കശ്മീർ സ്വദേശിക്ക് ജയിൽ മോചനം
text_fieldsറിയാദ്: സൗദി ജയിലിലായ കശ്മീർ സ്വദേശിക്ക് അഞ്ചു വർഷത്തിനു ശേഷം മോചനം. പ്ലീസ് ഇന്ത്യ എന്ന മലയാളി സംഘടനയുടെ ഇടപെടലിലാണ് കശ്മീർ രജോറി ദനൂഫ് സ്വദേശി ഗഫൂർ ഹുസൈൻ (43) മോചനം നേടി നാടണഞ്ഞത്. നിരപരാധിത്വം തെളിയിക്കാനാവാതെ അഞ്ചു വർഷത്തോളം ജയിൽവാസം അനുഭവിച്ചു. അഞ്ചുവർഷം മുമ്പാണ് കേസിനാസ്പദ സംഭവം. ഗഫൂർ ഹുസൈനും സുഹൃത്തും റിയാദിലെ ഒരു പാർട്ടി ഹാളിനോട് (ഇസ്തിറാഹ) ചേർന്നുള്ള മുറിയിൽ വാടകക്ക് താമസിക്കുകയായിരുന്നു.
അജ്ഞാതരായ ചിലർ എവിടെ നിന്നോ മോഷ്ടിച്ചു കൊണ്ടുവന്ന വാഹനം ഇവരുടെ താമസസ്ഥലത്തിനു സമീപം ഉപേക്ഷിച്ചു. കളവുപോയ വാഹനം അന്വേഷിച്ചെത്തിയ പൊലീസ് ഇൗ വാഹനം കണ്ടെടുക്കുകയും വാഹനം മോഷ്ടിച്ചവരെന്ന് കരുതി അതിനുസമീപം താമസക്കാരായ ഗഫൂർ ഹുസൈനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സാഹചര്യത്തെളിവുകൾ എതിരായതിനാൽ കോടതി ഇവരെ തടവുശിക്ഷക്ക് വിധിച്ചു. നിരപരാധിത്വം തെളിയിക്കാൻ കഴിയാതെ ഇരുവരും ജയിലിൽ അടക്കപ്പെട്ടു. തുടർന്ന് സഹതടവുകാരനായ പഞ്ചാബ് സ്വദേശി ദർശൻ സിങ് പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിയോട് ഇൗ വിഷയം പറയുകയും മോചനത്തിനു സഹായം തേടുകയുമായിരുന്നു.
കമ്പനിയുമായും സ്പോൺസറുമായും മോചനശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പ്ലീസ് ഇന്ത്യ കോടതിയെ സമീപിച്ചു.നിരപരാധിത്വം കോടതിയെ ബോധിപ്പിച്ച് ഹുസൈനെ മോചിപ്പിക്കുകയായിരുന്നു. യാത്രവിലക്ക് നിലനിന്നതിനാൽ യാത്രക്ക് പ്രയാസങ്ങൾ നേരിടേണ്ടിവന്നു.
സാമൂഹിക പ്രവർത്തകരുടെ കഠിനപ്രയത്നത്താൽ എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് അയാൾക്ക് നാടണയാനുള്ള സാഹചര്യമൊരുക്കുകയായിരുന്നു.
ഏഴു വർഷമായി ഗഫൂർ ഹുസൈൻ നാട്ടിൽ പോയിരുന്നില്ല. അതിൽ അഞ്ചുവർഷവും ജയിലിലുമായി. എന്തായാലും ഇൗ പെരുന്നാളിനെങ്കിലും കുടുംബത്തോടൊപ്പം കൂടണമെന്ന ആഗ്രഹം പ്ലീസ് ഇന്ത്യ സഫലീകരിച്ചു കൊടുത്തു. എല്ലാ നിയമതടസ്സങ്ങളും ഒഴിവാക്കി ഗഫൂർ ഹുസൈൻ കഴിഞ്ഞദിവസം നാടണഞ്ഞു. ലത്തീഫ് തെച്ചിയോടൊപ്പം അഡ്വ. ജോസ് എബ്രഹാം, അഡ്വ. റിജി ജോയ്, സുനീർ മണ്ണാർക്കാട്, അൻഷാദ് കരുനാഗപ്പള്ളി, നീതു ബെൻ, വിജയ ശ്രീരാജ്, മൂസ മാസ്റ്റർ, റബീഷ് കോക്കല്ലൂർ, സജീവ് ബദറുദ്ദീൻ, സുധീഷ അഞ്ചുതെങ്ങ്, അബൂബക്കർ മാസ്റ്റർ, രാഗേഷ് മണ്ണാർക്കാട്, റിനോയ് വയനാട് എന്നിവർ വിവിധഘട്ടങ്ങളിൽ സഹായവുമായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.