വീട്ടുജോലിക്കാർക്ക് ലെവി പ്രാബല്യത്തിൽ
text_fieldsജിദ്ദ: സൗദിയിൽ ഹൗസ് ഡ്രൈവർമാർക്കും മറ്റ് വീട്ടുജോലിക്കാർക്കും ലെവി ബാധകമാക്കാനുള്ള തീരുമാനം പ്രാബല്യത്തിലായെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും ലെവിയടക്കണം. രണ്ടു ഘട്ടമായുള്ള പദ്ധതിയുടെ ആദ്യഘട്ടമാണ് ഞായറാഴ്ച് ആരംഭിച്ചത്.
ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് അറിയിച്ചത്. നാലിൽ കൂടുതൽ വീട്ടുജോലിക്കാരുള്ള സ്വദേശികളും രണ്ടിൽ കൂടുതൽ ജോലിക്കാരുള്ള വിദേശികളും ലെവി അടക്കേണ്ടിവരും. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9600 റിയാൽ, അഥവ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പാക്കുക. ഞായറാഴ്ച ആരംഭിച്ച ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.
അതും സ്പോൺസർക്ക് കീഴിൽ നാലിലധികം ജീവനക്കാരുണ്ടെങ്കിൽ മാത്രം. നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരുവർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മേയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരുക. ഗാർഹിക തൊഴിലാളികളുടെ തൊഴിൽനിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ വരുത്തുന്നതായി കഴിഞ്ഞദിവസം അധികൃതർ അറിയിച്ചിരുന്നു.
അതിന് പിറകെയാണ് ലെവിയും ഏർപ്പെടുത്തിയത്. 2018 ജനുവരി മുതൽ സൗദിയിലെ വിദേശികൾക്കും പിന്നീട് ആശ്രിതർക്കും ലെവി നിർബന്ധമാക്കിയിരുന്നുവെങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല.
അതിനാൽതന്നെ നിരവധി വിദേശികൾ ഹൗസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളിലെത്തി സൗദിയിൽ ജോലിചെയ്യുന്നുണ്ട്. സ്പോൺസർക്ക് കീഴിൽ നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുണ്ടെങ്കിൽ ഇവർക്കെല്ലാം ഒരു വർഷത്തിന് ശേഷം ലെവി അടക്കേണ്ടതായിവരും. എന്നാൽ, ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.