എസ്.ടി.സി ബാങ്ക്, സൗദി ഡിജിറ്റൽ ബാങ്ക് എന്നീ ഡിജിറ്റൽ ബാങ്കുകൾക്ക് ലൈസൻസ് അനുവദിച്ചു
text_fieldsജിദ്ദ: സൗദിയിൽ രണ്ട് ഡിജിറ്റൽ ബാങ്കുകൾക്ക് ലൈസൻസ് നൽകാൻ മന്ത്രിസഭയുടെ അനുമതി. ചൊവ്വാഴ്ച സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ വെർച്വലായി ചേർന്ന മന്ത്രിസഭ യോഗത്തിലാണ് എസ്.ടി.സി ബാങ്ക്, സൗദി ഡിജിറ്റൽ ബാങ്ക് എന്നിവക്ക് ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ആർട്ടിക്കിൾ മൂന്ന് അനുസരിച്ച് ലൈസൻസിന് അനുമതി നൽകാൻ തീരുമാനിച്ചത്. ഇരു ബാങ്കുകൾക്കും ധനമന്ത്രി ലൈസൻസ് നൽകുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ടു ചെയ്തു. ലൈസൻസ് ലഭിക്കുന്നതോടെ എസ്.ടി.സി ബാങ്ക്, സൗദി ഡിജിറ്റൽ ബാങ്ക് എന്നിവ സൗദിയിലെ ആദ്യത്തെ ഡിജിറ്റൽ ബാങ്കുകളായി പ്രവർത്തനം ആരംഭിക്കും. സൗദി ഡിജിറ്റൽ പേയ്മെൻറ് കമ്പനിയെയാണ് (എസ്.ടി.സി പേ) പ്രാദേശിക ഡിജിറ്റൽ ബാങ്കായി മാറ്റുന്നത്.
2.5 ശതകോടി റിയാൽ മൂലധനത്തോടെ രാജ്യത്തിനുള്ളിൽ ബാങ്കിങ് ബിനിനസ് നടത്തുന്നതിനാണ് ലൈസൻസ്. അബ്ദുറഹ്മാൻ ബിൻ സഅദ് അൽറാഷിദ് ആൻഡ് സൺസ് കമ്പനിയുടെ നേതൃത്വത്തിൽ കമ്പനികളും നിക്ഷേപകരും ചേർന്നുള്ളതാണ് സൗദി ഡിജിറ്റൽ ബാങ്ക്. രാജ്യത്തിനകത്ത് 1.5 ശതകോടി റിയാൽ മൂലധനേത്താടെ ബാങ്കിങ് ബിസിനസ്സ് നടത്തുന്നതിനാണ് അനുമതി. ഡിജിറ്റൽ ബാങ്കുകൾക്ക് അനുമതി നൽകിയ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ധനകാര്യകാര്യ മന്ത്രി മുഹമ്മദ് അൽജദ്ആനും സെൻട്രൽ ബാങ്ക് ഗവർണർ ഡോ. ഫഹദ് ബിൻ അബ്ദുല്ല മുബാറക്കും നന്ദി രേഖപ്പെടുത്തി. ധനകാര്യ മേഖല വികസിപ്പിക്കുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥയുടെ വികസനത്തിന് പിന്തുണ നൽകുന്നതിനുമുള്ള ചട്ടക്കൂടിനുള്ളിൽ നിന്നു കൊണ്ടാണ് രണ്ട് ഡിജിറ്റൽ ബാങ്കുകൾക്ക് ലൈസൻസിന് അംഗീകാരം നൽകിതെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു.
സാമ്പത്തിക സാങ്കേതികവിദ്യയിലെ ദ്രുതഗതിയിലുള്ള വികസനവുമായി മുന്നോട്ടുപോകാനും സൗദി അറേബ്യയെ ലോകത്തിലെ ഏറ്റവും വലിയ ധനകാര്യ കേന്ദ്രങ്ങളിലൊന്നായി പ്രാപ്തരാക്കാനുമുള്ള ഭരണകൂടത്തിെൻറ താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണിത്. ബാങ്കിങ് മേഖലയിലെ ആഗോള സംഭവവികാസങ്ങൾക്കൊപ്പം വേഗത കൈവരിക്കാനും സാമ്പത്തിക സേവന മേഖലയിൽ ഗുണപരമായ കുതിച്ചുചാട്ടം നേടാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഡിജിറ്റൽ ബാങ്കുകൾക്കുള്ള മന്ത്രിസഭയുടെ അംഗീകാരം സാമ്പത്തിക മേഖല വികസന പദ്ധതിയുടെ ലക്ഷ്യങ്ങളിലുൾപ്പെടും. വിഷൻ 2030 എന്നറിയപ്പെടുന്ന വലിയ സാമ്പത്തിക പരിഷ്കരണ പദ്ധതിയുടെ ഭാഗമാണിത്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാനും കൂടുതൽ കാര്യക്ഷമമക്കാനും ഇൗ തീരുമാനം സഹായിക്കും. സാമ്പത്തിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പുതിയ കമ്പനികൾക്ക് സാമ്പത്തിക സേവനങ്ങൾ നൽകാൻ ഇതിലൂടെ വഴിതുറക്കുമെന്നും ധനമന്ത്രി പറഞ്ഞു.
മന്ത്രിസഭാ അനുമതി വന്നതോടെ രണ്ട് ബാങ്കുകൾക്കും രാജ്യത്ത് ബിസിനസ് ആരംഭിക്കുന്നതിനും ആവശ്യമായ സാങ്കേതികവും പ്രവർത്തനപരവുമായ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനും സെൻട്രൽ ബാങ്ക് പ്രവർത്തിക്കുമെന്ന് ബാങ്ക് ഗവർണർ ഡോ. ഫഹദ് ബിൻ അബ്ദുല്ല മുബാറക്ക് പറഞ്ഞു. ഇരു ബാങ്കുകളും രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകൾക്ക് ബാധകമായ എല്ലാവിധ മേൽനോട്ടങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി നൂതന ബാങ്കിങ് ബിസിനസ് മാതൃകയിലായിരിക്കും പ്രവർത്തിക്കുക. ഡിജിറ്റൽ ചാനലുകൾ വഴി മാത്രമായിരിക്കും സേവനങ്ങൾ നൽകുകയെന്നും സെൻട്രൽ ബാങ്ക് ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.