പ്രവാസ സാഹിത്യം: നിലവാരമില്ലാത്ത പുസ്തകങ്ങൾ മങ്ങലേൽപിക്കുന്നു -സാഹിത്യ സംവാദം
text_fieldsറിയാദ്: അലിഫ് ഇൻറർനാഷനൽ സ്കൂളിന്റെ 15-ാം വാർഷികത്തോടനുബന്ധിച്ച് ‘പ്രവാസ സാഹിത്യം പ്രതീക്ഷ’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച സാഹിത്യ ചർച്ച ശ്രദ്ധേയമായി. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ ജോസഫ് അതിരുങ്കൽ, സബീന എം. സാലി, എം. ഫൈസൽ, നജിം കൊച്ചുകലുങ്ക് തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു. ബീന ഫൈസൽ മോഡറേറ്ററായിരുന്നു.
കേരള പിറവിയുടെ 68-ാമത് വാർഷികം ആഘോഷിക്കുമ്പോൾ 64 വയസുള്ള ഗൾഫ് പ്രവാസത്തെ മറക്കരുതെന്ന് ജോസഫ് അതിരുങ്കൽ പറഞ്ഞു. 1960കൾ മുതൽ ഗൾഫ് പ്രവാസമുണ്ട്. ഇപ്പോഴുള്ളത് മൂന്നാം തലമുറയാണ്. ആദ്യ കാല കുടിയേറ്റത്തിലെ മനുഷ്യരുടെ ജീവിതം പോലും വേണ്ടരീതിയിൽ ഗൾഫ് സാഹിത്യത്തിൽ വന്നിട്ടില്ല.
നാടും വീടും വിട്ട മനുഷ്യരാണ് ഇന്നത്തെ കേരളത്തെ നിർമിച്ചത്. അവരുടെ വ്യത്യസ്തമായ ജീവിതം ഇനിയും ആവിഷ്കരിക്കപ്പെടേണ്ടതായിട്ടിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസി സാഹിത്യം എന്നൊരു സാഹിത്യമില്ലെന്നും തൊഴിൽ തേടി പ്രവാസ ലോകത്തെത്തിയവർ അവരുടെ അനുഭവങ്ങൾ വളച്ചുകെട്ടില്ലാതെ തുറന്നെഴുതുമ്പോഴാണ് മികച്ച സാഹിത്യങ്ങൾ പിറവിയെടുക്കുന്നതെന്നും സബീന എം. സാലി പറഞ്ഞു. ഇവിടുത്തെ അനുഭവങ്ങൾ തുറന്നെഴുതാൻ എഴുത്തുകാർ തയാറാവണം. സൗദിയിലെ സാഹിത്യകാരന്മാർക്ക് ഒത്തുചേരാനും ചർച്ച ചെയ്യാനും പൊതു ഇടം ഉണ്ടാകേണ്ടതിന്റെ അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
സാഹിത്യം തന്നെ പ്രവാസമാണെന്നും സഞ്ചരിക്കാതെ ഒരാൾക്കും എഴുതാനാകില്ലെന്നും ലോകസഞ്ചാരം നടത്തി മലയാളത്തിന് കരുത്തുപകർന്ന എഴുത്തുകാരും തൊഴിൽ തേടി അകലെ പോയി എഴുതിയ പ്രമുഖരുമുണ്ടെന്ന് എം. ഫൈസൽ പറഞ്ഞു. ഡയസ്പോറ സാഹിത്യത്തിന് പ്രധാന മൂന്ന് സവിശേഷതകളുണ്ട്. സ്വദേശത്തുനിന്ന് പറിച്ചെടുത്തുപോരുന്ന വേരും എത്തിപ്പെട്ടയിടത്തെ മണ്ണിലാഴ്ത്താൻ ശ്രമിക്കുന്ന വേരുമാണ് ഒന്ന്.
