വോട്ടുചോദിച്ച് ഫ്ലാറ്റുകളിലും ലേബർ ക്യാമ്പുകളിലും കടകളിലും പ്രചാരണം
text_fieldsയാംബു: ഓരോ തെരഞ്ഞെടുപ്പ് ദിനങ്ങളും വിളിപ്പാടകലെയെത്തുമ്പോൾ ലേബർ ക്യാമ്പുകളും കടകളും കയറി വോട്ട് ചോദിക്കുകയെന്നത് പ്രവാസി മലയാളികളുടെ ആവേശമാണ്. പ്രവാസമണ്ണിലിരുന്ന് നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും പ്രവർത്തനങ്ങളും നോക്കിക്കാണുന്നവർക്ക് ഇവിടെ ചെയ്യുന്ന പലതും ഗൃഹാതുരമായ ഓർമകളാണ് പകർന്നുനൽകുന്നത്. തെരഞ്ഞെടുപ്പ് ദിനത്തിൽ തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാൻ കഴിയാത്തവരാണ് ഭൂരിപക്ഷം പ്രവാസികളും. എന്നാൽ ആവേശത്തിന് ഒട്ടും കുറവില്ല. നാട്ടിലെ തെരെഞ്ഞെടുപ്പ് ആരവങ്ങളെ അതേ വേഗത്തിൽ ഉൾക്കൊണ്ട് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന സംഘടനാനേതാക്കളായ ധാരാളം പ്രവാസികളെ ഗൾഫ് രാജ്യങ്ങളിലും നമുക്ക് കാണാം. സൗദിയിലെ യാംബുവിൽ ഈ ലോക്സസഭ തെരെഞ്ഞെടുപ്പിൽ കെ.എം.സി.സി-ഒ.ഐ.സി.സി സംയുക്തമായി രൂപവത്കരിച്ച യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തിലാണ് ലേബർ ക്യാമ്പുകളിലും ഫ്ലാറ്റുകളിലും കടകളിലുമെല്ലാം കയറിയിറങ്ങി വോട്ടഭ്യർഥിക്കുന്നത്. കെട്ടിലും മട്ടിലും നാട്ടിലെ അതേ തെരഞ്ഞെടുപ്പ് പ്രചാരണം പോലെയാണ് പ്രവർത്തനങ്ങൾ. 20 ലോക്സഭകളിലെയും യു.ഡി.എഫ് സ്ഥാനാർഥികളുടെ ചിത്രം പതിച്ച പോസ്റ്ററുകൾ കൈയിൽ കരുതിയാണ് വോട്ടഭ്യർഥിച്ചുകൊണ്ടുള്ള പ്രചാരണം. കഴിഞ്ഞ ദിവസങ്ങളിലാണ് ഈ പുതുമയാർന്ന പ്രചാരണത്തിന് തുടക്കം കുറിച്ചതെന്ന് നേതൃത്വം നൽകുന്ന നേതാക്കൾ പറയുന്നു. തെരഞ്ഞെടുപ്പ് കാമ്പയിൻ മുഖ്യ രക്ഷാധികാരിയായ മുസ്തഫ മൊറയൂർ, ചെയർമാനായ ഒ.ഐ.സി.സി / ഇൻകാസ് ഗ്ലോബൽ സെക്രട്ടറി ശങ്കർ എളങ്കൂർ, വൈസ് ചെയർമാന്മാരായ കെ.എം.സി.സി സൗദി നാഷനൽ വൈസ് പ്രസിഡന്റ് കെ.പി.എ. കരീം താമരശ്ശേരി, ഒ.ഐ.സി.സി ജിദ്ദ റീജിയണൽ സെക്രട്ടറി അഷ്ക്കർ വണ്ടൂർ, ഒ.ഐ.സി.സി യാംബു ഏരിയ പ്രസിഡന്റ് സിദ്ദീഖുൽ അക്ബർ, ജനറൽ കൺവീനർ കെ.എം.സി.സി യാംബു പ്രസിഡന്റ് നാസർ നാടുവിൽ, കൺവീനർമാരായ കെ.എം.സി.സി യാംബു ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ, യാംബു വർക്കിങ് സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി, അബ്ദുറസാഖ് നമ്പ്രം, ഒ.ഐ.സി.സി യാംബു ജനറൽ സെക്രട്ടറി ഷഫീഖ് മഞ്ചേരി എന്നിവരെല്ലാം പ്രചാരണ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇന്ത്യ മുന്നണിയുടെ മുഴുവൻ സ്ഥാനാർഥികൾക്കും വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കാൻ ആഹ്വാനം ചെയ്താണ് പ്രചാരണം. ഇന്ത്യയെ വീണ്ടെടുക്കുന്നതിന് വേണ്ടി രാഹുൽ ഗാന്ധി നടത്തിയ ‘ഭാരത് ജോഡോ യാത്ര’ ഇന്ത്യയിലെ ജനങ്ങൾക്ക് രാഹുൽ ഗാന്ധിയിൽ ആത്മവിശ്വാസവും ഊർജ്ജവും കൈവന്നതായും അത് വോട്ടായി ഇന്ത്യാ മുന്നണി അധികാരത്തിൽ വരുക തന്നെ ചെയ്യുമെന്ന സന്ദേശമാണ് പ്രചാരണത്തിലൂടെ ഇവർ നൽകുന്നത്. ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും കാണാൻ കഴിയാത്ത ഒരവസ്ഥയിലേക്ക് രാജ്യം പോകുമെന്നതിന് യാതൊരു സംശയവും വേണ്ട, അതുകൊണ്ട് ഇൻഡ്യ മുന്നണിയെ അധികാരത്തിൽ കൊണ്ടുവരണമെന്ന് ഓർമ്മപ്പെടുത്താനും പ്രചാരണത്തിനിടയിൽ മറക്കുന്നില്ല. കമ്യൂണിസ്റ്റുകാർ ദേശീയ തലയത്തിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമാണെങ്കിലും കേരളത്തിൽ അവരുടെ സ്ഥാനാർഥികളെ നിറുത്തി യു.ഡി.എഫിനെ ഇല്ലാതാക്കാൻ നോക്കുന്നത് കേന്ദ്രത്തിൽ വീണ്ടും ബി.ജെ.പി അധികാരത്തിൽ വരണമെന്ന ചിന്താഗതി അവർക്കുള്ളതുകൊണ്ടാണെന്ന വിമർശനവും പ്രചാരണത്തിന്നിടയിൽ അവർ ഉന്നയിക്കുന്നു. കേരളത്തിൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകി അവരെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ചാണ് ഓരോ കേന്ദ്രത്തിൽ നിന്നും പ്രചാരണത്തിനെത്തിയവർ പിരിഞ്ഞുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.