ലോക പ്രതിസന്ധി പരിഹരിക്കാൻ സൗദിക്ക് നേതൃപരമായ പങ്ക് –സൽമാൻ രാജാവ്
text_fieldsജിദ്ദ: ലോകം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിൽ സൗദി അറേബ്യ നേതൃപരമായ പങ്കുവഹിക്കുന്നതായി സൽമാൻ രാജാവ്. ശനിയാഴ്ച ഇറ്റലിയിലെ റോമിൽ ആരംഭിച്ച ജി20 ഉച്ചകോടിയുടെ ഉദ്ഘാടന വേളയിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു സൽമാൻ രാജാവ്. കോവിഡിെൻറ പ്രത്യാഘാതങ്ങളിൽനിന്ന് കരകയറുന്നതിന് ലോകത്തെ സൗദി അറേബ്യ പിന്തുണച്ചിട്ടുണ്ട്. 20 മാസത്തിലേറെയായി ആഗോള സമ്പദ് വ്യവസ്ഥ കോവിഡിെൻറ അനന്തരഫലങ്ങൾ അനുഭവിക്കുന്നു.
ചില രാജ്യങ്ങൾ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കൽ യാത്ര ആരംഭിച്ചിട്ടുണ്ടെങ്കിലും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾ വാക്സിനുകൾ നേടുന്നതിലും വിതരണം ചെയ്യുന്നതിലും ബുദ്ധിമുട്ട് നേരിടുന്നു. അതിനാൽ, വാക്സിനുകൾ നേടുന്നതിനും ലഭ്യമാക്കുന്നതിനുമുള്ള സഹകരണവും സഹായവും പ്രോത്സാഹിപ്പിക്കുന്നതിൽ ജി20 യുടെ പങ്ക് പ്രധാനമാണ്. ദരിദ്ര രാജ്യങ്ങൾ ഇപ്പോഴും പകർച്ചവ്യാധിയുടെ അനന്തരഫലങ്ങൾ അനുഭവിക്കുന്നുവെന്ന് സൽമാൻ രാജാവ് പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തിെൻറ വെല്ലുവിളികളെക്കുറിച്ചും അതിെൻറ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചും സൗദി അറേബ്യ ലോകരാജ്യങ്ങളുമായി ഉത്കണ്ഠ പങ്കിടുകയാണ്.
കൂടുതൽ നവീകരണങ്ങളെയും വികസനത്തെയും പിന്തുണച്ച് ലോകത്തിന് ശുദ്ധമായ ഊർജം നൽകുന്നതിൽ രാജ്യം പ്രധാന പങ്ക് തുടരും.
അതത് രാജ്യങ്ങളിലെ വ്യത്യസ്ത സാഹചര്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ സുസ്ഥിരവും സമഗ്രവുമായ പരിഹാരങ്ങൾക്കായി ആവശ്യപ്പെടുന്നു.
ആഗോള പ്രതിസന്ധികളിൽനിന്ന് സാമ്പത്തികവും ആരോഗ്യപരവുമായ വീണ്ടെടുക്കലിലും ഊർജ വിപണികളിൽ സുരക്ഷിതത്വവും സ്ഥിരതയും കൈവരിക്കുന്നതിനുള്ള സന്തുലിതാവസ്ഥ കണ്ടെത്തുന്നതിലും സൗദിയുടെ സുപ്രധാന പങ്ക് തുടരുകയാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ആഗോള പ്രതിസന്ധിയുടെ തുടക്കം മുതൽ രാജ്യം സ്വീകരിച്ച നയങ്ങൾ ആരോഗ്യവും സാമ്പത്തികവും സാമൂഹികവുമായി കോവിഡിെൻറ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ സഹായിച്ചു.
മഹാമാരിയുടെ പ്രത്യാഘാതങ്ങളെ അതിജീവിക്കുന്നതിൽ രാജ്യം വിജയിച്ചു. കോവിഡ് സാഹചര്യങ്ങൾ നേരിടുന്നതിൽ ജി20 രാജ്യങ്ങൾ നിർണായക പങ്കു വഹിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം സൗദി അറേബ്യ മറ്റു രാജ്യങ്ങളുടെ സഹകരണത്തോടെ മഹാമാരിയെ നേരിടാനും അതിെൻറ ആരോഗ്യ, സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും നേതൃത്വം നൽകി. ജി20 രാജ്യങ്ങളിലും ലോകമെമ്പാടും അഭിവൃദ്ധിയും സമൃദ്ധിയും കൈവരിക്കുന്നതിന് കൂടുതൽ ബഹുമുഖ സഹകരണത്തിനായി പ്രതീക്ഷിക്കുകയാണെന്നും സൽമാൻ രാജാവ് പറഞ്ഞു.
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, സഹമന്ത്രിമാരായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഐബാൻ, ഡോ. ഇബ്രാഹിം അസാഫ്, ആസൂത്രണ മന്ത്രി ഫൈസൽ ബിൻ ഫാദിൽ അൽ ഇബ്രാഹിം, സൽമാൻ രാജാവിെൻറ അസിസ്റ്റൻറ് സ്‌പെഷൽ സെക്രട്ടറി തമീം ബിൻ അബ്ദുൽ അസീസ് അൽ സാലിം തുടങ്ങിയവർ വെർച്വൽ സംവിധാനത്തിലൂടെ ഉച്ചകോടിയിൽ പെങ്കടുത്തു. റോമിലെത്തിയ സൗദി പ്രതിനിധി സംഘത്തിൽ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല, ധനകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ജദ്ആൻ, ആരോഗ്യമന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജിൽ, സൗദി സെൻട്രൽ ബാങ്ക് ഗവർണർ ഫഹദ് ബിൻ അബ്ദുല്ല അൽ മുബാറക് എന്നിവരുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.