പാഴ്സൽ സേവനങ്ങൾക്കായി കൈകോർത്ത് ലുലുവും സൗദി പോസ്റ്റും
text_fieldsറിയാദ്: ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായി തങ്ങളുടെ പ്രിയപ്പെട്ടവർക്കുള്ള പാഴ്സലുകൾ അയക്കാനും മറ്റ് തപാൽ ആവശ്യങ്ങൾ എളുപ്പത്തിൽ നടത്താനും ലുലു ഹൈപർമാർക്കറ്റ് ശൃംഖല സൗദി പോസ്റ്റുമായി കൈകോർത്ത് മികച്ച സംവിധാനം ഒരുക്കുന്നു. ഇതിനായി ലുലുവും സൗദി പോസ്റ്റും (എസ്.പി.എൽ) തമ്മിൽ കരാർ ഒപ്പുവെച്ചു. ലുലു ഹൈപർമാർക്കറ്റ് ഉപഭോക്താക്കൾക്ക് റമദാനിൽ ഹൈപർമാർക്കറ്റ് പരിസരത്ത് സൗദി തപാൽ സേവന സൗകര്യം ലഭിക്കും.
ഇതുവഴി ഉപഭോക്താക്കൾക്ക് പുണ്യമാസത്തിന്‍റെ സാരാംശം പ്രചരിപ്പിക്കുന്നതിനായി തങ്ങളാഗ്രഹിക്കുന്നവർക്ക് കരുതൽ പൊതികൾ (സമ്മാന പാഴ്സലുകൾ) മറ്റും അയക്കാൻ കഴിയും. സൗദി അറേബ്യയിലെ ലുലു ഹൈപർമാർക്കറ്റ് ഡയറക്ടർ ഷെഹിം മുഹമ്മദും എസ്.പി.എൽ സെയിൽസ് ആൻഡ് കൊമേഴ്സ്യൽ വൈസ് പ്രസിഡന്‍റ് എൻജി. റയാൻ അൽഷെരീഫും കരാറിൽ ഒപ്പുവച്ചു. ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സൗദി പോസ്റ്റും സ്വകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം വിപുലീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് കരാർ.
റിയാദ്, ജിദ്ദ, ദമ്മാം എന്നീ മൂന്ന് മേഖലകളിലെ ലുലു ഹൈപർമാർക്കറ്റുകളിലാണ് തുടക്കത്തിൽ ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. ഭാവിയിൽ വിവിധ സ്ഥാപനങ്ങളും ശൃംഖലകളും വഴി കൂടുതൽ മേഖലകളിലേക്ക് ഈ സേവനം വ്യാപിപ്പിക്കും. ഇത് ഇ-ഗവണ്മെന്‍റ് പ്രോഗ്രാമുകൾക്കും ഇ-കൊമേഴ്സിനും സൗകര്യമൊരുക്കും. ലുലു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ നിന്നുള്ള എക്സ്പ്രസ്, ഇന്‍റർനാഷനൽ, ഗ്രോസറി ഡെലിവറികളിലും സൗദി പോസ്റ്റിന്‍റെ സഹകരണമുണ്ടാകും.
സൗദി പോസ്റ്റ് ഉപഭോക്താക്കൾക്ക് അവരുടെ പാഴ്സലുകൾ ശേഖരിക്കുന്നതിനായി ലുലു ഹൈപർമാർക്കറ്റിന്‍റെ തിരഞ്ഞെടുത്ത ശാഖകളിൽ പാഴ്സൽ സ്റ്റേഷനുകൾ ഒരുക്കും. ഇരു കമ്പനികൾക്കും ഒരുമിച്ച് വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നതിനും ഭാവിയിലേക്ക് നിരവധി വഴികൾ തുറക്കുന്നതുമായ ഒരു മികച്ച സഹകരണമാണിതെന്ന് ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.