Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.ഐ.സി.സിയിൽ നിന്നു...

ഒ.ഐ.സി.സിയിൽ നിന്നു പുറത്താക്കിയ നടപടി പ്രഹസനവും അപഹാസ്യവുമെന്ന് നേതാക്കൾ

text_fields
bookmark_border
ഒ.ഐ.സി.സിയിൽ നിന്നു പുറത്താക്കിയ നടപടി പ്രഹസനവും അപഹാസ്യവുമെന്ന് നേതാക്കൾ
cancel

മക്ക: തങ്ങളുടെ ഒ.ഐ.സി.സി പ്രാഥമിക അംഗത്വം റദ്ദാക്കിയ നടപടി പ്രഹസനവും അപഹാസ്യവുമാണെന്ന് പുറത്താക്കപ്പെട്ട നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു. ഒ.ഐ.സി.സി മക്ക കമ്മിറ്റി ഭാരവാഹി തിരഞ്ഞെടുപ്പിലെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും നീതിരഹിതവുമായ നടപടി ചോദ്യം ചെയ്യുകയും സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി കോൺഗ്രസ് സംഘടനാ സംവിധാനത്തിന്റെ ജനാധിപത്യത്തെ അട്ടിമറിക്കുകയും ചെയ്ത കാര്യങ്ങളെ സംഘടനയുടെ ചുമതലയുള്ള കെ.പി.സി.സി നേതൃത്വത്തിന് ബോധ്യപ്പെട്ടതാണ്.

എന്നിട്ടും അതിന്മേൽ യാതൊരു നടപടികളും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് 2025 ജനുവരി രണ്ടാം തീയതി ഒ.ഐ.സി.സിയിൽ നിന്നു രാജിവെച്ചിട്ടുള്ള തങ്ങളെ ഒന്നര മാസത്തിനു ശേഷം പുറത്താക്കിയതായി അറിയിച്ചുകൊണ്ടുള്ള നടപടി വെറും പ്രഹസനമാണെന്ന് നേതാക്കൾ പറഞ്ഞു.

ഒ.ഐ.സി.സിയുടെ അംഗത്വ കാമ്പയിന്റെ സമയപരിധിയായ 2024 മെയ് മാസത്തിലടക്കം ആ വർഷത്തെ ഹജ്ജ് സന്നദ്ധ സേവന രംഗത്ത് കർമ്മനിരതരായിരുന്ന മക്കയിലെ പ്രവർത്തകർക്ക് അംഗത്വം ചേർക്കുന്നതിനുള്ള സമയപരിധി നീട്ടി നൽകണമെന്ന അന്നത്തെ മക്ക കമ്മിറ്റി നേതൃത്വത്തിന്റെ അഭ്യർഥന അംഗീകരിച്ചു ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ സമയപരിധി ദീർഘിപ്പിച്ചു നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ 104 ഉം രണ്ടാം ഘട്ടത്തിൽ 200 ഉം അംഗത്വ അപേക്ഷകളും അതിന്റെ ഫീസായ ഒരു അംഗത്തിന് 30 റിയാൽ വെച്ചുള്ള തുകയും കെ.പി.സി.സിക്ക് നൽകിയിരുന്നു. അത് അംഗീകരിച്ചു കൊണ്ട് കെ.പി.സി.സി പ്രസിഡന്റും ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാനും ഒപ്പുവെച്ച അംഗത്വ കാർഡുകൾ മക്കയിലെ പ്രവർത്തകർക്ക് നൽകുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനാധിപത്യവിരുദ്ധവും നീതി രഹിതവുമായി റീജ്യനൽ കമ്മിറ്റിയിലും നാഷനൽ കമ്മിറ്റിയിലും അധികാര മോഹികളായ ചില സ്വാർഥ താൽപര്യക്കാരുടെ കുൽസിത ശ്രമങ്ങൾക്ക് പാർട്ടി നേതൃത്വം വഴങ്ങിക്കൊടുത്തുകൊണ്ട് ഔദ്യോഗിക അംഗത്വം കൈയിൽ കിട്ടിയിട്ടും സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ടവകാശം നിഷേധിച്ച് മക്കയിലെ തിരഞ്ഞെടുപ്പിനെ അട്ടിമറിച്ചതെന്നും നേതാക്കൾ പറഞ്ഞു.

ആകെയുള്ള 304 ഔദ്യോഗിക അംഗങ്ങളിൽ വെറും 27 പേർ പങ്കെടുത്ത യോഗത്തിലാണ് മക്കയിലെ പുതിയ ഭാരവാഹി പ്രഹസന തിരഞ്ഞെടുപ്പ് നടത്തിയത് എന്ന കാര്യം മാത്രം മതി ജനാധിപത്യം ഏത് രീതിയിൽ അട്ടിമറിക്കപ്പെട്ടു എന്നതിന്റെ ഗൗരവപ്രശ്നം ബോധ്യപ്പെടാനെന്നും നേതാക്കൾ പറഞ്ഞു.

