ലീപ് 2025; ആഗോള ഡിജിറ്റൽ മേളക്ക് നാളെ റിയാദിൽ തുടക്കം
text_fieldsറിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ സാങ്കേതികവിദ്യാ മേളയായ ‘ലീപ് 2025’െൻറ നാലാം പതിപ്പിന് നാളെ (ഞായറാഴ്ച) റിയാദിൽ തുടക്കമാകും. ‘പുതിയ ലോകത്തേക്ക്’ എന്ന തലവാചകത്തിൽ ഫെബ്രുവരി ഒമ്പത് മുതൽ 12 വരെ നഗരത്തിെൻറ വടക്കുഭാഗത്തെ മൽഹമിലുള്ള റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ് മേള. രാജ്യത്തിനകത്തുംപുറത്തും നിന്നായി 1,800ലധികം ബ്രാൻഡുകൾ പ്രദർശനത്തിലുണ്ടാകും. ലോകത്തിെൻറ വിവിധ കോണുകളിൽനിന്നായി ആയിരത്തിലധികം പ്രഭാഷകർ വേദിയിലെത്തും. 680 സ്റ്റാർട്ടപ്പുകളും മേളയിൽ പരിചയപ്പെടുത്തും. വിവരസാങ്കേതികവിദ്യയുടെ പുതിയ യുഗം പരിചയപ്പെടുത്തുന്ന മേളയിൽ പങ്കെടുക്കാൻ രാജ്യത്തിെൻറ വിവിധപ്രവിശ്യകളിൽനിന്നും രാജ്യത്തിനുപുറത്തുനിന്നുമായി സംരംഭകരും വിദഗ്ദ്ധരും റിയാദിലെത്തി. 1,70,000 സന്ദർശകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ബിസിനസ് നെറ്റ്‌വർക്കിങ്ങും ടെക് മേഖലയിലെ നിക്ഷേപാവസരങ്ങളും വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന മേള സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള ‘വിഷൻ 2030’ പദ്ധതിയുമായി സംയോജിപ്പിച്ച് ആഗോള സാങ്കേതിക കേന്ദ്രമാകാനുള്ള സൗദി അറേബ്യയുടെ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് വേഗതപകരും. രാജ്യത്തിെൻറ സാങ്കേതികമേഖലയിലെ ഉയർച്ചയിലേക്കുള്ള ഒരു ഉത്തേജകമായാണ് വ്യവസായ പ്രമുഖർ ലീപ്പിനെ കാണുന്നത്.
2030 റിയാദ് എക്സ്പോ, 2034 ലോകകപ്പ് ഉൾപ്പടെ ലോകശ്രദ്ധയിലേക്ക് രാജ്യം ഉയരാനൊരുങ്ങുമ്പോൾ ടെക്നോളജി രംഗത്ത് വലിയ കുതിപ്പ് ആവശ്യമാണെന്നും ലീപ് അതിനായുള്ള വേദിയാകുമെന്നും ഐ.ടിവിദഗ്ദ്ധർ വിലയിരുത്തുന്നു. മൈക്രോസോഫ്റ്റ്, ഒറാക്കിൾ, ഹുവായി, എറിക്സൺ ഉൾപ്പടെയുള്ള നൂറുകണക്കിന് മൾട്ടി നാഷനൽ കമ്പനികളും സൗദി അരാംകോ, സൗദി ടെലികോം ഉൾപ്പടെ പ്രമുഖ ദേശീയ കമ്പനികളും മന്ത്രാലയങ്ങളും സ്വന്തം പദ്ധതികളും ഉൽപന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താൻ മേളയിൽ അണിനിരക്കുന്നു. ഭക്ഷ്യമേഖലയിലും ആരോഗ്യരംഗത്തും സാമ്പത്തികമേഖലയിലും ഉപയോഗിക്കാനുള്ള അത്യാധുനികസംവിധാനങ്ങൾക്കും സാങ്കേതികവിദ്യകൾക്കുമാണ് മേളയിൽ പ്രാധാന്യം. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് സോഫ്റ്റുവെയർ നിർമിച്ചുനൽകുന്നതിന് ലോകോത്തരനിലവാരമുള്ള സോഫ്റ്റുവെയർകമ്പനികളും എൻജിനീയർമാരും പവലിയനിലുണ്ടാകും.
