സൗദിയിൽ മിന്നലും കാറ്റും മഴയും
text_fieldsറിയാദ്: സൗദിയിൽ പലഭാഗങ്ങളിലും ഇടിയും മിന്നലും കാറ്റും ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമുണ്ടായി. തലസ്ഥാനനഗരമായ റിയാദിലുൾപ്പെടെ ഇടിമിന്നലോട് കൂടിയ മഴയും കാറ്റുമുണ്ടായി. വരും മണിക്കൂറുകളിലും മഴയും കാറ്റും കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഇതുകാരണം മൂന്നു മാസമായി തുടരുന്ന റിയാദ് സീസൺ ആഘോഷത്തിലെ വെള്ളിയാഴ്ചയും ശനിയാഴ്ചയും അരങ്ങേറേണ്ടിയിരുന്ന പല പരിപാടികളും മാറ്റിവെച്ചു. മുടങ്ങിയ പരിപാടികൾ ഞായറാഴ്ച അരങ്ങേറുമെന്ന് സൗദി ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റി അറിയിച്ചു. റിയാദ്, മക്ക, അൽബാഹ തുടങ്ങിയ സ്ഥലങ്ങളിൽ കാറ്റും ഇടിമിന്നലോട് കൂടിയ മഴയും ഇടക്കിടെയുണ്ടാവുകയാണ്. തബൂക്കിലും വടക്കൻ അതിർത്തി മേഖലയിലും അൽജൗഫിലും ഹാഇലിലും അൽഖസീമിലും രാജ്യത്തിന്റെ കിഴക്കൻ, മധ്യ പ്രവിശ്യകളിലെ ചില ഭാഗങ്ങളിലും തണുപ്പ് ശക്തിയാർജിക്കുകയും ചെയ്തിട്ടുണ്ട്.
ജീസാൻ, അസീർ, അൽബാഹ, മക്ക, മദീന എന്നിവിടങ്ങളിലും വടക്കൻ അതിർത്തി മേഖലയിലും അൽജൗഫിലും കിഴക്കൻ തീരപ്രദേശങ്ങളിലും രാത്രിയും പുലർച്ചെയും മഞ്ഞുമൂടുന്ന അവസ്ഥയുമുണ്ട്. അതിനിടെ വെള്ളിയാഴ്ച വൈകീട്ട് രാജ്യത്ത് പല ഭാഗങ്ങളിലും മഴയും വെള്ളക്കെട്ടുമുണ്ടായതായും റിപ്പോർട്ടുണ്ട്. മക്ക പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ പ്രളയത്തിൽ മുങ്ങിയ പിക്അപ് വാനിൽ കുടുങ്ങിയവരെ സൗദി സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. അൽബുസ്താൻ എന്ന ഗ്രാമത്തിലെ താഴ്വരയിൽ പിക്അപ് യാത്രികർ പ്രളയത്തിൽപെട്ടതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നാലു പേരാണ് പിക്അപ്പിലുണ്ടായിരുന്നത്. ഇവരെയെല്ലാവരെയും രക്ഷപ്പെടുത്താൻ സാധിച്ചതായി സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.
മദീന മേഖലയിൽ അൽമുദീഖ് താഴ്വരയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട കാറിലെ യാത്രക്കാരെയും സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. സൗദി കുടുംബം സഞ്ചരിച്ച കാറാണ് താഴ്വര മുറിച്ചുകടക്കുന്നതിനിടെ അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലിൽ പെട്ടത്. ജിസാനിലെ വാദി ലജബിൽ വെള്ളക്കെട്ടിൽ വീണ് മരിച്ചയാളുടെ മൃതദേഹം സിവിൽ ഡിഫൻസ് പുറത്തെടുത്തു. ഏതാനും പേരെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തുകയും ചെയ്തു. ഉല്ലാസ യാത്രക്കിടെയാണ് ഏതാനും പേർ വാദി ലജബിലെ വെള്ളക്കെട്ടിൽ പതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.