വ്യവസായ ഉൽപാദന മേഖലയിൽ 506 വിദേശ കമ്പനികൾക്കുകൂടി ലൈസൻസ്
text_fieldsജുബൈൽ: കോവിഡിെൻറ പശ്ചാത്തലത്തിലും രാജ്യത്ത് നടപ്പ് സാമ്പത്തിക വർഷത്തിൽ 506 ലൈസൻസുകൾ സൗദി നിക്ഷേപ മന്ത്രാലയം അനുവദിച്ചു. ഈ വർഷം ആദ്യ പാദത്തിൽ വിദേശ നിക്ഷേപത്തിൽ 20 ശതമാനം വളർച്ച കൈവരിച്ചശേഷം കോവിഡ് ആഘാതംമൂലം രണ്ടാം പാദത്തിൽ 47 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായും സൗദി പ്രസ് ഏജൻസി (എസ്.പി.എ) റിപ്പോർട്ട് ചെയ്തു. ഏപ്രിൽ, മേയ് മാസങ്ങളിൽ ലൈസൻസുകളുടെ വളർച്ചയിൽ ഇടിവുണ്ടായിട്ടും 2019നെ അപേക്ഷിച്ച് 23 ശതമാനം വർധനയാണു രേഖപ്പെടുത്തിയിരിക്കുന്നത്. ലോക്ഡൗൺ ലഘൂകരിക്കുന്നതിനും സാമ്പത്തിക പ്രവർത്തനങ്ങളിലേക്ക് ജാഗ്രതയോടെ മടങ്ങിവരുന്നതിനും രാജ്യം സ്വീകരിച്ച നടപടികളുടെ മെച്ചമാണ് കാണിക്കുന്നത്.
സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ) പുറത്തുവിട്ട കണക്കുകൾ പ്രകാരം പി.ഒ.എസ് പ്രവർത്തനങ്ങളിൽ വർധനയുണ്ടായി. വ്യവസായിക മേഖലയിലെ പുതിയ നിക്ഷേപം 581 ദശലക്ഷം ഡോളറാണെന്ന് വ്യവസായ, ധാതുവിഭവ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസൃതമായി രാജ്യത്ത് ഖനന നിക്ഷേപത്തിനായി പുതിയ ചട്ടങ്ങൾ പുറപ്പെടുവിച്ചതിനെത്തുടർന്ന് 1.3 ട്രില്യൺ ഡോളർ വിപണിമൂല്യമുള്ള നിക്ഷേപങ്ങൾ എത്തി. കോവിഡിെൻറ ആഘാതങ്ങളിൽനിന്ന് കരകയറാനുള്ള സൗദി സമ്പദ്വ്യവസ്ഥയുടെ ശ്രമങ്ങൾക്ക് അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് നിക്ഷേപമന്ത്രി എൻജി. ഖാലിദ് അൽ-ഫാലിഹ് പറഞ്ഞു.
രാജ്യം ഒരു അടിസ്ഥാന സാമ്പത്തിക പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഒപ്പം നിക്ഷേപ അവസരങ്ങളും വിപുലമാകുന്നു. വിഷൻ 2030െൻറ ഭാഗമായി വിശാലമായ പരിഷ്കാരങ്ങൾ നടപ്പാക്കിയശേഷം നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. രാജ്യം സാധാരണ നിലയിലാകുമ്പോൾ കൂടുതൽ നിക്ഷേപകരെ സ്വാഗതം ചെയ്യാനും ലഭ്യമായ നിക്ഷേപ അവസരങ്ങൾ പങ്കിടാനും കഴിയും. വിവിധ ആഗോള വിപണികളിൽനിന്ന് രാജ്യത്ത് വിദേശ നിക്ഷേപ സ്രോതസ്സുകളുടെ വൈവിധ്യവും കാണാൻ കഴിയും.
സൗദിയുമായി തന്ത്രപരമായ ബന്ധമുള്ള രാജ്യങ്ങളായ അമേരിക്കയും ബ്രിട്ടനും ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയവരുടെ പട്ടികയിൽ ഇടം നേടി. അമേരിക്കയിൽനിന്ന് 54ഉം ബ്രിട്ടനിൽനിന്ന് 47ഉം നിക്ഷേപങ്ങൾ ലഭിച്ചു. ഇന്ത്യ 49 നിക്ഷേപ ലൈസൻസുകൾ കരസ്ഥമാക്കി. വ്യവസായം, ഉൽപാദനം, ആശയവിനിമയം, വിവരസാങ്കേതിക വിദ്യ എന്നിവ കഴിഞ്ഞാൽ സംരംഭകത്വം, വിദ്യാഭ്യാസം, ധനകാര്യ സേവനങ്ങൾ, ഭവനനിർമാണം എന്നിവ ഉൾപ്പെടുന്നവയാണ് രണ്ടാം പാദത്തിൽ നിക്ഷേപം നടത്താൻ ഏറ്റവും ആകർഷകമായ മേഖലകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.