രാജ്യം സമാധാനത്തിലൂടെ മുന്നേറട്ടെ
text_fieldsകാലങ്ങളെത്ര കഴിഞ്ഞിട്ടും മനുഷ്യൻ എന്തുകൊണ്ട് വേണ്ടത്ര, ത്യാഗസന്നദ്ധനാകുന്നില്ല! ത്യാഗത്തിലൂടെയാണ് സമാധാനം എന്ന് പഠിപ്പിക്കാത്ത ഏതു മതമാണുള്ളത്? സത്യവും നന്മയും ഉദ്ഘോഷിക്കാത്ത ഏതു മതമാണുള്ളത്! തർക്കത്തിലിരിക്കുന്ന, വിവാദങ്ങൾ നിറഞ്ഞ ഒരിടത്ത്, യഥാർഥ അവകാശത്തിലോ അധികാരകാര്യത്തിലോ സുവ്യക്തത ഇല്ലാത്ത ഒരിടത്ത് ഒരു വീടുവെക്കാനോ ഒരു കച്ചവടസ്ഥാപനം തുടങ്ങാനോ പോയിട്ട്, ഒരു ശ്മശാനമുണ്ടാക്കാൻപോലും സാധാരണ മനുഷ്യർ ആരെങ്കിലും തയാറാകുമോ?
കാരണം, മനുഷ്യർക്ക് ആവശ്യം സമാധാനമാണ്, അതിനുവേണ്ടത് സ്വസ്ഥമായ അന്തരീക്ഷമാണ്. തർക്കങ്ങളുടെയും വിവാദങ്ങളുടെയും ചരിത്രം നിലനിൽക്കുന്ന എന്തിലും ഏതിലും മനുഷ്യർക്ക് സമാധാനം എങ്ങനെയാണ് ലഭിക്കുക? അല്ലെങ്കിൽ ആരെങ്കിലും ഒരു കൂട്ടർ തർക്കം ഉപേക്ഷിക്കണം, അതോടെ എല്ലാ മനുഷ്യരുടെ ഹൃദയങ്ങളിലെയും വിദ്വേഷത്തിന്റെ മുള്ളുകൾ മാറി സർവർക്കും ആസ്വാദ്യമായ പൂവുകളായി അവ മാറുകയും ചെയ്യുമല്ലോ? അതല്ലേ നമുക്ക് വേണ്ടത്? വിശാലമായ ഭൂമിയിൽ എത്രയോ വിവാദരഹിതമായ സമാധാനത്തിന്റെ ഇടങ്ങളാണുള്ളത്.
സുന്ദരമായ മനുഷ്യജീവിതം സമാധാനപൂർണമായി, പ്രാർഥന നിർഭരമായി സഹിഷ്ണുതയോടെ ത്യാഗങ്ങളോടെ അവിടങ്ങളിൽ പുലരട്ടെ! തർക്കമുള്ള ഒരിടത്ത് നടത്തുന്ന പ്രാർഥനയേക്കാൾ എത്രയോ നല്ല സമാധാനമാണ് അത് മനുഷ്യർക്ക് കേവലം വെറും ഒരു മരത്തണലിൽ നടത്തുമ്പോൾ ലഭിക്കുക, എന്നെങ്കിലും മനുഷ്യൻ ചിന്തിച്ചിരുന്നെങ്കിൽ! എല്ലാ മതനേതാക്കളും കൂടി (രാഷ്ട്രീയ നേതാക്കളെ മാറ്റിനിർത്തി) ഒരുമിച്ചിരുന്ന് ചർച്ചകളിലൂടെ, പരസ്പരം ത്യാഗ സന്നദ്ധമായാൽ തീർക്കാവുന്ന തർക്കങ്ങളേയുളളൂ എന്നതാണ് യഥാർഥ വസ്തുത.
രാജ്യം ബ്രിട്ടീഷ് കോളനി വാഴ്ചയിലായിരുന്ന കാലത്ത് അവരുടെ താൽപര്യങ്ങൾക്ക് വേണ്ടി തർക്കങ്ങളുടെയും വിഭാഗീയതയുടെ വിത്തുകൾ അവർ പാകിയിട്ട് പോയതിൽ തന്നെ ഇനിയും പിടിച്ചുകൊണ്ട് തർക്കങ്ങൾ തുടരുന്നത് കോളനി വാഴ്ചയുടെ അവശിഷ്ടങ്ങൾ നമ്മൾ പേറുന്നതിന് തുല്യമാണ് എന്നെങ്കിലും നമ്മൾ മനസ്സിലാക്കേണ്ടതല്ലേ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.