ഇടതുപക്ഷം വിടുന്നവർ ബി.ജെ.പിയിൽ എത്തുന്നത് ഗൗരവം -ബിനോയ് വിശ്വം
text_fieldsദമ്മാം: ഏതു കാരണത്തിന്റെ പേരിലായാലും ഇടതുപക്ഷം വിടുന്നവർ നേരെ ബി.ജെ.പി പാളയത്തിൽ എത്തുന്നത് പാർട്ടികൾ ഗൗരവത്തോടെ പരിശോധിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ‘നവയുഗ സന്ധ്യ’യിൽ പങ്കെടുക്കാൻ ദമ്മാമിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
മനുഷ്യനെ ഭിന്നിപ്പിക്കുകയും വിഭാഗീയത വളർത്തുകയും ചെയ്യുന്ന ആർ.എസ്.എസ്-ബി.ജെ.പി ആശയങ്ങൾ മനുഷ്യനെ ചേർത്തുപിടിക്കുന്ന ഇടതുപക്ഷ മൂല്യങ്ങളുടെ നേർ എതിർപക്ഷത്താണ്. രണ്ട് ധ്രുവങ്ങളിലാണ് ഇടതുപക്ഷവും ബി.ജെ.പിയുമുള്ളത്.
എന്നിട്ടും ഒരു തടസ്സവും പാർട്ടി വിടുന്നവർക്ക് ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ബി.ജെ.പി അംഗത്വം എടുക്കാൻ തോന്നുന്നത് ഏറെ ഖേദകരമാണ്. സി.പി.ഐ വിടാൻ നിർബന്ധിതമാണെങ്കിൽ നിങ്ങൾ ബിജെ.പി ഒഴിച്ച് മറ്റെന്തും തിരഞ്ഞെടുക്കാനാണ് ഞാൻ ആവശ്യപ്പെടുക. അല്ലെങ്കിൽ മറുപക്ഷത്ത് സി.പി.എം ഉണ്ടല്ലോ. ഇടതുപാർട്ടികളുടെ ലയനം കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യമാണ്. പാർട്ടികൾ ഒന്നാവുക എന്നതല്ല അതിനർഥം. ആശയപരമായി ഒന്നിച്ചുകൂടുക എന്നതാണ്. കഴിഞ്ഞ മാസം മറ്റ് ഇടതുപാർട്ടികളുമായി ഒരാഴ്ച നീണ്ട ആശയ സംവാദം സംഘടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ഇടതു മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം. ഇടത് ആശയത്തിന്റെ മുഖ്യ പരിഗണന മനുഷ്യനാണ്. എന്നാൽ, ഇന്ന് ലോകത്ത് ട്രംപും മോദിയും നെതന്യാഹുവും ചേരുന്ന അച്ചുതണ്ട് രൂപപ്പെടുമ്പോൾ മനുഷ്യ മൂല്യങ്ങൾ ഇല്ലാതാവുകയാണ്. അന്ധമായ ഇസ്ലാമോഫോബിയ ആണ് ഇവരുടെ അജണ്ട.
ഈ ഭ്രാന്താണ് ഒരു മനസ്സാക്ഷിയുമില്ലാതെ ഗസ്സയിലെ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത് കാണുമ്പോൾ ആർത്തുവിളിക്കാൻ തോന്നിപ്പിക്കുന്നത്.
ഇന്ത്യയിൽ അദാനിയാണ് പുതിയ സാമ്പത്തിക രക്ഷാകർത്താവ്. സാധാരണക്കാരന്റെ വിശപ്പിന് വിലയില്ലാതാകുന്ന സാമ്പത്തിക പരിഷ്കാരങ്ങളാണ് നടക്കുന്നത്. ആത്മഹത്യ ചെയ്ത നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടണമെന്നാണ് സി.പി.ഐയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.