, സക്കീർ കൊണ്ടോട്ടി തുടങ്ങിയവരും സ്വീകരണ സംഗമത്തിൽ സംബന്ധിച്ചു.
സൈനുൽ ആബിദീൻ തങ്ങൾ സ്വാഗതവും ഹനീഫ പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.