മറ്റൊരു സവിശേഷത അകത്താൾ/പുറത്താൾ എന്ന പ്രതിസന്ധിയാണ്. സ്വത്വപരമായും രാഷ്ട്രീയമായും മലയാളി ഗൾഫിന്റെ സാമൂഹികമോ, രാഷ്ട്രീയമോ ആയ ‘സ്വവസതി’ക്ക് അകത്താകുന്നില്ല. അകത്താകാൻ ആഗ്രഹിക്കുന്നുമില്ല. മൂന്നാമത്തെ സവിശേഷത ഗൃഹാതുരത്വമാണ്. അതുമാത്രമാണ് മലയാളി പ്രവാസലോകത്ത് ലാളിക്കുന്ന ഒന്ന്.
അതുകൊണ്ടുമാത്രം ആഴമുള്ള പ്രവാസസാഹിത്യം ഉണ്ടാകില്ലെന്നും എങ്കിലും മലയാളികളുടെ ഗൾഫ് പ്രവാസത്തിൽ നിന്ന് കൂടുതൽ ഉൽകൃഷ്ടമായ എഴുത്തുകൾ ഭാവിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം. ഫൈസൽ പറഞ്ഞു. ഓരോ പ്രവാസിയും ഓരോ നോവലുകളാണെന്നും അതിെൻറ ചെറിയൊരു അംശം പോലും ഇനിയും എഴുതപ്പെട്ടിട്ടില്ലെന്നും നജിം കൊച്ചുകലുങ്ക് അഭിപ്രായപ്പെട്ടു.
മലയാളി സാഹിത്യം ലോകവായനയിലേക്ക് ഉയർന്ന സാഹചര്യത്തിലാണ് നാമിപ്പോഴുള്ളതെന്ന് ബീന ഫൈസൽ പറഞ്ഞു. ആനന്ദും എം. മുകുന്ദനും പോലുള്ള സാഹിത്യപ്രതിഭകൾ മലയാളത്തിൽനിന്ന് പ്രവാസ കൃതികൾ രചിച്ചവരാണ്. സഞ്ചാര സാഹിത്യത്തിലൂടെ വിലപ്പെട്ട രചനകൾ നൽകി ഗൾഫ് പ്രവാസ സാഹിത്യത്തെ ബലപ്പെടുത്തിയവരാണ് ബാബു ഭരദ്വാജും വി. മുസഫർ അഹമദും.
കുടിയേറ്റ മലയാളികളിൽ നിന്നും ധാരാളം രചനകൾ ഇപ്പോൾ ഉണ്ടായികൊണ്ടിരിക്കുന്നുണ്ട്. ഷാർജ പുസ്തകോത്സവത്തിന്റെ ഭാഗമായി പുതിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നതും പ്രതീക്ഷ നൽകുന്നു. എന്നാൽ ഗൾഫ് പ്രവാസികൾക്കിടയിലെ നിലവാരമില്ലാത്ത പുസ്തകങ്ങളും തട്ടിക്കൂട്ട് അവാർഡുകളും ഡയസ്പോറ ലിറ്ററേച്ചറിന് മേലുള്ള പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതായി ബീന ഫൈസൽ വിലയിരുത്തി.
‘പ്രകാശം പരത്തിയ 15 വർഷങ്ങൾ’ എന്ന തലക്കെട്ടിൽ നടക്കുന്ന വാർഷികത്തോടനുബന്ധിച്ച് നടന്ന ബുക്ക് ഫെയർ അലിഫ് സി.ഇ.ഒ ലുഖ്മാൻ അഹ്മദ് ഉദ്ഘാടനം ചെയ്തു. ഖമർ ബാനു, സന്ധ്യ ഷാജി, അനസ് കാരയിൽ തുടങ്ങിയവർ സംബന്ധിച്ചു. മലയാളത്തിലെ പ്രമുഖരുടെ തെരഞ്ഞെടുത്ത അഞ്ഞൂറോളം രചനകൾ ബുക്ക് ഫെയറിൽ ലഭ്യമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.