പ്രാദേശിക ഭക്ഷ്യോൽപാദന വ്യവസായം: സൗദി 9,100 കോടി റിയാൽ നിക്ഷേപിക്കും
text_fieldsയാംബു: പ്രാദേശിക ഉൽപന്നങ്ങൾ വർധിപ്പിക്കുന്നതിനും ഭക്ഷ്യോൽപന്ന മേഖലയിൽ നിക്ഷേപങ്ങൾ നടത്താനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തി ആഭ്യന്തര ഉൽപാദനം ഉയർത്താനും പദ്ധതികൾ ഒരുങ്ങുന്നു. രാജ്യത്തിന്റെ കയറ്റുമതി ശേഷി വർധിപ്പിക്കാൻ കൂടി ലക്ഷ്യംവെച്ച് പ്രാദേശിക ഭക്ഷ്യോൽപാദന വ്യവസായത്തിൽ 9,100 കോടി റിയാൽ നിക്ഷേപിക്കുമെന്ന് പരിസ്ഥിതി, ജലം, കൃഷി മന്ത്രി അബ്ദുറഹ്മാൻ അൽഫാദിൽ വെളിപ്പെടുത്തി.
ജി.ഡി.പിയുടെ 2.3 ശതമാനത്തെ പ്രതിനിധാനംചെയ്യുന്ന കാർഷിക മേഖല 7,225 കോടി റിയാലിന്റെ ഉയർച്ച കഴിഞ്ഞ വർഷം കൈവരിച്ചതായി റിയാദിൽ നടന്ന 'തദ്ദേശീയ ഉൽപന്ന ഫോറ'ത്തിൽ അദ്ദേഹം വ്യക്തമാക്കി. ഈ വർഷത്തെ കാർഷിക വികസന നിധിയിൽനിന്നുള്ള മൊത്തം കാർഷിക വായ്പകൾ 2015നെ അപേക്ഷിച്ച് 18 മടങ്ങ് കൂടുതലായി 7,000 കോടി റിയാലിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്വകാര്യ മേഖലക്ക് പ്രയോജനം ചെയ്യുന്ന തരത്തിൽ ഉൽപാദനം മെച്ചപ്പെടുത്താനും വികസിപ്പിക്കാനും കഴിയുന്ന വ്യക്തമായ നയങ്ങൾ മന്ത്രാലയത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സേവനങ്ങൾ നവീകരിക്കുന്നതിനും എല്ലാ മേഖലകളിലും സുസ്ഥിരമായി വെള്ളം ലഭ്യമാക്കുന്നതിനുമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ ജലമേഖലയിൽ 1,0500 റിയാൽ നിക്ഷേപിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഭക്ഷ്യ ജലസുരക്ഷ ഉറപ്പുവരുത്താനും സുസ്ഥിര കാർഷിക വളർച്ചക്കും പരിസ്ഥിതി സന്തുലനത്തിനും സൗദി തുടക്കംകുറിച്ച പദ്ധതികൾ ഇതിനകം വിജയം കാണുന്നതായി വിലയിരുത്തുന്നു. വിഷൻ 2030 പദ്ധതി പ്രകാരം ഏറ്റവും ഉയർന്ന സാമ്പത്തിക നേട്ടം കൈവരിക്കാൻ പ്രാദേശിക കാർഷിക മേഖലയെ ശാക്തീകരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.