പ്രണയത്തിന്റെ നയതന്ത്രം മുറിഞ്ഞു; പ്രതിസന്ധി തീരാൻ സാറയും ഇബ്രാഹിമും അകമഴിഞ്ഞ പ്രാർഥനയിൽ
text_fieldsജിദ്ദ: ചെറിയ പെരുന്നാളിന് ഇരട്ട സന്തോഷം കാത്തിരിക്കുകയായിരുന്നു ജിദ്ദയിൽ താമസിക്കുന്ന യമനി സുന്ദരി സാറയും ഖത്തറിൽ നിന്നുള്ള പുതുമാരൻ ഇബ്രാഹീമും. ജൂൺ 27ന് അവരുടെ കല്യാണം നിശ്ചയിച്ചതിൽ പിന്നെ ഇരുവരും കിനാവിെൻറ തേരിലാണ്. അതിരുകളില്ലാത്ത പ്രണയം. ത്വാഇഫിെൻറ തണുത്ത ‘സൈഫിയ’കാലത്ത് ആ മലമുകളിലാണ് അവരുടെ വിവാഹത്തിന് വേദി കണ്ടുവെച്ചത്.
ഇബ്രാഹിമിെൻറ പ്രണയാർദ്രമായ വിശേഷങ്ങളുമായി മാത്രം ബെല്ലടിക്കാറുള്ള അവളുടെ മൊബൈൽഫോൺ കഴിഞ്ഞ തിങ്കളാഴ്ച പുലരിയിൽ ഒച്ചവെച്ചത് ചങ്കുമുറിക്കുന്ന വാർത്തയുമായാണ്. ഖത്തറുമായി സൗദി അറേബ്യ നയതന്ത്രബന്ധം വിച്ഛേദിച്ചതിെൻറ ഞെട്ടിക്കുന്ന വിവരമാണ് ഇബ്രാഹിം അവളോട് പങ്കുവെച്ചത്. നയതന്ത്രം മാത്രമല്ല മുറിച്ചത്, അതിർത്തികളും കൊട്ടിയടച്ചിരിക്കുന്നു. എല്ലാ ഖത്തറികളും നിശ്ചിതദിവസത്തിനകം നാടുകടന്നോളണമെന്നും ഉത്തരവുണ്ട്. സന്തോഷത്തിെൻറ അസുലഭസുരഭില നിമിഷങ്ങൾക്കായി കാത്തിരിക്കുന്ന വധൂവരൻമാരുടെ ചങ്കിടറിയില്ലെങ്കിലല്ലേ അൽഭുതമുള്ളൂ. ഉൾകൊള്ളാനാവാത്ത ആ വാർത്ത കേട്ടതുമുതൽ ഇരുരാജ്യങ്ങൾക്കിടയിലെ പ്രതിസന്ധി എങ്ങനെയെങ്കിലും തീരണമേ എന്ന അകമഴിഞ്ഞ പ്രാർഥനയിലാണിരുവരും.
യമനിയാണെങ്കിലും സാറ ജനിച്ചതും വളർന്നതും സൗദിയിലാണ്. സൗദി വിട്ട് എങ്ങോട്ടും ഇതു വരെ പോയിട്ടില്ലെന്ന് അവൾ പറഞ്ഞു. യമനിൽ പൂർവികരെ കാണാൻ പോകണമെന്ന് കൊതിക്കുന്നു കുറെ നാളായി. അവിടെ സമാധാനം പുലർന്നിട്ട് വേണം ആ സ്വപ്നം സാക്ഷാത്കരിക്കാൻ. മകളുടെ വിവാഹം അനിശ്ചിതത്വത്തിലായതോടെ സങ്കടത്തിലാണ് ഉമ്മ ഫാത്തിമ. വിവാഹവസ്ത്രങ്ങളും സമ്മാനങ്ങളും വാങ്ങാൻ കടകൾ കയറിയിറങ്ങുന്ന തിരക്കിലായിരുന്നു സാറയും കുടുംബവും. കല്യാണത്തിന് മുമ്പ് മറ്റൊരു സന്തോഷം കൂടിയുണ്ടായിരുന്നു. ഇൗ മാസം 24^ന് സാറയുടെ ജൻമദിനമാണ്. അതിൽ പെങ്കടുക്കാൻ സഹോദരിയെയും കൂട്ടി ഖത്തറിൽ നിന്ന് ജിദ്ദയിലേക്ക് വരാനിരിക്കുകയായിരുന്നു ഇബ്രാഹിം.
മധുരമുള്ള ആ യാത്ര കിനാവ് മാത്രമാണിന്ന്. എന്നാലും അവൾക്ക് വേണ്ടി പ്രണയവാക്കുകൾ എഴുതിയ കേക്ക് സമ്മാനിക്കാൻ ഒരുങ്ങുകയാണ് ഇബ്രാഹിം. എങ്ങനെയെങ്കിലും ആ കേക് അവളുടെ അടുത്തെത്തിക്കുമത്രെ. ശുഭപ്രതീക്ഷയിൽ തന്നെയാണ് സാറയും ഇബ്രാഹിമും. പ്രതിസന്ധി തീരുക തന്നെ ചെയ്യുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. ‘ഭാവിയിൽ ഞങ്ങൾക്കു പിറക്കുന്ന കുഞ്ഞുങ്ങളോട് പറയണം സ്വപ്നങ്ങൾ പൂവണിയാൻ നേരത്ത് ഞങ്ങൾക്ക് വന്നുപെട്ട നയതന്ത്ര പ്രതിസന്ധിയെ കുറിച്ചും അതിെൻറ വീർപുമുട്ടലിനെ കുറിച്ചും..... അറബ് പത്രവുമായി സംസാരിക്കുന്നതിനിടയിൽ ഇത് പറഞ്ഞ് 20കാരി സാറ പൊട്ടിച്ചിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.