'ദി ലൈൻ' വിസ്മയ നഗരത്തെക്കുറിച്ച് അറിയാൻ അവസരം
text_fieldsജിദ്ദ: സൗദി കിരീടാവകാശി പ്രഖ്യാപിച്ച 'ദ ലൈൻ' എന്ന അത്ഭുത നഗരത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് മനസ്സിലാക്കാൻ നിയോം സൗജന്യ പ്രദർശനം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് ഒന്നു മുതൽ 14 വരെ ജിദ്ദയിലാണ് ആദ്യ പ്രദർശനം.
തുടർന്ന് കിഴക്കൻ പ്രവിശ്യയിലും റിയാദിലും പ്രദർശനങ്ങളുണ്ടാകും. സൗദിയുടെ ചിത്രം മാറ്റിവരക്കുന്ന അത്ഭുത നഗരിയാണ് കിരീടാവകാശി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയോമിലെ 'ദ ലൈൻ'. അരലക്ഷം കോടി മുതൽമുടക്കുള്ള പദ്ധതിയുടെ പ്രഖ്യാപനം ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമായതാണ്. സ്വപ്നപദ്ധതിയുടെ ആദ്യ ഘട്ടം 2024ൽ പൂർത്തിയാകും. 170 കിലോമീറ്റർ നീളത്തിലും 200 മീറ്റർ വീതിയിലും 500 മീറ്റർ ഉയരത്തിലുമാണ് നഗരത്തിന്റെ നിർമാണം. 90 ലക്ഷം പേർക്ക് താമസിക്കാവുന്ന നഗരത്തിന്റെ നിർമാണം 2030ഓടെ പൂർത്തിയാകും. മുകളിൽനിന്ന് താഴോട്ട് തൂങ്ങിനിൽക്കും വിധമാണ് വീടുകളുടെ നിർമാണം. ജിദ്ദയിൽ സൂപ്പർ ഡോമിൽ ആഗസ്റ്റ് ഒന്നു മുതൽ 14 വരെ നടക്കുന്ന പ്രദർശനത്തിൽ ദ ലൈനിലെ വിസ്മയങ്ങൾ കാണാം. ശേഷം കിഴക്കൻ പ്രവിശ്യയിലും റിയാദിലും എക്സിബിഷൻ സംഘടിപ്പിക്കും.
പ്രദർശനത്തിനെത്തുന്നവർക്ക് നൂതന നഗരത്തിന്റെ വിശദമായ രൂപകൽപനയും വാസ്തുവിദ്യ, എൻജിനീയറിങ് വൈദഗ്ധ്യവും മനസ്സിലാക്കാൻ അവസരമുണ്ട്. പ്രവേശനം സൗജന്യമാണ്. ഇംഗ്ലീഷിലും അറബിയിലും വിവരണങ്ങൾ നൽകാൻ ഗൈഡുകളുണ്ടാകും.
ഒരു മണിക്കൂർ വീതമാണ് പ്രദർശനത്തിന്റെ ദൈർഘ്യം. രാവിലെ 10 മുതൽ രാത്രി 11 വരെ എക്സിബിഷൻ തുടരും. ടിക്കറ്റുകൾ സൗജന്യമാണെങ്കിലും 'ഹല യല്ല' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി തീയതിയും സമയവും മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.