ജീവിതം വെർച്വലിൽനിന്ന് റിയാലിറ്റിയിലേക്ക്
text_fieldsറിയാദ്: കോവിഡിെൻറ പശ്ചാത്തലത്തിൽ മാസങ്ങളോളം വീടകങ്ങളിൽ കഴിഞ്ഞ സ്ത്രീകളും കുട്ടികളും വീണ്ടും പാർക്കുകളിൽ സജീവമാകുന്ന കാഴ്ചകൾക്ക് റിയാദ് നഗരം സാക്ഷിയാകുന്നു.മാസങ്ങളോളം വിദ്യാലയങ്ങൾ അടഞ്ഞുകിടന്നതും പ്രവാസികളുടെ ആഴ്ചതോറുമുള്ള ഒത്തുകൂടലുകൾക്ക് വിലങ്ങായി കോവിഡ് വ്യാപിച്ചതും ഇവരെ ഓൺലൈനുകളിൽ കുരുക്കിയിട്ടു. ഒടുവിൽ കോവിഡ് ശമിച്ചു തുടങ്ങിയപ്പോൾ ഇവർ വീടകങ്ങളിൽനിന്ന് പാർക്കുകളിലേക്ക് ഓടിക്കൂടുന്ന പഴയ അവസ്ഥക്ക് വീണ്ടും തുടക്കമായി.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലക്കാർക്ക് അവരവരുടെ ജില്ലാകൂട്ടായ്മകളും മത, രാഷ്ട്രീയ പഠനകൂട്ടങ്ങളുംകൊണ്ട് സജീവമാണ് പ്രവാസലോകം. വ്യത്യസ്ത രുചിഭേദങ്ങൾ കൈമാറാനും അവയുടെ രുചിക്കൂട്ടുകൾ പരസ്പരം പങ്കുവെക്കാനും ഈ ഒത്തുകൂടലുകൾ പലപ്പോഴും സാക്ഷിയാകാറുണ്ട്. റിയാദ് നഗരത്തിലെ പ്രധാനപ്പെട്ട ഉദ്യാനങ്ങളായ കിങ് അബ്ദുല്ല പാർക്ക്, ഉലയ്യ പാർക്ക്, ബത്ഹയിലെ നാഷനൽ മ്യൂസിയം പാർക്ക്, റിയാദ് സൂ പാർക്ക് തുടങ്ങിയവ വാരാന്ത്യങ്ങളിൽ പ്രവാസികുടുംബങ്ങളാൽ ഇപ്പോൾ സജീവമാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഒത്തുകൂടലുകൾ. എല്ലാ പേരുടെയും മുഖത്ത് മാസ്ക്കുകളുണ്ട്.
ൈകയുറകൾ അണിയുന്നുണ്ട്. ഹസ്തദാനം പൂർണമായും ഒഴിവാക്കിയിരിക്കുന്നു. വീടുകളിൽനിന്ന് പാകംചെയ്തുകൊണ്ടുവരുന്ന ഭക്ഷണങ്ങൾ പരസ്പരം വിളമ്പിയും കുശലം പറഞ്ഞും സ്ത്രീകൾ സമയം ചെലവഴിക്കുമ്പോൾ രാഷ്ട്രീയവും നിലവിലെ സാമ്പത്തികവും ചർച്ചയാക്കുന്നു പുരുഷന്മാർ. ഇതിലൊന്നും ശ്രദ്ധിക്കാതെ കിട്ടിയ അവസരം മുതലാക്കുകയാണ് കുരുന്നുകൾ. പിരിഞ്ഞുപോകുമ്പോൾ ഹസ്തദാനത്തിനു പകരം സാനിറ്റൈസർ കൈമാറിയാണ് യാത്രപറച്ചിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.