ലീപ് ടെക്നോ മേളക്ക് പരിസമാപ്തി; രണ്ട് ലക്ഷത്തോളം സന്ദർശകർ
text_fieldsറിയാദ്: സൗദി ചരിത്രത്തിലെ ഏറ്റവും വലിയ ഐ.ടി മേളക്ക് റിയാദിൽ പരിസമാപ്തിയായി. റിയാദ് ഫ്രൻഡ് ഇൻറർനാഷനൽ എക്സിബിഷൻ സെൻററിൽ നാലുദിവസമായി ‘ലീപ് 2023’ എന്ന പേരിൽ നടന്ന എക്സ്പോയിൽ പങ്കെടുക്കാൻ രണ്ടര ലക്ഷം സന്ദർശകരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 1,72,000ലേറെ ആളുകൾ മേളനഗരി സന്ദർശിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നായി 1,026 സംരംഭകർ മേളയിലെത്തി. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾക്കും വ്യാപാര കരാറുകൾക്കും മേള സാക്ഷിയായി. ലോകോത്തര കമ്പനികൾക്ക് ആഗോള ഉപഭോക്താക്കൾക്ക് മുന്നിൽ അവരുടെ സേവനങ്ങളും ഉത്പന്നങ്ങളും പരിചയപ്പെടുത്താനും വിൽപന നടത്താനും ‘ലീപ്’ അവസരമൊരുക്കി.
രാജ്യത്തിനകത്തുള്ള വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും സ്റ്റാർട്ടപ്പ് സംരംഭകർക്കും വലിയ അവസരമായി ലീപ് എക്സ്പോ മാറി. വേദിക്കകത്തുള്ള പ്രത്യേകം സജ്ജീകരിച്ച സമ്മേളന നഗരികളിൽ ലോകോത്തര കമ്പനികളുടെ സി.ഇ.ഒമാരും പ്രതിനിധികളും സംസാരിച്ചു. സാങ്കേതിക ലോകത്ത് നടക്കുന്ന പരിവർത്തനങ്ങളെ നേരിൽ കാണാനുള്ള അവസരമായിട്ടാണ് സന്ദർശകർ മേളയെ വിലയിരുത്തിയത്. മധ്യ-പൗരസ്ത്യ മേഖലയിൽ നിന്നാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത്.
ലോകത്ത് സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്‌ടിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് സൗദി അറേബ്യ ഓടിയെത്താൻ അധിക നാളുകൾ വേണ്ടി വരില്ലെന്ന് ബഹ്‌റൈൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐ.ടി സ്ഥാപനത്തിെൻറ മേധാവി റാംഗോപാൽ മേനോൻ അഭിപ്രായപ്പെട്ടു. അതിവിദൂരമല്ലാത്ത ഭാവിയിൽ ആഗോള സാങ്കേതിക തലത്തിലെ ‘ജിടെക്സി’ന് സമാനമായ മേളയായി ലീപ് മാറുമെന്നതിൽ സംശയമില്ലന്ന് സൗദിയിലെ ഇന്ത്യൻ ഐ.ടി എക്സ്പർട്സ് ആൻഡ് എൻജിനീയേഴ്സ് ഫോറം പ്രസിഡൻറ് സാജിദ് പരിയാരത്ത് അഭിപ്രായപ്പെട്ടു.
സാങ്കേതിക വിദ്യാരംഗത്തെ സംരംഭകർക്കും വിദ്യാർഥികൾക്കും വലിയ രീതിയിൽ പ്രയോജനപ്പെടുന്നതായിരുന്നു ലീപ് എക്സ്പോ. സൗദി അറേബ്യ ഗൗരവപൂർവം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ഐ.ടിയെന്നും അതിവിദൂരമല്ലാത്ത ഭാവിയിൽ സാങ്കേതികരംഗത്ത് സൗദി അറബ്യ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നും റിയാദിൽ ഐ.ടി. രംഗത്തെ സംരംഭകനും വിദഗ്‌ധനുമായ മുനീബ് പാഴൂർ പറഞ്ഞു.
ഐ.ടി രംഗത്ത് സൗദി അറേബ്യയിലുണ്ടായ മാറ്റം അത്ഭുതപ്പെടുത്തുന്നതാണെന്നും ലോകത്തെ മികച്ച ഐ.ടി കമ്പോളങ്ങളിൽ ഒന്നായി സൗദി ഉടൻ അയാളപ്പെടുത്തുമെന്നും യു.എ.ഇ കേന്ദ്രീകരിച്ചുള്ള സൈബർ സെക്യൂരിറ്റി കമ്പനിയായ വാറ്റിൽകോർപ് സി.ഇ.ഒ സുഹൈർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
മേളയിലെ ഇന്ത്യൻ പവലിയനും ഇന്ത്യൻ ഐ.ടി വിദഗ്ധരെയും അന്വേഷിച്ച് ആയിരക്കണക്കിന് സന്ദർശകരാണ് എത്തിയത്. ഐ.ടി രംഗത്തുള്ള ഇന്ത്യക്കാരുടെ വൈദഗ്‌ധ്യത്തിലുള്ള മതിപ്പാണ് ഇന്ത്യയുടെ പവിലിയനുകൾ തേടിവരുന്നതിന് പിറകിലെന്ന് ഇന്ത്യയിൽ നിന്നെത്തിയ വിദഗ്ധർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.