വിസ്മയമീ കാഴ്ച; സൗദിയുടെ ഏറ്റവും വലിയ ‘മാനവീയ പതാക’യൊരുക്കി ലുലു
text_fieldsദമ്മാം: സൗദി അറേബ്യയുടെ പ്രഥമ സൗദി പതാക ദിനാഘോഷത്തിൽ ലുലു ജീവനക്കാർ ഒരുക്കിയ ഏറ്റവും വലിയ ‘മാനവീയ പതാക’വിസ്മയക്കാഴ്ചയായി. ലുലു ഹൈപ്പർമാർക്കറ്റിലെ ആയിരത്തിലധികം സ്വദേശീ സ്ത്രീ, പുരുഷ ജീവനക്കാർ അണിചേർന്നാണ് 18 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും സൗദി അറേബ്യയുടെ ദേശീയ പതാക സൃഷ്ടിച്ചത്.മഞ്ഞുപൊതിഞ്ഞു നിന്ന പ്രഭാതത്തിൽ ദമ്മാം സിഹാത്തിലെ ഖലീജ് ഫുട്ബാൾ ക്ലബ്ബ് സ്റ്റേഡിയത്തിലായിരുന്നു മനുഷ്യർ അണിചേർന്ന് ഹരിത പതാകയായി മാറിയത്.
കൃത്യമായ ആസൂത്രണവും പരിശീലനവും കൊണ്ടാണ് സംഘാടകരായ ലുലു മാനേജ്മെൻറിന് ഈ വിസ്മയ പ്രദർശനം സാക്ഷാത്കരിക്കാനായത്. ഏകദേശം മൂന്ന് മണിക്കൂർ സമയം കൊണ്ട് ലുലു ജീവനക്കാർ പതാകയുടെ ആകൃതിയിലും നിറത്തിലും ഒന്നിച്ച് ചേർന്ന് ഈ ചരിത്രമുഹൂർത്തം പൂർത്തിയാക്കി. പ്രശസ്ത ഇന്ത്യൻ ചിത്രകാരനും മലയാളിയുമായ ഡാവിഞ്ചി സുരേഷ് ആണ് മാനവീയ പതാകയൊരുക്കാൻ കലാപരമായ നേതൃത്വം നൽകിയത്. സൗദിയുടെ മാറുന്ന ചരിത്രത്തിന്‍റെ ഭാഗം കൂടിയാണ് പതാക ദിനാഘോഷം.
1727-ൽ സ്ഥാപിതമായതു മുതൽ രാജ്യമൂല്യങ്ങളെ ഉൽക്കൊള്ളുന്ന പ്രതീകമായി ഉയർത്തിപ്പിടിച്ചതാണ് ഈ പതാക. ഹരിത പശ്ചാത്തലത്തിൽ വെള്ള നിറത്തിൽ രാജ്യത്തിന്റെ വിശ്വാസ ആദർശ വാക്യവും ചിഹ്നമായ വാളും ആലേഖനം ചെയ്തതാണ് ദേശീയ പതാക. പതാക ദിനത്തിൽ അത് ഉയർത്തിുന്നതിലുടെ ആദരവും അഭിമാനവും ഉണർത്തുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. സൗദികൾ തങ്ങളുടെ ദേശീയ പതാകയെ വിശ്വാസത്തിന്റെയും മാതൃരാജ്യത്തിന്റെയും പ്രതീകമായി കാണുന്നു. ജനങ്ങളുടെ ഐക്യം, സാഹോദര്യം, ഐക്യദാർഢ്യം, നന്മ, ഏകദൈവ വിശ്വാസം, സമാധാനം, ഇസ്ലാം എന്നിവയോടൊപ്പം സ്നേഹവും സാഹോദര്യവും ഉണർത്തുന്ന ഔദ്യോഗികവും ജനപ്രിയവുമായ അർത്ഥങ്ങൾ ഇതിന് ഉണ്ട്. ഇതിനോടൊപ്പം ചേർന്നു നിൽക്കുക എന്നത് തങ്ങളുടെ ബാധ്യതയണന്ന് ലുലുസൗദി ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഷെഹിം മുഹമ്മദ് പറഞ്ഞു.
സൗദി അറേബ്യയിലെ മുൻനിര റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് ഇതിനോടകം രാജ്യത്ത് 30-ൽ കൂടുതൽ സ്റ്റോറുകൾ തുറന്നുകഴിഞ്ഞെന്നും ഈ രാജ്യത്തിെൻറ പുരോഗതിയുടെ ഭാഗമാകുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് പ്രതിധ്വനിക്കുന്ന അസ്ഥിത്വ ഉണർവിെൻറയും ദേശീയോദ്ഗ്രഥനത്തിെൻറയും പുതിയ തരംഗത്തിൽ ഞങ്ങളും പങ്കുചേരുകയും ദേശസ്നേഹത്തിെൻറ ഈ കാഴ്ചകളെയും വൈകാരികതകളെയും വിലമതിക്കുകയും ചെയ്യുന്നു.
സൗദി ഉപഭോക്താക്കളുടെ എണ്ണത്തിൽ നല്ല വർദ്ധനയാണ് ഉണ്ടാകുന്നതെന്നും രാജ്യ പുരോഗതിയിലും വികസനത്തിലും എന്നും പ്രതിജ്ഞാബദ്ധരായ ഒരു പങ്കാളിയാണ് ലുലു ഗ്രൂപ്പെന്നും രാജ്യത്ത് ഒട്ടനവധി വലിയ വിപുലീകരണ പദ്ധതികൾ ഇനിയും നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി കിഴക്കൻ പ്രവിശയിലെ വിവിധ ലുലു സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ആയിരത്തിലധികം സ്വദേശികളാണ് മാനവിക പതാക സൃഷ്ടിക്കാൻ അണിനിരന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.