കത്തയച്ചുവെന്ന ഇറാെൻറ വാദം ശരിയല്ലെന്ന് സൗദി
text_fieldsജിദ്ദ: സൗദി അറേബ്യ കത്തയച്ചുവെന്ന ഇറാെൻറ വാദം ശരിയല്ലെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. ഇറാനുമായുള്ള പ്രശ്നപരിഹാരത്തിന് സഹോദര രാജ്യങ്ങൾ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, മേഖലയിൽ സമാധാനവും സ്ഥിരതയും വേണമെന്ന ഉറച്ച നിലപാട് സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്. അതോടൊപ്പം സംഘർഷങ്ങളുണ്ടാക്കാനും വ്യാപിക്കാനും ശ്രമിക്കുന്നവരുടെ ഭാഗത്തു നിന്നാണ് ആദ്യം സമാധാന ശ്രമങ്ങൾ ഉണ്ടാകേണ്ടതെന്ന് സഹോദര രാജ്യങ്ങളെ സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്. യമൻ വിഷയത്തിൽ ഇറാനുമായി ഒരു സംസാരവും സൗദി അറേബ്യ നടത്തിയിട്ടില്ലെന്ന് യമനിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഇറാൻ വക്താവിെൻറ വാക്കുകളെ ഉദ്ധരിച്ച് വിദേശകാര്യ സഹമന്ത്രി പറഞ്ഞു.
യമൻ പ്രതിസന്ധിക്ക് കാരണം ഇറാനാണ്. യമനിൽ അസ്ഥിരതയുണ്ടാക്കുന്നതിലും രാഷ്ട്രീയ ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിലും ഇറാന് പങ്കുണ്ട്. യമനിൽ വെടിനിർത്തലും സമാധാനവുമാണ് ഇറാൻ ആഗ്രഹിക്കുന്നതെങ്കിൽ മിസൈലുകളും ആയുധങ്ങളും നൽകുന്നതിനു പകരം എന്തുകൊണ്ട് വികസന സഹായങ്ങൾ നൽകുന്നില്ലെന്ന് സൗദി സഹമന്ത്രി ചോദിച്ചു. ഭീകരതയെ പിന്തുണക്കുന്നതിനും അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനും എതിരായ സൗദിയുടെ നിലപാട് ആദിൽ ജുബൈർ ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.