70 റിക്രൂട്ട്മെന്റ് ഓഫിസുകളുടെ ലൈസൻസ് പിൻവലിച്ചു -മാനവ വിഭവശേഷി മന്ത്രാലയം
text_fieldsറിയാദ്: സൗദിയിൽ റിക്രൂട്ട്മെന്റ് നിയമങ്ങൾ ലംഘിച്ചതിന് 70 ഓഫീസുകളുടെ ലൈസൻസ് പിൻവലിച്ചതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം ആദ്യ പാദത്തിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം റിക്രൂട്ട്മെന്റ് കമ്പനികളിലും ഓഫീസുകളിലും നടത്തിയ പരിശോധനയുടെ ഫലമായാണിത്. റിക്രൂട്ട്മെന്റ് നിയമങ്ങളുടെ മാനദണ്ഡങ്ങളും ആവശ്യകതകളും പൂർത്തിയാക്കാതിരിക്കുക, നിർദിഷ്ട മാനദണ്ഡങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായി അഭയകേന്ദ്രങ്ങൾക്കുള്ള വ്യവസ്ഥകൾ പാലിക്കാതിരിക്കുക, നിയമലംഘനങ്ങൾ തിരുത്താതിരിക്കുക എന്നിവ ലൈസൻസ് പിൻവലിക്കുന്നതിനുള്ള കാരണങ്ങളിലുൾപ്പെടും.
പരാതികൾ പരിഹരിക്കുന്നതിലെ കാലതാമസം, ക്ലയന്റുകൾക്ക് തുക തിരികെ നൽകാതിരിക്കൽ എന്നിവ നിരീക്ഷച്ചതിനെ ത്തുടർന്ന് ഒരു കമ്പനിയുടെയും എട്ട് റിക്രൂട്ട്മെന്റ് ഓഫിസുകളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവെപ്പിച്ചതായും മന്ത്രാലയം പറഞ്ഞു. കൂടാതെ ഈ വർഷം ആദ്യ പാദത്തിൽ തൊഴിലുടമകൾ നടത്തിയ 24 നിയമലംഘനങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് വീട്ടുജോലിക്കാരന്റെ സേവനം നൽകുക, സ്വയം ജോലി ചെയ്യാൻ അനുവദിക്കുക എന്നിവ നിയമലംഘനത്തിലുൾപ്പെടും. എല്ലാ കരാർ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി തൊഴിലുടമകളും റിക്രൂട്ട്മെന്റ് ഓഫിസുകളും റിക്രൂട്ട്മെന്റ് നിയമങ്ങൾ പാലിക്കണമെന്നും ലംഘനങ്ങൾ ഒഴിവാക്കണമെന്നും മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.