നിയമതടസ്സങ്ങൾ ഒഴിഞ്ഞു, മക്കയിൽ മരിച്ച കൊല്ലം സ്വദേശിയെ ഖബറടക്കി
text_fieldsമക്ക: ഹൃദയാഘാതത്തെതുടർന്ന് മരിച്ച കൊല്ലം സ്വദേശി മുഹമ്മദ് ഷാഹുൽ ഹമീദിന്റെ (67) മൃതദേഹം മക്കയിൽ ഖബറടക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് താമസസ്ഥലത്തുള്ള ശൗചാലയത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നിരവധി വർഷമായി മക്കയിൽ ഡ്രൈവറായി ജോലിചെയ്തുവരുന്ന മുഹമ്മദ്കുഞ്ഞു എന്ന ഷാഹുൽ ഹമീദ് ഒമ്പതുവർഷമായി നാട്ടിൽ പോയിട്ട്. സ്പോൺസറുമായി തർക്കത്തെതുടർന്ന് നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു.
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാതിരുന്നതിനെത്തുടർന്ന് അബ്ദുൽ ഹമീദ് സ്പോൺസർക്കെതിരെ പരാതി നൽകിയിരുന്നു. തുടർന്നാണ് സ്പോൺസറുമായി പ്രശ്നത്തിലായത്. നാട്ടിൽ പോകാനുള്ള അവസരവും മുടങ്ങി. കോവിഡ് വന്നതോടെ ജോലിയും ഇല്ലാതായി. ബംഗ്ലാദേശ് സ്വദേശിയായ സുഹൃത്തിന്റെ കൂടെ മക്കയിലെ മുഅസിം എന്ന സ്ഥലത്താണ് ഇദ്ദേഹം താമസിച്ചിരുന്നത്. ബംഗ്ലാദേശ് സ്വദേശി അറിയിച്ചതിനെത്തുടർന്ന് സന്നദ്ധപ്രവർത്തകർ മക്കയിലെ ശീശാ കിങ് ഫൈസൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഷാഹുൽ ഹമീദിന് മക്കയിൽ ബന്ധുക്കളായി ആരുമുണ്ടായിരുന്നില്ല. തുടർന്ന് സന്നദ്ധപ്രവർത്തകർ ഖബറടക്കാനുള്ള നടപടികളുമായി മുന്നോട്ടുപോയെങ്കിലും സ്പോൺസർ സഹകരിക്കാത്തതിനെത്തുടർന്ന് ഖബറടക്കം നീണ്ടു. പിന്നീട് സന്നദ്ധപ്രവർത്തകരുടെ നിരന്തര ഇടപെടൽമൂലം സ്പോൺസർ എത്തി കാര്യങ്ങൾ മുന്നോട്ടുനീക്കി. ഖബറടക്കാനുള്ള നടപടികൾ പൂർത്തീകരിച്ച് ചൊവ്വാഴ്ച ഉച്ചക്കുശേഷം മക്കയിലെ ഷറായ മഖ്ബറയിൽ മറവ് ചെയ്തു. മക്ക നവോദയ പ്രവർത്തകനും സന്നദ്ധ പ്രവർത്തകനുമായ റഷീദ് തിരുവിഴാംകുന്നാണ് നിയമതടസ്സങ്ങൾ നീക്കി ഖബറടക്കം വേഗത്തിലാക്കാൻ മുൻകൈയെടുത്തത്. ഫാത്തിമ ബീവിയാണ് മരിച്ച ഷാഹുൽ ഹമീദിന്റെ ഭാര്യ. താജുന്നീസ, അലാവുദ്ദീൻ, അദാഹിയ, ദിലീപ് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.