വെട്ടുകിളികൾ തീൻമേശയിലെ ഇഷ്ടവിഭവം; പക്ഷേ, കർഷകർക്ക് ഭീഷണി
text_fieldsഅനീസുദ്ദീൻ ചെറുകുളമ്പ്
യാംബു: അറബികളിൽ പലരുടെയും ഇഷ്ടഭക്ഷണമായ വെട്ടുക്കിളികൾ (ജറാദ്) പെരുകുന്നത് സൗദിയിലെ കർഷകരിൽ ആശങ്ക വിതക്കുന്നു. കാലാവസ്ഥ തണുപ്പിലേക്ക് മാറുന്ന സാഹചര്യത്തിലാണ് വെട്ടുകിളികൾ വ്യാപിച്ചിരിക്കുന്നത്. പഴയകാല അറേബ്യൻ ജീവിതത്തിൽ ഈ കിളികളുടെ വരവ് കാലാവസ്ഥ മാറ്റത്തിെൻറ സൂചകമായിരുന്നത്രേ. ഇന്നും പ്രദേശങ്ങളിൽ ജറാദുകളെ കണ്ടു തുടങ്ങുമ്പോഴേക്കും തണുപ്പിെൻറ വരവായി എന്ന് പ്രവചിക്കുന്ന പഴമക്കാരുണ്ട്. മഴക്കാലത്താണ് ഇവയുടെ പ്രജനനം കൂടുതൽ. കാലാവസ്ഥ വ്യതിയാനത്തോടൊപ്പം വെട്ടുക്കിളിയുടെ ശല്യം രാജ്യത്തിെൻറ ചില മേഖലകളിൽ കൂടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും സൗദി പരിസ്ഥിതി, ജല കാർഷിക മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വെട്ടുക്കിളി വ്യാപനമുള്ള പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കാനും കന്നുകാലി, തേനീച്ച കർഷകരോട് നിർദേശിച്ചു. വെട്ടുകിളി ശല്യം കൃഷിയെ കൂടുതൽ ബാധിക്കാതിരിക്കാനും പ്രതിരോധ നടപടികൾ കാര്യക്ഷമമാക്കാനും മന്ത്രാലയം നടപടി എടുക്കുന്നുണ്ട്.
പഴയ കാലം തൊട്ട് അറബികളിൽ ചിലരുടെ ഇഷ്ടഭക്ഷണമാണ് ഇവ. സീസണുകളിൽ ജറാദിനെ ശേഖരിച്ച് എണ്ണയിൽ പൊരിച്ചെടുത്ത് കഴിക്കുന്നവരുണ്ട്. രാജ്യത്തെ ചില മേഖലകളിൽ വെട്ടുകിളി വിൽപന നടത്തുന്നതും ഭക്ഷണത്തിന് പാകമാക്കി വിൽക്കുന്നുമുണ്ട്. വെട്ടുകിളിയെ തുരത്താൻ കർഷകർ കീടനാശിനി പ്രയോഗം നടത്താൻ തുടങ്ങി. കീടനാശിനി പ്രയോഗം തുടങ്ങിയതോടെയാണ് അറബികളുടെ തീന്മേശകളിൽനിന്ന് വെട്ടുകിളി ഇറച്ചി അപ്രത്യക്ഷമാകാനും തുടങ്ങിയത്. ചതുരശ്ര മൈലിനകത്ത് 10 ലക്ഷത്തിലേറെ വെട്ടുകിളിപ്പറ്റങ്ങൾ കാണാം. നൂറുകണക്കിന് ചതുരശ്ര മൈൽ വിസ്തൃതിയിൽ അതിവേഗം പടരാനും ഇവക്കാകും. ഒരു ദിവസം 150 കിലോമീറ്ററിലധികം പറക്കാൻ കഴിവുള്ള ഇവക്ക് പ്രത്യുൽപാദന ശേഷിയും കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.