ലേൺ ദ ഖുർആൻ ഗ്ലോബൽ ഓൺലൈൻ ഫൈനൽ പരീക്ഷ വെള്ളിയാഴ്ച
text_fieldsറിയാദ്: റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻററിന് കീഴിൽ നടക്കുന്ന 'ലേൺ ദ ഖുർആൻ' പദ്ധതി നാലാം ഘട്ടത്തിലെ ഫൈനൽ പരീക്ഷ വെള്ളിയാഴ്ച (നവംബർ 12). അന്താരാഷ്ട്ര തലത്തിൽ ഓൺലൈനായായാണ് പരീക്ഷ. സൗദി സമയം വൈകീട്ട് നാല് മുതൽ രാത്രി എട്ട് വരെ (ഇന്ത്യൻ സമയം വൈകീട്ട് 6.30 മുതൽ 10.30 വരെ) നാല് മണിക്കൂർ സമയം പരീക്ഷയുടെ ലിങ്ക് www.learnthequran.org എന്ന വെബ്സൈറ്റിലൂടെ പരീക്ഷാർഥികൾക്ക് ലഭിക്കും.
രണ്ട് മണിക്കൂർ സമയം കൊണ്ട് പരീക്ഷ പൂർത്തിയാക്കണം. ഏറ്റവും എളുപ്പത്തിൽ ഏത് ഡിജിറ്റൽ ഉപകരണത്തിലും ഉപയോഗിക്കാവുന്ന എക്സാം സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രജിസ്റ്റർ ചെയ്ത മുഴുവൻ പരീക്ഷാർഥികൾക്കും ഓൺലൈൻ പരീക്ഷ സുഗമമായി എഴുതാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യാത്ത പഠിതാക്കൾക്ക് ലേൺ ദ ഖുർആൻ വെബ്സൈറ്റിൽ പരീക്ഷാ ദിവസം വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
സൗദി ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅ്‌വ ആൻഡ് അവയർനെസ് സൊസൈറ്റിയുടെ അംഗീകാരത്തോടെയും മേൽനോട്ടത്തിലുമാണ് പഠനപദ്ധതിയും പരീക്ഷയും നടക്കുന്നത്. മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണത്തിലെ സൂറത്തുൽ ദാരിയാത് മുതൽ സൂറത്തുൽ ഹദീദ് വരെയാണ് (ജുസ്അ് 27) ഈ പരീക്ഷയുടെ പാഠഭാഗം.
ഒന്നാം സ്ഥാനത്ത് എത്തുന്നയാൾക്ക് ഒരു ലക്ഷം രൂപയും ആദ്യ 10 സ്ഥാനക്കാർക്ക് പ്രത്യേക കാഷ് അവാർഡും ലേൺ ദ ഖുർആൻ ഗ്ലോബൽ സംഗമത്തിൽ സമ്മാനിക്കും.
ലോകത്തിെൻറ വിവിധ പ്രദേശങ്ങളിൽ നിന്നും ആളുകൾ പങ്കെടുക്കുന്ന പരീക്ഷയുടെ സൗകര്യപ്രദമായ നടത്തിപ്പിനായി ഹെൽപ്പ് സെൻററുകൾ രൂപവത്കരിച്ചിട്ടുണ്ട്. +9665 5052 4242, +9195 6764 9624, +9665 3629 1683, +9665 562508011 എന്നീ വാട്ട്സ്ആപ് നമ്പറുകളാണ് ഹെൽപ് ലൈൻ.
കെ.എൻ.എം ഓൺലൈൻ ചാനൽ 'റിനൈ ടിവി'യുടെ സൗദി വിഭാഗമാണ് പരീക്ഷയുടെ പ്രചരണ പ്രവർത്തനം നടത്തുന്നത്. ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ദഅ്‌വ, കാൾ ആൻഡ് അവയർനെസ് സെൻററുകളുടെ മലയാളവിഭാഗം അതത് സൗദിയിലെ പ്രദേശങ്ങളിലെ പഠിതാക്കൾക്കും പരീക്ഷാർഥികൾക്കും ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ ചോദ്യാവാലി ഉൾക്കൊള്ളുന്ന വർക്ക് ഷീറ്റിനെ ആധാരമാക്കിയാണ് ഫൈനൽ പരീക്ഷ. വർക്ക് ഷീറ്റ് ആവശ്യമുള്ളവർക്ക് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കാം. വിദ്യാർഥികൾക്ക് ഇംഗ്ലീഷിൽ മാത്രമായിരിക്കും പരീക്ഷ. അടുത്ത വർഷത്തെ അഞ്ചാംഘട്ട പരീക്ഷയുടെ സൂറത്തുൽ ഖാഫ് മുതൽ സൂറത്തുൽ ജാസിയ വരെയുള്ള പാഠപുസ്തകവും ക്ലാസുകളും ഫൈനൽ പരീക്ഷക്കു ശേഷം പഠിതാക്കൾക്ക് ലഭ്യമാകും.
ഫൈനൽ പരീക്ഷക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും ലോകത്താകമാനമുള്ള മലയാളികളും പരീക്ഷയിൽ പങ്കാളികളാകുമെന്നും റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ഭാരവാഹികൾ അറിയിച്ചു. അബ്ദുൽ ഖയ്യൂം ബുസ്താനി, മുഹമ്മദ് സുൽഫിക്കർ, അഡ്വ. അബ്ദുൽ ജലീൽ, മുഹമ്മദ്കുട്ടി കടന്നമണ്ണ, ഫൈസൽ ബുഹാരി, നൗഷാദ് മടവൂർ, സാജിദ് കൊച്ചി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.