വ്യവസ്ഥകൾ പാലിക്കാത്ത ഏഴ് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി
text_fieldsറിയാദ്: ചട്ടങ്ങൾ ലംഘിക്കുകയും നിയമവ്യവസ്ഥകൾ പാലിക്കാതിരിക്കുകയും ചെയ്ത ഏഴ് റിക്രൂട്ട്‌മെന്റ് കമ്പനികളുടെ ലൈസൻസ് സൗദി മാനവ വിഭവശേഷി മന്ത്രാലയം റദ്ദാക്കി.മറ്റ് എട്ടു റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കെതിരെ ലഭിച്ച പരാതികളിൽ അന്വേഷണാനന്തരം അന്തിമ തീരുമാനം എടുക്കുന്നതുവരെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യാനും മന്ത്രാലയം തീരുമാനിച്ചു. 2022 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ പരിശോധനകളിലും പരാതികളിന്മേലുള്ള അന്വേഷണങ്ങളിലും ബോധ്യമായ തൊഴിൽ നിയമങ്ങളുടെ ലംഘനത്തിനാണ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
റിക്രൂട്ട്‌മെന്റ് മേഖലയുടെ കാര്യക്ഷമതയും വിശ്വാസ്യതയും പ്രധാനമാണെന്ന് മന്ത്രാലയം കരുതുന്നു. അതുകൊണ്ട് തന്നെ ഈ മേഖല നിരീക്ഷണത്തിന്റെയും നടപടികളുടെയും ചട്ടക്കൂടിനുള്ളിലാണ്. തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള കരാർ വ്യവസ്ഥകളുടെ ലംഘനം ബോധ്യമായാൽ നടപടി സ്വീകരിക്കും.കക്ഷികൾക്കിടയിൽ ഉണ്ടാകാവുന്ന പരാതികളും തർക്കങ്ങളും പരിഹരിക്കാനുള്ള നീക്കവുമുണ്ടാകും. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ചട്ടങ്ങളും വ്യവസ്ഥകളും ലംഘിച്ച 400ലധികം റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസുകൾ മന്ത്രാലയം റദ്ദാക്കിയതായി മന്ത്രാലയ വക്താവ് സഅദ് അൽഹമ്മാദ് പറഞ്ഞു.
റിക്രൂട്ട്മെന്റ് ഓഫിസുകളുടെ ലൈസൻസുകൾ റദ്ദാക്കുക, പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെപ്പിക്കുക എന്നിവയിലൂടെ കേവല ശിക്ഷാനടപടികൾ സ്വീകരിക്കുക എന്നതല്ല മന്ത്രാലയത്തിന്റെ നയം.ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും സേവനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ്. ഗുരുതരമായ ലംഘനങ്ങൾ മന്ത്രാലയം വെച്ചുപൊറുപ്പിക്കില്ലെന്നും ലൈസൻസ് അസാധുവാക്കുക, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ സ്ഥിരമായി നിർത്തിവെപ്പിക്കുക തുടങ്ങിയ നടപടികൾ കൈക്കൊള്ളുമെന്നും ഹമ്മാദി വ്യക്തമാക്കി.
തൊഴിൽ അവകാശങ്ങളുടെ ലംഘനം, വ്യക്തികളെ കടത്തൽ തുടങ്ങിയവ ഗുരുതര ചട്ടലംഘനങ്ങളാണെന്നും അത്തരം സന്ദർഭങ്ങളിൽ, റിക്രൂട്ട്‌മെന്റ് ഓഫിസിന്റെ ബാങ്ക് ഗാരന്റി ഉപയോഗിച്ച് മന്ത്രാലയം രാജ്യത്തെ പൗരന്മാരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.