വിവരസാങ്കേതികമേഖലയിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനികളിലെ ജീവനക്കാരും വിവിധ സർക്കാർസ്ഥാപനങ്ങളിലെ ജീവനക്കാരും മേളയിൽ പങ്കെടുക്കുന്നുണ്ട്. ഐ.ടി രംഗത്തുള്ള വിദ്യാർഥികൾ മേള റിയാദിൽ നടക്കുന്നത് വലിയ അനുഗ്രഹമായാണ് കാണുന്നത്. ലോകത്തിലെ പ്രമുഖ ഐ.ടി വിദഗ്‌ധരെയും സ്ഥാപനങ്ങളെയും പരിചയപ്പെടാനും അതുവഴി സംരംഭകരാകാനും തൊഴിൽനേടാനും ഇതൊരു സുവർണാവസരമാണെന്ന് അവർ പറയുന്നു.
മേളയിൽ പങ്കെടുക്കാൻ https://onegiantleap.com/tickets എന്ന പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഇമെയലായി ലഭിക്കുന്ന ഇ-ബാഡ്ജ് എക്സിബിഷൻ ഹാളിനുപുറത്തുള്ള രജിസ്ട്രേഷൻകൗണ്ടറിലെത്തി പ്രിൻറ് ചെയ്ത് ഉള്ളിൽപ്രവേശിക്കാം. റിയാദ് നഗരത്തിെൻറ വിവിധഭാഗങ്ങളിൽനിന്നും പ്രമുഖ ഹോട്ടലുകളിൽനിന്നും പ്രദർശനമേളയിലേക്ക് സൗജന്യ ബസ് സർവിസ് ഉണ്ട്. പുറമെ ‘കരീം’ ടാക്സിയിൽ പോകുന്നവർക്ക് ‘LEAP 2025’ എന്ന കോഡ് ഉപയോഗിച്ചാൽ ടാക്സി ചാർജ്ജിൽ പ്രേത്യക കിഴിവുനേടാം.
മേളയിലേക്ക് ഷട്ടിൽ ബസ് സർവിസ്
ലീപ് മേളനഗരിയായ മൽഹമിലെ റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലേക്ക് ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ എല്ലാദിവസവും നിശ്ചിത ഇടവേളകളിൽ ഷട്ടിൽ ബസ് സർവിസുണ്ടായിരിക്കും. റിയാദ് മെട്രോ ബ്ലൂ ലൈനിലെ ‘സാബ്’ സ്റ്റേഷനിൽനിന്ന് രാവിലെ 11.45 മുതൽ വൈകീട്ട് 5.30 വരെയും തിരികെ ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെയും 15 മിനിറ്റ് ഇടവേളകളിലാണ് ബസ് സർവിസ്. ഹിൽട്ടൺ ഗാർഡൻ ഇൻ ഹോട്ടലിൽനിന്ന് രാവിലെ 11.45 മുതൽ വൈകീട്ട് 5.30 വരെയും തിരികെ ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെയും അര മണിക്കൂർ ഇടവേളകളിലാണ് ബസ് സർവീസ്. നഗരത്തിെൻറ ഏത് ഭാഗത്തുനിന്നും വിവിധ മെട്രോ ട്രയിനുകൾ മാറിക്കയറി സാബ് സ്റ്റേഷനിലും ഹിൽട്ടൺ ഗാർഡൻ ഇൻ ഹോട്ടലിന് സമീപമുള്ള മെട്രോ സ്റ്റേഷനിലും എത്തിച്ചേരാനാവും. അവിടെനിന്ന് റിയാദ് മെട്രോയുടെ ഭാഗമായുള്ള ബസുകളിലാണ് മേളയിലേക്കുള്ള യാത്ര. കാറിൽ പോകുന്നവർ റിയാദ് നഗരത്തിൽനിന്ന് വടക്കുദിക്കിൽ അൽ ഖസീം പ്രവിശ്യയിലേക്ക് പോകുന്ന ഹൈവേയിലൂടെയാണ് സഞ്ചരിക്കേണ്ടത്. ഖസീം റോഡിൽനിന്ന് റിയാദ് നഗരാതിർത്തിയിൽ ഫാൽകൺ ഗേറ്റിലേക്ക്പ്രവേശിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.