ഇന്ത്യൻ ജനതയെ ഏകീകരിക്കാൻ ഫാഷിസ്റ്റ് ഭരണം കാരണമായി -ശിവദാസൻ തിരൂർ
text_fieldsറിയാദ് : ഇന്ത്യൻ ജനതയെ ഏകീകരണത്തിലേക്ക് കൊണ്ടുവരാൻ ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ പത്തുവർഷത്തെ ഭരണം വേണ്ടി വന്നു എന്ന് സി.പി.ഐ(എം) മലപ്പുറം ജില്ല കമ്മിറ്റി അംഗം ശിവദാസൻ തിരൂർ അഭിപ്രായപ്പെട്ടു. കേരളത്തിലെ കുടുംബയോഗങ്ങൾ പോലും ദേശീയ രാഷ്ട്രീയത്തിലൂന്നിയ വിഷയങ്ങൾ ശ്രദ്ധാപൂർവം ശ്രവിക്കുന്നുവെന്നത് ഇടതുപക്ഷത്തിന്റെ പ്രസക്തിക്കും വിജയത്തിനും പ്രതീക്ഷ നൽകുന്നു.
ഫാഷിസം രാജ്യത്തിന്റെ എല്ലാ മേഖലകളിലും പിടിമുറുക്കി ക്കഴിഞ്ഞു. ഇനിയുമൊരു തുടർഭരണം ഫാഷിസ്റ്റ് ഭരണകൂടത്തിന് നൽകിക്കഴിഞ്ഞാൽ രാജ്യം തന്നെ കാണില്ല എന്നത് നാം കാണാതെ പോകരുത്. പ്രവാസികൾക്ക് ഈ തെരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിക്കാനുണ്ട്. ഒരുപക്ഷേ പ്രവാസം പോലും ആശങ്കയിലാകുന്ന തെരഞ്ഞെടുപ്പായി ഈ തിരഞ്ഞെടുപ്പ് മാറാൻ നമ്മൾ അനുവദിക്കരുത്. പ്രവാസി കുടുംബങ്ങളെ ഒന്നടങ്കം ബോധവത്കരിക്കാൻ പ്രവാസികൾ തയാറാവണം. അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദിൽ കേളി കലാസാംസ്കാരിക വേദി നടത്തിയ 18ാം ലോക് സഭാ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
പൊന്നാനി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ് ഹംസയും കൺവെൻഷനിൽ സംസാരിച്ചു. രാജ്യം അപകടത്തിലാകുന്ന ഒട്ടനവധി ബില്ലുകളാണ് ഒരു ചർച്ചയും കൂടാതെ പാർലമെന്റിൽ പാസാക്കുന്നത്. അത്തരം ബില്ലുകൾക്കെതിരെ ഒരു വിരൽ പോലും അനക്കാൻകഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസ്. കേരളത്തിന്റെ ആവശ്യങ്ങൾക്കായി കോടതികളെ സമീപിക്കേണ്ട അവസ്ഥയാണ് നിലവിൽ. കേരള ജനതയുടെയും, നാടിന്റെയും ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്ത് അയച്ച എം.പിമാരിൽ യു.ഡി.എഫ് അംഗങ്ങൾ കഴിഞ്ഞ അഞ്ചു വർഷം ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നെങ്കിൽ ഇത്തരം കോടതി വ്യവഹാരങ്ങളിലേക്ക് കേരളത്തിന് പോകേണ്ടി വരില്ലായിരുന്നു. ഇത്തരം തിരിച്ചറിവുകൾ കൂടി ഈ തെരഞ്ഞെടുപ്പിൽ നാം ചർച്ചയാക്കേണ്ടതുണ്ട്. പാർലിമെന്റിൽ ഒരു കാഴ്ചക്കാരനാകാൻവേണ്ടി നമ്മുടെ വോട്ടവകാശം പാഴാകുന്ന അവസ്ഥ ഉണ്ടാവരുത്. നാടിന്റെ നാവായ, പോരാട്ടങ്ങളിൽ നേതൃപാടവം തെളിയിച്ച ശക്തരായ 20 സ്ഥാനാർഥികളെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. ഇവരെ വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളിൽ പ്രവാസികൾ രംഗത്തിറങ്ങണമെന്ന് കെ.എസ് ഹംസ അഭ്യർഥിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് കൺവെൻഷനിൽ അധ്യക്ഷതവഹിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സീബാ കൂവോട്, സുരേന്ദ്രൻ കൂട്ടായി, സെബിൻ ഇഖ്ബാൽ എന്നിവർ സദസിനെ അഭിസംബോധന ചെയ്തു. ഫിറോഷ് തയ്യിൽ, ഗീവർഗീസ് ഇടിച്ചാണ്ടി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.