നോട്ട് പെട്ടി സി.പി.എം അന്വേഷിച്ചോട്ടെ; ഞങ്ങളുടെ ലക്ഷ്യം വോട്ടുപെട്ടി -മാത്യു കുഴൽനാടൻ എം.എൽ.എ
text_fieldsദമ്മാം: ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ മടിക്കുന്ന ഇടതുപക്ഷം വ്യാജ തിരക്കഥയുണ്ടാക്കി നോട്ട് പെട്ടികളുടെ പിറകെ കൂടിയിരിക്കുകയാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ ആരോപിച്ചു. ഒ.ഐ.സി.സി സൗദി ദേശീയ പ്രസിഡൻറായിരുന്ന പരേതനായ പി.എം. നജീബിെൻറ സ്മരണാർഥം ദമ്മാം റീജനൽ കമ്മിറ്റി സംഘടിപ്പിച്ച പി.എം. നജീബ് എജുക്കേഷനൽ മെറിറ്റ് അവാർഡ് ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ ദമ്മാമിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഇടതുപക്ഷത്തിെൻറ ജനവിരുദ്ധ ഭരണം മടുത്ത ജനങ്ങൾ കോൺഗ്രസിന് നൽകുന്ന പിന്തുണ കണ്ട് വിറളിപടിച്ചാണ് ഈ നാടകങ്ങളൊക്കെ സൃഷ്ടിക്കുന്നത്. എന്നാൽ ഇതിലെല്ലാം സ്വയം അപഹാസ്യരാകാനാണ് അവരുടെ വിധിയെന്ന് അദ്ദേഹം പരിഹസിച്ചു. കൊടകര കള്ളപ്പണ്ണ കേസിൽ സുരേന്ദ്രന് അനുകൂലമായ നിലപാടുകൾ സ്വീകരിച്ചതിനുള്ള പ്രത്യുപകാരമാണ് മുഖ്യമന്ത്രിയുടെ മകൾ വീണക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
കേന്ദ്ര ഏജൻസികൾ ഇവരോട് മൃദുസമീപനം സ്വീകരിക്കുന്നത് ഇത്തരം കൊടുക്കൽ വാങ്ങലുകളുടെ പ്രതിഫലമായാണ്. എഡി.ജി.പി റാങ്കിലുള്ള പൊലീസിനെ ഉപയോഗിച്ച് പൂരം കലക്കിയതും തൃശുർ വിജയം ബി.ജെ.പിക്ക് താലത്തിൽ വെച്ച് നൽകിയതും ഇത് കൂടുതൽ വ്യക്തമാക്കുന്നു. ബി.ജെ.പി ഇടതുബാന്ധവം തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഇപ്പോഴത് കൂടുതൽ തെളിവോടെ പുറത്തുവന്നിരിക്കുന്നു. പാലക്കാട് ബി.ജെ.പിയെ ജയിപ്പിക്കാൻ സ്വന്തം രാഷ്ട്രീയ വിശ്വാസങ്ങളെ സി.പി.എം കുരുതികൊടുക്കുമോ എന്ന സംശയത്തിലാണ് തങ്ങൾ ഇപ്പോഴെന്നും അത് കൂടുതൽ സൂക്ഷ്മതയോടെ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണത്തെ മൂന്ന് ഉപതെരഞ്ഞെടുപ്പുകളെ ഏറെ ആത്മ വിശ്വാസത്തോടെയാണ് യു.ഡി.എഫ് സമീപിക്കുന്നത്. വയനാട് രാഹുൽ ഗാന്ധിയേക്കാൾ ഭൂരിപക്ഷത്തിലായിരിക്കും പ്രിയങ്കയുടെ ജയം. പാലക്കാട് സ്വന്തമായി സ്ഥാനാർഥിയെപ്പോലും കണ്ടെത്താൻ കഴിയാത്ത ഇടതുപക്ഷത്തിന് പ്രസക്തിയില്ല. അവിടെ മത്സരം ബി.ജെ.പിയുമായാണ്. ചേലക്കരയിൽ 28 കൊല്ലമായി ഇടതുപക്ഷം ജയിക്കുന്ന മണ്ഡലമാണ്. പക്ഷെ ഇത്തവണ സഖാക്കൾ പോലും കോൺഗ്രസിന് ഒപ്പം നിന്ന് പ്രതീക്ഷ പകരുകയാണെന്നും ചേലക്കര തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല വഹിക്കുന്ന കുഴൽനാടൻ പറഞ്ഞു. അഹമ്മദ് പുളിക്കൻ, ബിജു കല്ലുമല, ഇ.കെ. സലീം, ശിഹാബ് കായംകുളം, പ്രമോദ് പൂപ്പാല എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.