നാടുകാണാതെ ഒരു വ്യാഴവട്ടം; ദുരിതപർവം താണ്ടി ശർമ്മ നാടണഞ്ഞു
text_fieldsഅൽഅഹ്സ: പ്രവാസിയായ ശേഷം 12 വർഷം നാട്ടിലേക്ക് പോകാൻ കഴിയാത്ത ഉത്തർപ്രദേശ് സ്വദേശി കനലനുഭവങ്ങളാൽ ഒരുപാട് പൊള്ളി ഒടുവിൽ നാടണഞ്ഞു. ലക്നൗ ശിർശിയാൻ സാഗർ സ്വദേശിയായ ആർ.എം. ശർമ്മ (70) ആണ് മലയാളി സാമൂഹികപ്രവർത്തകരുടെ തുണയാൽ ജന്മനാട്ടിൽ മടങ്ങിയെത്തിയത്.
സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിൽ 38 വർഷമായി ആശാരിപണി ചെയ്യുകയായിരുന്നു ശർമ്മ. ആദ്യമൊക്കെ കൃത്യസമയങ്ങളിൽ നാട്ടിൽ പോയിരുന്നു. പിന്നീട് പലതരം പ്രതിസന്ധികൾ വന്ന് മൂടി. നാട്ടിൽ പോകണമെന്നും വീട്ടുകാരുമൊത്തു കഴിയണമെന്നും ആഗ്രഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ വഴിതടഞ്ഞു. വീടണയാനുള്ള മോഹങ്ങളൊക്കെ വേദനയോടെ ഉള്ളിലൊതുക്കി നീറി നീറി സ്വയം എരിഞ്ഞ് തള്ളി നീക്കിയത് 12 വർഷമായിരുന്നു.
ഭാര്യയും ഒരു പെണ്ണും രണ്ടാണുമടക്കം മൂന്ന് മക്കളുമുള്ള കുടുംബമാണ് ശർമ്മക്കുള്ളത്. മൂന്നര വർഷം മുമ്പ് ഓർക്കാപ്പുറത്ത് ശർമ്മയുടെ സ്പോൺസർ മരിച്ചതോടെ പ്രതിസന്ധിയുടെ ആഴം വർധിച്ചു. ഇഖാമ പുതുക്കാനാവാതെ തീർത്തും നിയമലംഘകനായി. അതുകൊണ്ട് ജോലിയോ കൂലിയോ ഇല്ലാത്ത സ്ഥിതിയിലായി. സുഹൃത്തുക്കളുടെ സഹായത്താൽ തട്ടിമുട്ടിയായിരുന്നു പിന്നീടുള്ള ജീവിതം. കാലാവധി കഴിഞ്ഞ ഇഖാമയുമായി പോകുന്നതും വരുന്നതുമൊക്കെ പൊലീസിനെയും തൊഴിൽ വകുപ്പിനേയുമൊക്കെ ഭയന്നും മറഞ്ഞും വേണമായിരുന്നു.
രണ്ടു വർഷം മുമ്പ് ഭാര്യ ജാനകിയും മരിച്ചതോടെ മാനസികമായി കൂടി ഒറ്റപ്പെട്ട അവസ്ഥയിലായി. ഒരു തരം നിരാശയും വിഷാദവും പിടിപെട്ടു. അതിനിടയിൽ പ്രമേഹം പോലുള്ള ചില രോഗങ്ങളും പിടികൂടി. ശാരീരികമായും മാനസികമായും അവശനായി. ഇടത് കാൽപാദത്തിലുണ്ടായ മുറിവ് പഴുത്ത് കുടുതൽ വഷളായതോടെ നിൽക്കാൻ പോലും കഴിയാത്ത സ്ഥിതിയായി. ഇതിനിടെ കഴിഞ്ഞമാസം 10 ന് അൽഅഹ്സയിൽ ഇന്ത്യൻ എംബസി കോൺസൽ പ്രകാശ് കുമാർ ഔദ്യോഗിക സന്ദർശനത്തിനെത്തിയപ്പോൾ ശർമ്മയെ ഒപ്പം താമസിക്കുന്ന സുഹൃത്തായ ബംഗ്ലാദേശുകാരൻ മുഹമ്മദലി അദ്ദേഹത്തിന്‍റെ മുന്നിലെത്തിച്ചു. രണ്ടുവർഷമായി കാലാവധി തീർന്ന ശർമ്മയുടെ പാസ്പോർട്ട് പുതുക്കാനാവുമോയെന്നും നാട്ടിലെത്തിക്കാനായി ഇന്ത്യൻ എംബസിയിൽ നിന്നും എന്തെങ്കിലും സഹായം കിട്ടുമോ എന്നും അറിയാൻ ശ്രമം നടത്തി.
ആ സമയത്ത് അവിടെയുണ്ടായിരുന്ന ഹസ്സയിലെ എംബസി കമ്യൂണിറ്റി വളൻറിയർമാരും ഒ.ഐ.സി.സി ഭാരവാഹികളായ പ്രസാദ് കരുനാഗപ്പള്ളി, ഉമർ കോട്ടയിൽ, ശാഫി കുദിർ എന്നിവരുടെ ശ്രമഫലമായി കോൺസലറെ ശർമ്മയുടെ ദയനീയ സ്ഥിതിയെ കുറിച്ച് ബോധ്യപ്പെടുത്താൻ കഴിഞ്ഞു. അടിയന്തരമായ നടപടികൾ സ്വീകരിക്കുന്നതിന് അവർ സഹായം അഭ്യർഥിക്കുകയും ചെയ്തു. കാര്യങ്ങൾ നേരിൽ ബോധ്യപ്പെട്ട കോൺസൽ ശർമ്മക്ക് യാത്രക്കുള്ള താൽകാലിക രേഖയായ എമർജൻസി സർട്ടിഫിക്കറ്റ് (ഔട്ട് പാസ്സ്) നൽകാമെന്ന് ഉറപ്പ് നൽകി.
തൊട്ടടുത്ത ദിവസം തന്നെ ശാഫി കുദിർ, ഉമർ കോട്ടയിൽ എന്നീ സാമൂഹികപ്രവർത്തകർ റിയാദിലെ ഇന്ത്യൻ എംബസിയിൽ എത്തി ഔട്ട് പാസ് കൈപ്പറ്റി. പ്രസാദ് കരുനാഗപ്പള്ളി ശർമ്മയെ നാടുകടത്തൽ കേന്ദ്രത്തിൽ (തർഹീൽ) എത്തിച്ച് ഫൈനൽ എക്സിറ്റും ശരിയാക്കി. ഹുഫൂഫിലെ സംസം ക്ലിനിക്കിൽ പ്രവേശിപ്പിച്ച് കാലിലെ മുറിവ് ഡ്രസ്സ് ചെയ്യിച്ച് ആവശ്യമായി ചികിത്സകളും മരുന്നും നൽകി. കഴിഞ്ഞ ദിവസം രാവിലെ ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലക്നൗവിലേക്കുള്ള എയർഇന്ത്യ വിമാനത്തിൽ വീൽ ചെയറിന്‍റെ സഹായത്തോടെ യാത്രയാക്കി. നാട്ടിലെത്തിയ ഉടനെ ശർമ്മ ഒ.ഐ.സി.സി ഭാരവാഹികളെ വിളിച്ച് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.