സൗദിയിൽ റിയാദിലും ജിദ്ദയിലും അടക്കം പല പ്രവിശ്യകളിലും സമയപരിധിക്ക് ശേഷവും അംഗത്വം ചേർത്തവർക്ക് തിരഞ്ഞെടുപ്പിൽ വോട്ടവകാശവും അവരിൽ നിന്നുള്ള ആളുകൾക്ക് റീജിയനൽ കമ്മിറ്റി ഭാരവാഹിത്വം അടക്കം നൽകുകയും ചെയ്തിട്ടും മക്കയിൽ മാത്രം സമയ പരിധിയെന്ന സാങ്കേതിക കാരണം പറഞ്ഞ് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുകയാണുണ്ടായത്. മക്കയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തകർക്കിടയിൽ കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിട്ടും അങ്ങനെയുള്ള ഇടങ്ങളിൽ നേതൃത്വം ഇടപെട്ട് ചർച്ച നടത്തി സമവായത്തിലൂടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കണമെന്നുള്ള കെ.പി.സി.സിയുടെ ഉത്തരവിനെ മക്കയിലെ തിരഞ്ഞെടുപ്പിൽ കാറ്റിൽ പറത്തുകയാണുണ്ടായത്.

മദീനയിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ നാല് തവണ തിരഞ്ഞെടുപ്പ് നടത്തിയ റീജിയനൽ നേതൃത്വവും സൗദി നാഷനൽ കമ്മിറ്റി നേതൃത്വവും ചേർന്ന് മക്കയിൽ ഇപ്പോൾ പുറത്താക്കപ്പെട്ടതായി പറയപ്പെടുന്നവർ നേതൃത്വത്തിലേക്ക് കടന്നുവരാതിരിക്കാൻ അജണ്ട തയ്യാറാക്കി പ്രവർത്തിക്കുകയായിരുന്നെന്നും നേതാക്കൾ പറഞ്ഞു.

മക്കയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങി നാളിതു വരെയുള്ള ഒന്നര വർഷക്കാലം പിന്നിട്ടിട്ടും പ്രശ്നപരിഹാരത്തിന് ഒരു ഇടപെടൽ പോയിട്ട് ഒരു ഫോൺ കോളിലൂടെ പോലും എന്താണ് പ്രശ്നങ്ങൾ എന്ന് മക്കയിലെ പ്രവർത്തകരെ ആരും കേട്ടിട്ടില്ല.

സൗദിയിലെ വിവിധ പ്രവിശ്യകളിൽ അഭിപ്രായ ഭിന്നതകളെ തുടർന്ന് സംഘടനാ പ്രവർത്തനരംഗത്തു നിന്നും മാറിനിൽക്കുന്ന വലിയ ഒരു വിഭാഗം ആളുകളെ പ്രശ്നങ്ങൾ പരിഹരിച്ച് ചേർത്ത് നിറുത്തുന്നതിനു പകരം സംഘടനയിൽ നിന്നും കൂടുതൽ അകറ്റി നിറുത്താൻ പ്രയത്നിക്കുന്ന നാഷനൽ കമ്മിറ്റി പ്രസിഡന്റ്‌ ഒ.ഐ.സി.സിയെ തകർക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് നേതൃത്വം ‌നൽകുന്നതെന്നും നേതാക്കൾ ആരോപിച്ചു.

ഒ.ഐ.സി.സി സൗദി നാഷനൽ നേതൃത്വത്തിലേയും ജിദ്ദ, ദമ്മാം തുടങ്ങിയ പല റീജ്യനൽ കമ്മിറ്റി നേതൃത്വങ്ങളുടെയും കുൽസിത താല്പര്യ സംരക്ഷണാർഥം ഒ.ഐ.സി.സിയുടെ സംഘടനാ പ്രവർത്തന രംഗത്ത് നിന്നും മാറ്റി നിറുത്തപ്പെട്ടിട്ടുള്ള സമാന ചിന്താഗതിക്കാരായ വലിയ വിഭാഗവുമായി ചേർന്ന് ഭാവി പ്രവർത്തനങ്ങൾ തീരുമാനം എടുത്ത് പ്രവർത്തിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. അതിന് തുടക്കം കുറിച്ചുകൊണ്ട് ജുബൈലിൽ കഴിഞ്ഞ ദിവസം സമാന്തര കമ്മിറ്റി നിലവിൽ വന്നതായും സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഇത്തരം കമ്മിറ്റികൾ വരും ദിവസങ്ങളിൽ നിലവിൽ വന്നേക്കാമെന്നും നേതാക്കൾ അറിയിച്ചു.

തങ്ങൾ ഒ.ഐ.സി.സിയിൽ നിന്നും രാജിവച്ചതായി പറഞ്ഞുകൊണ്ടുള്ള അറിയിപ്പ് സംഘടനയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിമാർക്ക് രേഖാമൂലം നൽകിയതിനു ശേഷം രണ്ട് മാസങ്ങൾ കഴിഞ്ഞ് തങ്ങളെ പുറത്താക്കിയതായി അറിയിച്ചുകൊണ്ടുള്ള നടപടി അങ്ങേയറ്റം അപഹാസ്യവുമാണെന്നും പൊതുസമൂഹം ഇതിനെ നല്ലതു പോലെ വിലയിരുത്തുമെന്നും നേതാക്കൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCsaudinews
News Summary - Leaders said that the process of being expelled from the OICC is farcical and ridiculous
Next Story
RADO